

വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വിലക്കേര്‍പ്പെടുത്തി ചലച്ചിത്ര സംഘടന. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്ഡബ്ല്യുസിഇ)യുടേതാണ് നടപടി. ഡോണ്‍ 3 എന്ന ചിത്രത്തില്‍നിന്ന് അവസാനനിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡോണ്‍ 3 നിര്‍മ്മാതാക്കളായ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും (എക്‌സല്‍ എന്റര്‍ടൈന്‍മെന്റ്) നല്‍കിയ പരാതിയിലാണ് നടപടി. രണ്ടു വര്‍ഷം മുന്‍പാണ് ഡോണ്‍ 3യില്‍ റണ്‍വീര്‍ ജോയിന്‍ ചെയ്തത്.
തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിലക്ക് പ്രഖ്യാപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രണ്‍വീര്‍ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് നിര്‍മാണക്കമ്പനിയുടെ ആരോപണം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി വന്‍ തുക ചെലവഴിച്ചിട്ടുണ്ടെന്നും രണ്‍വീറിന്റെ പിന്മാറ്റം മൂലം ഉണ്ടായ 45 കോടി രൂപയുടെ നഷ്ടപരിഹാരം അദ്ദേഹം നല്‍കണമെന്നുമാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. പ്രശ്നത്തില്‍ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിര്‍ദേശം നല്‍കി.

ഈ പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ 'പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ' മധ്യസ്ഥത വഹിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം ഷൂട്ടിങ്ങിന് തൊട്ടുമുമ്പ് സിനിമകളില്‍ നിന്ന് സൂപ്പര്‍സ്റ്റാറുകള്‍ പിന്മാറുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് എഫ്ഡബ്ല്യുസിഇ വ്യക്തമാക്കി.
'ധുരന്ധര്‍' ഒന്നും രണ്ടും ഭാഗങ്ങള്‍ വിജയിച്ചു നില്‍ക്കവെയാണ് രണ്‍വീറിന് വിലക്കുവരുന്നത്. തുടര്‍വിജയങ്ങളുടെ പശ്ചാത്തലത്തില്‍ താരമൂല്യം ഉയര്‍ന്നുനില്‍ക്കവെയുള്ള വിലക്ക് രണ്‍വീറിന് കനത്ത തിരിച്ചടിയാണ്.
Content Highlights: Actor Ranveer Singh has reportedly been banned by the Federation of Western India Cine Employees (FWICE) amid the escalating Don 3 dispute with
Farhan Akhtar