
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വലക്കെതിരെ മിന്നും ജയവുമായി അർജന്റീന. എതിരില്ലാതെ മൂന്ന് ഗോളിനാണ് ലയണൽ മെസ്സിയും സംഘവും വിജയിച്ചത്. അർജന്റീനയുടെ മണ്ണിൽ അവസാന മത്സരത്തിനിറങ്ങിയ മെസ്സി രണ്ട് ഗോൾ സ്വന്തമാക്കി.
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണ്യുമെന്റിലാണ് മത്സരം അരങ്ങേറിയത്.
39ാം മിനിറ്റിലാണ് മെസ്സി തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത് ബോക്‌സിനുള്ളിൽ വെച്ച് ജൂലിയൻ ആൽവരസ് നൽകിയ പാസ് മെസ്സി ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. വെനസ്വെലയെ ചിത്രത്തിൽ പോലും പെടുത്താതെ മത്സരത്തിലുടനീളം അർജന്റീനയായിരുന്നു പൂർണ ആധിപത്യം നേടിയത്. 76ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനസ് ലീഡ് രണ്ടാക്കിയപ്പോൾ, 80ാം മിനിറ്റിൽ മെസ്സിയാണ് മൂന്നാം ഗോൾ അടിച്ചെടുത്തത്.
തിയാഗോ അൽമാഡയുടെ പാസിലാണ് മെസ്സിയുടെ രണ്ടാം ഗോൾ. പോസ്റ്റിനുള്ളിൽ പാസ് സ്വീകരിച്ച മെസ്സി അനായാസം പന്ത് വലയിലെത്തിച്ചും. 89ാം മിനിറ്റിൽ മെസ്സി ഒരെണ്ണം കൂടി ലക്ഷ്യത്തിലെത്തിച്ചെങ്കിലും റെഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.
മത്സരത്തിൽ 17 ഷോട്ടുകൾ അർജന്റീന ഉതിർത്തപ്പോൾ ഒമ്പെതണ്ണമാണ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. ഇതിൽ മൂന്നെണ്ണം ഗോളായും മാറി. മത്സരത്തിൽ 77 ശതമാനം സമയവും പന്ത് നിലനിർത്താൻ സ്‌കലോണിപ്പടക്ക് സാധിച്ചു.
അതേസമയം ലോകകപ്പ് യോഗ്യത പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരത്തിൽ നിന്നും 12 ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 38 പോയിന്റാണ് മെസ്സിക്കും കൂട്ടർക്കുമുള്ളത്. 17 മത്സരത്തിൽ നിന്നും നാല് ജയവും ആറ് സമനിലയും ഏഴ് തോൽവിയുമായി വെനെസ്വല ഏഴാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ചിലിക്കെതിരെ ബ്രസീൽ ഒരു ഗോളിന് ലീഡ് ചെയ്യുന്നുണ്ട്.
Content Highlights- argentina win against venezeula as Lionel messi scored two goals