
ശ്രീലങ്കയ്ക്കെതിരെ രണ്ടാം ട്വന്റി 20യിൽ വിജയിച്ചതോടെ ചരിത്ര നേട്ടം സ്വന്തമാക്കി സിംബാബ്‍വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ട്വന്റി 20യിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ തന്റെ തന്നെ റെക്കോർഡ് തിരുത്തിയിരിക്കുകയാണ് റാസ. ട്വന്റി 20 ക്രിക്കറ്റിൽ ഇത് 18-ാം തവണയാണ് റാസ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്നത്. ഇന്ത്യൻ താരം സൂര്യകുമാർ യാദവ് 16 പുരസ്കാരങ്ങളുമായി രണ്ടാമതുണ്ട്.
അതിനിടെ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച പുരസ്കാരങ്ങൾ നേടിയിട്ടുള്ളത് മലേഷ്യയുടെ വിരാൻദീപ് സിങ്ങാണ്. 22 തവണയാണ് വിരാൻദീപ് ടി20 ക്രിക്കറ്റിൽ മാൻ ഓഫ് ദ മാച്ചായിട്ടുള്ളത്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ അഞ്ച് വിക്കറ്റിനാണ് സിംബാബ്‍വെയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 17.4 ഓവറിൽ വെറും 80 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 14.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യത്തിലെത്തി. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ചു. ഇതോടെ നാളെ നടക്കുന്ന മൂന്നാം മത്സരം വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
മത്സരത്തിൽ ടോസ് നേടിയ സിംബാബ്‍വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ വൻ തകർച്ചയെയയാണ് ശ്രീലങ്ക നേരിട്ടത്. 20 റൺസെടുത്ത കാമിൽ മിശ്ര, 18 റൺസെടുത്ത ചരിത് അസലങ്ക, 15 റൺസെടുത്ത ദസൻ ശങ്ക എന്നിവർക്ക് മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.
സിംബാബ്‍വെ ബൗളിങ് നിരയിൽ ബ്രാഡ് ഇവാൻസും സിക്കന്ദർ റാസയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബ്ലെസിങ് മുസറാബാനി രണ്ട് വിക്കറ്റും വീഴ്ത്തി. ഷോൺ വില്യംസ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെയ്ക്കും തകർച്ച നേരിട്ടു. ബ്രയാൻ ബെന്നറ്റ് 19, തടിവാനശേ മരുമണി 17, ഷോൺ വില്യംസ് പൂജ്യം, ക്യാപ്റ്റൻ സിക്കന്ദർ റാസ രണ്ട്, ടോണി മുനിയോങ്ക മൂന്ന് എന്നിവരുടെ വിക്കറ്റുകൾ സിംബാബ്‍വെയ്ക്ക് നഷ്ടമായി. എങ്കിലും പുറത്താകാതെ 20 റൺസെടുത്ത റയാൻ ബർൾ, പുറത്താകാതെ 21 റൺസെടുത്ത തഷിംഗ മുസെകിവ എന്നിവരുടെ മികവിൽ സിംബാബ്‍വെ ലക്ഷ്യത്തിലെത്തി.
Content Highlights: Sikandar Raza creates history becomes most POTM awards