

ന്യൂഡൽഹി/ന്യൂയോർക്ക്/തെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാൻ സാധ്യതയുള്ള ഇറാനുമായുള്ള ഒരു പ്രഖ്യാപനം സാധ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 'അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് മാർക്കോ റൂബിയയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ കരാറിലെത്താൻ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാർക്കോ റൂബിയയുടെ പ്രതികരണം.
ഇതിനിടെ ഇറാനുമായി കരാറിൽ ഏർപ്പെടാൻ തിടുക്കം കൂട്ടരുതെന്ന് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിർദ്ദേശം നൽകിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 'സമയം നമ്മുടെ പക്ഷത്താണ് എന്നതിനാൽ ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ തിടുക്കം കൂട്ടരുതെന്ന് നിർദ്ദേശം നൽകി'യെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കരാറിൽ ഒപ്പിടുന്നത് വരെ ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം പ്രാബല്യത്തിൽ തുടരുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 'ഒരു കരാറിലെത്തുന്നതുവരെയും, സാക്ഷ്യപ്പെടുത്തുന്നതുവരെയും, ഒപ്പിടുന്നതുവരെയും പൂർണ്ണ ശക്തിയിലും പ്രാബല്യത്തിലും തുടരു'മെന്നാണ് ഹോർമുസിലെ അമേരിക്കൻ ഉപരോധത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ വളരെ വേഗം നടക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാനുമായുള്ള ഏത് കരാറും ആണവ ഭീഷണി ഒഴിവാക്കുന്ന തരത്തിലായിരിക്കുമെന്ന് ട്രംപ് സമ്മതച്ചിട്ടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ട്രംപിനെ വിളിച്ചിരുന്നുവെന്നും ഇറാനുമായുള്ള ഏത് ധാരണയും ആണവഭീഷണി ഇല്ലാതാക്കുന്നതായിരിക്കുമെന്ന് പരസ്പരം ധാരണയിലെത്തിയെന്നും നെതന്യാഹു വെളിപ്പെടുത്തി. ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സമ്പുഷ്ടീകരിച്ച യുറേനിയവും ഇല്ലാതാക്കുമെന്നാണ് ഇതിൻ്റെ അർത്ഥമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇറാൻ്റെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്ന ട്രംപിൻ്റെ നിലപാട് പോലെ തൻ്റെ നിലപാടിലും മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ നിന്നടക്കം എവിടെ നിന്നുമുള്ള ഭീഷണിയെയും ചെറുക്കാൻ ഇറാന് അവകാശമുണ്ടെന്നതിനെയും ട്രംപ് ആവർത്തിച്ച് ഉറപ്പിച്ചുവെന്ന് നെതന്യാഹു പറഞ്ഞു.
ഇതിനിടെ ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള റൂബിയോയുടെ പരാമർശങ്ങൾ നിരാകരിച്ച് ഇന്ത്യയിലെ ഇറാൻ എംബസിയും രംഗത്തെത്തി. ഇതിനിടെ ആണാവായുധം നിർമ്മാണത്തിൽ നിന്നും പിന്മാറാനുള്ള ഇറാൻ്റെ പ്രതിബദ്ധതയും യുറേനിയം ശേഖരം ഉപേക്ഷിക്കാൻ സമ്മതവും ഉൾക്കൊള്ളുന്നതാണ് കരാറെന്നാണ് ചർച്ചയുടെ ഭാഗമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നത് അമേരിക്ക അവസാനിപ്പിക്കുന്നതിനനുസരിച്ച് ഹോർമുസ് കടലിടുക്ക് ക്രമേണ തുറക്കുമെന്നും ധാരണയിലെത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകൊടുക്കുന്നതിലും ഉപരോധത്തിൽ ഇളവ് വരുത്തുന്നതിലും 60 ദിവസത്തെ സമയപരിധിക്കുള്ളിൽ ചർച്ച ചെയ്യുമെന്നും കരാറിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: Marco Rubio stated that the world may soon receive some positive news, while Donald Trump advised against rushing into any agreement. Latest updates on US foreign policy and international developments.