പരാതി നല്‍കാനെത്തിയവരുടെ മുഖത്തടിച്ചു; തൃശൂരിൽ വീണ്ടും കസ്റ്റഡി മർദനം, ദൃശ്യം പുറത്ത്

പ്രശ്‌നമുണ്ടാക്കിയ ആളുമായി പണം നല്‍കി ഒത്തുതീര്‍പ്പിലെത്താന്‍ എസ്‌ഐ നിർബന്ധിക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ ഉടമ

പരാതി നല്‍കാനെത്തിയവരുടെ മുഖത്തടിച്ചു; തൃശൂരിൽ വീണ്ടും കസ്റ്റഡി മർദനം, ദൃശ്യം പുറത്ത്
dot image

പീച്ചി: തൃശൂർ പീച്ചിയിൽ കസ്റ്റഡി മർദനം. ഹോട്ടൽ മാനേജരെയും ജീവനക്കാരനേയും സ്റ്റേഷന് അകത്തു വെച്ച് പൊലീസ് തല്ലുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. 2023 മേയ് 24നായിരുന്നു സംഭവം. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനമെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് റിപ്പോർട്ടറിനോട് പറഞ്ഞു.

ഹോട്ടലിലെ തർക്കത്തെ തുടർന്ന് പ്രശ്‌നമുണ്ടാക്കിയ ആൾ ഷർട്ടിൽ ഭക്ഷണം തേച്ച് വ്യാജ പരാതി നൽകുകയായിരുന്നു. ഈ സമയം പൊലീസിനെ വിളിച്ചെങ്കിലും വന്നില്ല. പിന്നാലെ പരാതി നൽകാൻ മാനേജരും ഡ്രൈവറും ചെന്നപ്പോൾ അവരെ ചുമരുചാരി നിർത്തി. എസ് ഐ ആദ്യം ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചു. ശേഷം ഇവരുടെ മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞു.

ഹോട്ടലിൽ പ്രശ്‌നമുണ്ടാക്കിയ ആളുമായി പണം നല്‍കി ഒത്തുതീര്‍പ്പിലെത്താന്‍ എസ്‌ഐ നിർബന്ധിക്കുകയായിരുന്നു. പണം നൽകി ഒത്തുതീർപ്പാക്കിയില്ലെങ്കിൽ മകനേയും മാനേജരേയും അടക്കം റിമാൻഡ് ചെയ്യുമെന്ന് എസ് ഐ പറഞ്ഞെന്നും ഔസേപ്പ് പറഞ്ഞു. പരാതിക്കാരൻ അഞ്ച് ലക്ഷം വേണമെന്നാണ് പറഞ്ഞത്. അതിൽ രണ്ട് ലക്ഷമാണ് തനിക്ക് കിട്ടുകയെന്നും മൂന്ന് ലക്ഷം പൊലീസുകാർക്കാണെന്നും പറഞ്ഞു. പരാതിക്കാരന് പണം നൽകിയെന്നും ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി പരാതിയില്ലെന്ന് പറയുകയായിരുന്നുവെന്നും ഔസേപ്പ് വ്യക്തമാക്കി.

ൃസംഭവത്തിന് ശേഷം എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എതിരായിട്ടും സംഭവം നടന്ന് ഒരു മാസത്തിനകം എസ് ഐക്ക് പ്രൊമോഷൻ ലഭിച്ചെന്നും ഔസേപ്പ് പറഞ്ഞു.


നിരവധി കാരണങ്ങൾ ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങൾ നൽകാതിരിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. ഒന്നര വർഷത്തെ നിയമ പോരാട്ടം നടത്തിയാണ് ഔസേപ്പ് പൊലീസ് സ്റ്റേഷന് അകത്തെ ദൃശ്യങ്ങൾ നേടിയത്. വിവരാവകാശ നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൊലീസ് സ്റ്റേഷന് അകത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത് ഇദ്ദേഹത്തിനാണ്. എസ് ഐയെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഔസേപ്പ്.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ മർദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മറ്റൊരു കസ്റ്റഡി മർദന ദൃശ്യം പുറത്തുവരുന്നത്. തൃശൂർ സിറ്റി പൊലീസിന് കീഴിലുള്ള രണ്ടാമത്തെ സ്റ്റേഷനിലെ പൊലീസ് മർദന ദൃശ്യമാണ് ഇതോടെ പുറത്തുവരുന്നത്.

Content Highlights: Police Custody beating in Peechi, Thrissur

dot image
To advertise here,contact us
dot image