കെസിഎ പ്രദർശന മത്സരത്തിൽ ക്വീൻസിനെ തോൽപ്പിച്ച് ഏഞ്ചൽസ്

ഏഞ്ചൽസിൻ്റെ ക്യാപ്റ്റൻ ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

കെസിഎ പ്രദർശന മത്സരത്തിൽ ക്വീൻസിനെ തോൽപ്പിച്ച് ഏഞ്ചൽസ്
dot image

അടുത്ത വർഷം മുതൽ കെസിഎ തുടങ്ങുന്ന വനിതാ ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന പ്രദർശന മൽസരത്തിൽ കെസിഎ ക്വീൻസിനെതിരെ കെസിഎ ഏഞ്ചൽസിന് 12 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത എഞ്ചൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്വീൻസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് മാത്രമാണ് നേടാനായത്. ഏഞ്ചൽസിൻ്റെ ക്യാപ്റ്റൻ ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഏഞ്ചൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഖിലയും അക്ഷയയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഏഞ്ചൽസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. അഖില 24 റൺസും അക്ഷയ 23 റൺസും നേടി. അവസാന ഓവറുകളിൽ ഇന്ത്യൻ അണ്ടർ 19 താരം കൂടിയായ വി ജെ ജോഷിതയുടെ പ്രകടനവും ശ്രദ്ധേയമായി. ജോഷിത 18 പന്തുകളിൽ നിന്ന് 22 റൺസെടുത്തു. ക്വീൻസിന് വേണ്ടി ഇന്ത്യൻ താരങ്ങളായ സജന സജീവനും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്വീൻസിന് തുടക്കത്തിൽ തന്നെ അൻസു സുനിലിൻ്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ സജന സജീവനും വൈഷ്ണയും ചേർന്ന കൂട്ടുകെട്ട് 41 റൺസ് കൂട്ടിച്ചേർത്തു. വൈഷ്ണ 22 റൺസും സജന 33 റൺസുമെടുത്തു. എന്നാൽ തുടർന്നെത്തിയവരിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്വീൻസിൻ്റെ മറുപടി 102ൽ അവസാനിച്ചു. ഏഞ്ചൽസിന് വേണ്ടി ക്യാപ്റ്റൻ ഷാനി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഉജ്ജ്വല പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത്. ഫീൽഡിങ്ങിൽ കൂടുതൽ മികവ് കാട്ടിയ ഏഞ്ചൽസിനെ തേടി വിജയമെത്തുകയും ചെയ്തു.

Content Highlights: KCA Angels defeat KCA Queens in exhibition game

dot image
To advertise here,contact us
dot image