
ഫിഫ ഫുട്ബോൾ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ അർമേനിയയെ തകർത്ത് പോർച്ചുഗൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജാവോ ഫെലിക്സും പറങ്കിപ്പടയ്ക്കായി ഇരട്ട ഗോളുകൾ നേടി. ജോവോ കാൻസെലോയാണ് പോർച്ചുഗലിന്റെ മറ്റൊരു ഗോൾ വലയിലാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പോർച്ചുഗൽ ആധിപത്യമായിരുന്നു കളത്തിൽ കണ്ടത്. 10-ാം മിനിറ്റിൽ തന്നെ ജാവോ ഫെലിക്സ് പോർച്ചുഗലിനായി വലചലിപ്പിച്ചു. തൊട്ടുപിന്നാലെ 21-ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ഗോൾ പിറന്നു. 31-ാം മിനിറ്റിലായിരുന്നു മൂന്നാം ഗോൾ പിറന്നത്. ഇത്തവണ പറങ്കിപ്പടയ്ക്കായി ജോവോ കകാൻസെലോ വലകുലുക്കി. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലീഡ് ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ക്രിസ്റ്റ്യാനോയുടെ അത്ഭുതഗോൾ പിറന്നത്. ഡിബോക്സിന് പുറത്തുനിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ക്രിസ്റ്റ്യാനോ വലചലിപ്പിച്ചത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ 140 ഗോളുകളും കരിയറിൽ 942 ഗോളുകളും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി. 62-ാം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ പോർച്ചുഗൽ അഞ്ചാം ഗോളും വലയിലാക്കി. ഒടുവിൽ ലോങ് വിസിൽ മുഴങ്ങിയപ്പോൾ പോർച്ചുഗൽ വലിയ വിജയം തന്നെ ആഘോഷിച്ചു.
Content Highlights: Ronaldo, Felix score braces for five-star Portugal