
നാരായണപിള്ള സാർ ഒരു കണക്കധ്യാപകനായിരുന്നു. പൊതുവേ പല കുട്ടികൾക്കും ഒരു പേടിസ്വപ്നമായിരുന്നു കണക്ക് എന്ന വിഷയം . എന്നാൽ അത് സരളമായി പറഞ്ഞു കൊടുക്കാൻ അദ്ദേഹം വിദഗ്ധൻ ആയിരുന്നു. എന്നാൽ ഒരു കുട്ടി മാത്രം എത്ര പറഞ്ഞു കൊടുത്തിട്ടും കണക്കിന് മികവ് പുലർത്താൻ ആയില്ല എന്നത് സാറിനെ ഖിന്ന നാക്കി. അതുകൊണ്ടുതന്നെ പ്രത്യേകം ട്യൂഷൻ കൊടുക്കാൻ തീരുമാനിച്ചു നടപ്പാക്കിയെങ്കിലും അതും തഥൈവാ. തികച്ചും നിരാശനായ അദ്ദേഹം കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു കുട്ടി അദ്ദേഹം എന്റെ അടുക്കലേക്ക് അയച്ചു. സ്പെസിഫിക് ലേർണിംഗ് ഡിസോഡർ എന്ന ചെറിയ കുഴപ്പം മാത്രമേ അവന് ഉണ്ടായിരുന്നുള്ളൂ. ആ കുട്ടിയെ കണക്ക് തല്ലി പഠിപ്പിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി അദ്ദേഹം, കലയിൽ സ്വതസിദ്ധമായ കഴിവുള്ള അവനെ ആ തരത്തിൽ ചാലു വെട്ടി മുന്നോട്ടുപോകുവാൻ വേണ്ട മാർഗനിർദേശങ്ങളും പിന്തുണയും നൽകി. തുടക്കത്തിൽ അവൻറെ രക്ഷിതാക്കൾക്ക് എതിർപ്പായിരുന്നുവെങ്കിലും അവരെ പ്രായോഗികമായ വശങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിന് ആ അധ്യാപകന് കഴിഞ്ഞു. കലാപരമായ കഴിവ് പുലർത്തിയ അവൻ ഇന്ന് വിദേശത്ത് കലാ അധ്യാപകനായി മുന്തിയ ശമ്പളത്തോടുകൂടിയുള്ള ജോലി ചെയ്യുന്നു. ഇതിന് പ്രധാന പങ്കു വഹിച്ചത് നാരായണപിള്ള സാറിൻറെ ഒറ്റ പരിശ്രമം മാത്രമാണ്.
സുജാത ടീച്ചർ കുട്ടികളുടെ ശൗചാലയത്തിന്റെ അടുത്തുകൂടെ കടന്നു പോകുമ്പോഴാണ് നാലഞ്ച് ആൺകുട്ടികൾ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. എന്തോ പന്തികേട് മണത്ത അവർ അതിനുള്ളിൽ കയറി പരിശോധിച്ചു . അപ്പോഴാണ് ആ കുട്ടികൾ എന്തോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുന്നത് ടീച്ചർ ശ്രദ്ധിച്ചത്. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാനാണ് എന്ന് മനസ്സിൽ ഉറപ്പിച്ച ടീച്ചർ നാലു പേരെയും ടീച്ചേഴ്സ് റൂമിൽ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തു എങ്കിലും ഒന്നും കണ്ടെത്താനായില്ല. പിറ്റേന്ന് മാതാപിതാക്കളെ വിളിച്ചു കൊണ്ടുവരണമെന്ന് കുട്ടികളോട് നിഷ്കർഷിച്ചു. തങ്ങളുടെ കുട്ടികൾ എന്തോ വലിയ തെറ്റ് ചെയ്തതായി തെറ്റിദ്ധരിച്ച മാതാപിതാക്കൾ അവരെ കണക്കിന് ശിക്ഷിച്ചു. ഇത് ഒരു കുട്ടിക്ക് കഠിനമായ വിഷാദത്തിന് കാരണമാകുകയും തദ്വാര പഠനത്തിൽ മുൻപന്തിയിൽ നിന്ന് കുട്ടി പുറകോട്ട് പോകുന്നതിനും ഇടയായി തീർന്നു. ഈ വേളയിലാണ് കുട്ടിയെ എൻറെ അടുക്കൽ കൊണ്ടുവരുന്നതും ചികിത്സയിലൂടെ അവനും ഇന്ന് ഉന്നത നിലയിൽ വിദ്യാഭ്യാസം പൂർത്തിയായി ജോലി ചെയ്ത് ജീവിക്കുന്നു . ആദ്യത്തെ സംഭവം കുട്ടിയെ ഉയർച്ചയുടെ പടവുകൾ വെട്ടിപ്പിടിക്കാൻ അധ്യാപകന്റെ ഇടപെടൽ സഹായിച്ചു എങ്കിൽ രണ്ടാമത്തെ സംഭവത്തിൽ അധ്യാപികയുടെ തെറ്റിദ്ധാരണ കാരണം ഒരു കുട്ടിയെ മാനസിക ആഘാതത്തിലേക്ക് തള്ളിയിട്ടു.
ഒരു അധ്യാപകനും മികച്ച അധ്യാപകനും തമ്മിൽ വളരെയേറെ വ്യത്യാസമുണ്ട്. അധ്യാപകരാണ് സത്യത്തിൽ നാടിൻറെ ഭാവിയെ നിർണയിക്കുന്നവർ എന്നു പറയാം. കാരണം ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ സിംഹഭാഗവും ചിലവഴിക്കുന്നത് അധ്യാപകർക്കൊപ്പം ആണ്. ഗുരുകുല സമ്പ്രദായത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് ചുവടുവച്ച് നാം ഇന്ന് കുട്ടികൾക്ക് നൽകാൻ ശ്രമിക്കുന്നത് പരിജ്ഞാനം മാത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യത്തെ നശിപ്പിക്കുവാൻ അണുവായുധമോ മറ്റു നശീകരണ ആയുധങ്ങളോ വേണ്ട. ആ രാജ്യത്തിൻറെ വിദ്യാഭ്യാസത്തിൻറെ നിലവാരത്തെ തകർത്താൽ മാത്രം മതിയെന്ന് നാം വായിച്ച അറിവുള്ളതാണ്. വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് കുറെ അറിവുകൾ പകർന്നു നൽകുക മാത്രമാണ് എന്ന ചിന്തയാണ് മിക്കവാറും ഉള്ളവർക്ക്. സത്യത്തിൽ അധ്യാപകർ വിദ്യാർഥികൾക്ക് മാതൃകയാകേണ്ടവരാണ്. ഇതൊരു തൊഴിൽ ആയി പരിഗണിക്കാതെ സേവനമായി ചെയ്യേണ്ട ഒന്നാണ്. കുട്ടികൾ മൂല്യങ്ങൾ പഠിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് മാതാപിതാക്കളോടൊപ്പം അധ്യാപകർ തന്നെയാണ് എന്നതും മറന്നുകൂടാ.ഓരോ കുട്ടികളിലും പ്രത്യേകം കഴിവുകളും വാസനകളും ആണ് ഒളിഞ്ഞു കിടക്കുന്നത്.ഇത് കണ്ടെത്തി അവരെ പരിപോഷിപ്പിക്കുകയും പോരായ്മകൾ തിരുത്തി പരിഹരിക്കുകയും ചെയ്യേണ്ട വരാണ് അധ്യാപകർ.
ഒരു നല്ല അധ്യാപകന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന് മൂല്യബോധം. സമൂഹത്തിൽ മൂല്യബോധം ഉണ്ടാകുന്നത് വിദ്യാർത്ഥികളിൽ അധ്യാപകർ ചെലുത്തുന്ന സ്വാധീനം കൊണ്ടാണെന്ന് പറയാതെ വയ്യ. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ. അതുകൊണ്ട് അധ്യാപകർ മൂല്യബോധം ഉള്ളവരായി കുട്ടികൾക്ക് മാതൃകയാക്കേണ്ടവർ തന്നെ.
രണ്ട് പരിജ്ഞാനം. നിരന്തരമായ പഠനത്തിലൂടെയും പരന്ന വായനയിലൂടെയും തങ്ങളുടെ തന്നെ വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നവരാകണം അധ്യാപകർ.കഴിഞ്ഞ വർഷത്തെ ടീച്ചിംഗ് നോട്സ് അതേപടി പകർത്തി കുട്ടികൾക്ക് വിളമ്പുന്നവരാകരുത് എന്ന് ചുരുക്കം.
മൂന്ന നല്ല സഹായി. പഠന നിലവാരം കുറഞ്ഞ കുട്ടികളെ കണ്ടെത്തി പ്രത്യേക പരിഗണന നൽകി അവരെ ഉയർത്തി കൊണ്ടുവരുന്നവരാകണം മികച്ച അധ്യാപകർ. പഠനത്തിൽ മികവ് ഉള്ളവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് മിക്ക ഇടത്തും കണ്ടുവരുന്നത്. അല്പം കുസൃതി കാണിക്കുന്നവരെയും പഠനത്തിൽ മികവ് കുറവുള്ള വരെയും തഴഞ്ഞു കളയുകയാണ് പതിവ്. ഓരോ കുട്ടികളും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ കാഴ്ചകളിൽ കൈത്താങ്ങായി നിൽക്കേണ്ടവരാണ് അധ്യാപകർ.
നാല് സമത്വം. വിദ്യാർഥികളെ എല്ലാവരെയും ഒരുപോലെ കാണുന്നവരാകണം അധ്യാപകർ. പക്ഷാഭേദം കുട്ടികളിൽ വലിയ ആഹ്ലാദം സൃഷ്ടിക്കുമെന്നും അവരുടെ ബാധിക വളർച്ചയെ മുരടിപ്പിക്കും എന്ന് മനസ്സിലാക്കുക.
അടുത്തത് ആശയവിനിമയം. നല്ല ആശയവിനിമയ സാമർത്ഥ്യം ഉള്ളവരാകണം നല്ല അധ്യാപകർ. തങ്ങളുടെ പരിജ്ഞാനത്തെ കുട്ടികൾക്ക് മനസ്സിലാകും വിധം പറഞ്ഞു കൊടുക്കാൻ ആവശ്യമായ നല്ല ആശയവിനിമയ സാമർത്ഥ്യം ഉണ്ടാവണം. വാച്ഛമായും വാച്ഛേതരമായുമുള്ള ഈ ആശയവിനിമയത്തിൽസമർത്ഥരായിരിക്കണം ഇവർ.
അടുത്തത് വാത്സല്യം. കുട്ടികളെ വാത്സല്യത്തോടെ സമീപിക്കുന്ന അദ്ധ്യാപകർക്ക് കുട്ടികളുടെ മനസ്സിൽ എന്നും ഉന്നതസ്ഥാനം ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല. സ്നേഹപൂർവ്വം കുട്ടികളെ തിരുത്താൻ ശ്രമിച്ചാൽ കുട്ടികൾ അനുസരിക്കുക തന്നെ ചെയ്യും. കുട്ടികളിൽ ബഹുമാനം ഉണർത്തുന്ന പ്രധാന ഘടകം ഈ വാത്സല്യം തന്നെയാണെന്ന് മറക്കരുത്.
പ്രശ്നപരിഹാരകൻ കുട്ടികളുടെ പ്രശ്നങ്ങൾ ഇടപെടാനും പരിഹരിക്കാനും ഉതകുന്ന ആളായിരിക്കണം ഒരു നല്ല അധ്യാപകൻ. പാഠ്യ വിഷയങ്ങൾക്ക് മാത്രമല്ല പാട്യേതര വിഷയങ്ങൾക്കും ഒരുത്തരം നൽകാൻ കഴിയുന്നവർ ആകണം അധ്യാപകർ. അധ്യാപകർക്ക് വേണ്ട മറ്റൊരു ഗുണമാണ് നേതൃപാടവം എന്നുള്ളത്. ക്ലാസ് മുറി എന്നത് ടീം പോലെ പ്രവർത്തിക്കേണ്ട ഒന്നാണെന്നും അതിന് നേതൃത്വം അധ്യാപകരുടേതും. ക്ലാസിൽ ഉത്തരം ഉണ്ടാകേണ്ടതിന് ഇതിൻറെ പ്രാധാന്യം വിവരണാതീതമാണ്. വിട്ടുവീഴ്ചയും പരസ്പരബഹുമാനവും പങ്കുവയ്ക്കലും പഠിപ്പിക്കുന്നത് ഈ ടീം സ്പിരിറ്റിൽ നിന്നാണ്.
മികച്ച അധ്യാപകർ മികച്ച സംഘാടകർ ആയിരിക്കും.സംഘടനാപാടവം കുട്ടികളെ ഒരുമിച്ച് നിർത്തുവാനും ഒരുമയോടെ കാര്യങ്ങൾ ചെയ്യുവാനും സഹായിക്കുന്നു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ തിരിച്ചറിഞ്ഞ് ഓരോരുത്തരുടെയും മികച്ചതിനെ പുറത്തെടുക്കുന്നതിൽ മികച്ച അധ്യാപകർ നിപുണരായിരിക്കും. ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ ഇത്തരം സവിശേഷതകളാണ് ഒരു അധ്യാപകന് ആവശ്യം.
Content Highlights: How to Be A Good Teacher