
വെനസ്വലക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന മൂന്ന് ഗോളിന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കിയിരുന്നു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണ്യുമെന്റിലാണ് മത്സരം അരങ്ങേറിയത്. അർജന്റൈൻ മണ്ണിൽ ഇതിഹാസ താരം ലയണൽ മെസിയുടെ അവസാന മത്സരമായിരുന്നു. ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ രണ്ട് ഗോളുമായി കളം നിറയാൻ മിശിഹക്ക് സാധിച്ചു.
രണ്ട് ഗോൾ നേടിയെങ്കിലും അടുത്ത ലോകകപ്പിന് താൻ കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണെന്ന മട്ടിലാണ് മെസിയുടെ മറുപടി. പ്രായം വെച്ച് നോക്കിയാൽ കളിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല കാര്യമെന്നും എന്നാൽ താൻ കളിക്കാൻ മോട്ടിവേറ്റഡാണെന്നും മെസി പറഞ്ഞു.
'എന്റെ പ്രായം കാരണം ലോകകപ്പ് വരെ കളിക്കുമെന്ന് തോന്നുന്നില്ല. എന്നാലും നമ്മൾ ഏറെ അടുത്തെത്തിയ സ്ഥിതിക്ക് ഞാൻ വളരെ ആവേശത്തിലും കളിക്കാൻ മോട്ടിവേറ്റഡുമാണ്,' മെസി മത്സരത്തിന് ശേഷം പറഞ്ഞു.
39ാം മിനിറ്റിലാണ് മെസി തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത് ബോക്‌സിനുള്ളിൽ വെച്ച് ജൂലിയൻ ആൽവരസ് നൽകിയ പാസ് മെസി ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. വെനസ്വെലയെ ചിത്രത്തിൽ പോലും പെടുത്താതെ അർജന്റീനയായിരുന്നു പൂർണ ആധിപത്യം നേടിയത്. 76ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനസ് ലീഡ് രണ്ടാക്കിയപ്പോൾ, 80ാം മിനിറ്റിൽ മെസ്സിയാണ് മൂന്നാം ഗോൾ നേടിയത്.
തിയാഗോ അൽമാഡയുടെ പാസിലാണ് മെസിയുടെ രണ്ടാം ഗോൾ. പോസ്റ്റിനുള്ളിൽ പാസ് സ്വീകരിച്ച മെസി അനായാസം പന്ത് വലയിലെത്തിച്ചും. 89ാം മിനിറ്റിൽ മെസ്സി ഒരെണ്ണം കൂടി ലക്ഷ്യത്തിലെത്തിച്ചെങ്കിലും റെഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.
മത്സരത്തിൽ 17 ഷോട്ടുകൾ അർജന്റീന ഉതിർത്തപ്പോൾ ഒമ്പെതണ്ണമാണ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. ഇതിൽ മൂന്നെണ്ണം ഗോളായും മാറി. മത്സരത്തിൽ 77 ശതമാനം സമയവും പന്ത് നിലനിർത്താൻ സ്‌കലോണിപ്പടക്ക് സാധിച്ചു.
അതേസമയം ലോകകപ്പ് യോഗ്യത പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരത്തിൽ നിന്നും 12 ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 38 പോയിന്റാണ് മെസ്സിക്കും കൂട്ടർക്കുമുള്ളത്. 17 മത്സരത്തിൽ നിന്നും നാല് ജയവും ആറ് സമനിലയും ഏഴ് തോൽവിയുമായി വെനെസ്വല ഏഴാം സ്ഥാനത്താണ്.
Content Highlights- Lionel Messi says he is not Sure for World Cup 2026