
'ഇത് ശ്വേതാ സഞ്ജീവ് ഭട്ടാണ്, സത്യസന്ധനായ ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ജയിലിലായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷമാകുന്നു, അതായത് 2555 ദിവസം. അധികാരത്തോട് സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ചതിനാണ് ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്', ഫാഷിസ്റ്റ് ഭരണത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്തുവെന്ന ഒറ്റക്കാരണത്താല്‍ ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന്റെ എക്സില്‍ സെപ്തംബര്‍ അഞ്ചിന് രാവിലെ അദ്ദേഹത്തിന്റെ പങ്കാളി ശ്വേതാ സഞ്ജീവ് ഭട്ട് പങ്കുവെച്ച കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ 2555 ദിവസമായി തന്റെ പങ്കാളിക്കായി കാത്തിരിക്കുകയാണവര്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ ഐപിഎസുകാരനാണ് സഞ്ജീവ് ഭട്ട്. പുതിയ ഇന്ത്യയില്‍ 2555 ദിവസമായി ഒരാള്‍ തടവറയില്‍ തുടരാന്‍ മറ്റെന്ത് കാരണം വേണമല്ലേ.
1990ലെയും 1996ലെയും കേസുകള്‍ കുത്തിപ്പൊക്കി രാജ്യത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ഏഴു വര്‍ഷമായി വിചാരണ തടവുകാരനായി ജയിലിലിടക്കുന്നതിന് ഒരു കാരണം മാത്രമേയുള്ളൂ, സഞ്ജീവ് ഭട്ടിനെ ഇവിടുത്തെ ഭരണകൂടം ഭയക്കുന്നു. നിര്‍ഭയം ശബ്ദമുയര്‍ത്തുന്നവരെയെല്ലാം ഫാഷിസ്റ്റ് ഭരണകൂടം ഭയക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കെട്ടിച്ചമച്ച കേസില്‍ സഞ്ജീവ് ഭട്ട് തടവില്‍ കഴിയുന്നതും അപ്പോഴും കൊലപാതകികളും ബലാത്സംഗ കേസുകളില്‍ അകപ്പെട്ടവരും ജയിലിനു പുറത്ത് സ്വൈര്യ വിഹാരം നടത്തുന്നതും.
ഏഴ് വര്‍ഷമായി കൊലപാതകികളും ആള്‍ക്കൂട്ട ആക്രമണം നടത്തിയവരും ബലാത്സംഗം ചെയ്തവരും പുറത്തിറങ്ങി സ്വതന്ത്രമായി നടക്കുകയാണെന്നും അപ്പോഴാണ് ഒരാള്‍ നിര്‍ഭയനായി ജയിലില്‍ കഴിയുന്നതെന്നും ശ്വേതാ ഭട്ട് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പായിരുന്നു ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ആ കൃത്യം നടത്തിയ, ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്ത ഹിന്ദുത്വ ഭീകരര്‍ ഇപ്പോള്‍ ജയിലിലുണ്ടോ എന്ന് അന്വേഷിച്ചാല്‍ മാത്രം മതി രാജ്യത്തെ ഫാഷിസ്റ്റ് കാലത്തിന്റെ ഭീകരത മനസിലാകാന്‍.
1990ലുണ്ടായ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിനെതിരെയുള്ള ആദ്യ പ്രതികാര നടപടി ഉണ്ടാകുന്നത്. എല്‍ കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ ജില്ലയിലുണ്ടായ കലാപത്തില്‍ 150 പേര്‍ അറസ്റ്റിലായിരുന്നു. സഞ്ജീവ് ഭട്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അവരിലൊരാളായ പ്രഭുദാസ് വൈഷ്ണാനി പുറത്തിറങ്ങിയ ശേഷം കിഡ്നിരോഗത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഈ സംഭവത്തെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കസ്റ്റഡി മരണമെന്ന നിലയിലെത്തിക്കുന്നതും സഞ്ജീവ് ഭട്ടിനെ കുരുക്കാനുള്ള ആയുധമായി ഉപയോഗിച്ച് തുടങ്ങുന്നതും.
1990ലെ കസ്റ്റഡി മരണ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സഞ്ജീവ് ഭട്ടിനെതിരെയുള്ള കുരുക്ക് മുറുക്കാനായി ഭരണകൂടം 1996ലെ മറ്റൊരു കേസ് കൂടി കുത്തിപ്പൊക്കുന്നു. 1996ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ധ് എസ്പി ആയിരിക്കെ മയക്കുമരുന്നുമായി ഒരു അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കി എന്നായിരുന്നു സഞ്ജീവ് ഭട്ടിനെതിരെയുള്ള രണ്ടാമത്തെ ആരോപണം. നോക്കൂ, ഈ കേസില്‍ നേരിട്ട് യാതൊരു ഇടപെടലും നടത്തിയിട്ടില്ലാത്ത സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ചുമത്തിയത്. 2018 ലാണ് ഈ കേസില്‍ സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത്. അതായത് 22 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അറസ്റ്റ്. 2014ലാണ് ഈ കേസില്‍ 20 വര്‍ഷം തടവും അഞ്ചു ലക്ഷം പിഴയും ചുമത്തിയുള്ള കോടതി വിധി വരുന്നത്.
കൂടാതെ ഇക്കഴിഞ്ഞ ഏപ്രിലില്‍ 1990ല്‍ ഗുജറാത്ത് എഡിജിപി ആയിരിക്കെ നടന്ന കസ്റ്റഡി മരണ കേസിലെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. ആദ്യ കേസിലെ ജീവപര്യന്തവും രണ്ടാമത്തെ കേസിലെ 20 വര്‍ഷം തടവും. ഇനി ഒരിക്കലും സഞ്ജീവ് ഭട്ട് പുറംലോകം കാണരുതെന്ന ഭരണകൂടത്തിന്റെ തീരുമാനമാണ് നടപ്പാകുന്നത്.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഹിന്ദുത്വ ഭീകരതയുടെയും ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള വര്‍ഗീയ കലാപങ്ങളുടെയും തുടക്കം ഗുജറാത്തില്‍ നിന്നായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുപറഞ്ഞുള്ള സത്യവാങ് മൂലം 2011 ഏപ്രില്‍ 14 ന് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 2009ല്‍ നിയമിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും സഞ്ജീവ് ഭട്ട് തനിക്ക് അറിയാവുന്ന സത്യങ്ങളത്രയും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ സംഘം സഞ്ജീവ് ഭട്ടിന്റെ തുറന്നുപറിച്ചിലിന് യാതൊരു വിലയും നല്‍കിയിരുന്നില്ല. സുപ്രീംകോടതിയും ഇത് തന്നെ ആവര്‍ത്തിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം 2011ല്‍ സഞ്ജീവ് ഭട്ട് സസ്പെന്‍ഡ് ചെയ്യപ്പെടുകയും 2015 ഓഗസ്റ്റ് 19ന് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയതു.
ശേഷം പഴയ കേസുകള്‍ കുത്തിപ്പൊക്കി ഭരണകൂടം ആ ഉദ്യോഗസ്ഥനെ ജയിലിലടച്ചു. ഇനി എന്ന് പുറത്തു വരുമെന്ന് പോലുമറിയാതെ സഞ്ജീവ് ഭട്ടെന്ന ആ മനുഷ്യന്‍ തടവറയില്‍ കഴിയുകയാണ്. തന്റെ പങ്കാളിക്ക് വേണ്ടി ഇക്കഴിഞ്ഞ 2555 ദിവസങ്ങളത്രയും ശ്വേതാ ഭട്ട് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. സഞ്ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിനായി കുടുംബം ഇനിയും പോരാടുമെന്നും രാജ്യത്തെ പൗരര്‍ ഈ പോരാട്ടത്തില്‍ കൂടെ ഉണ്ടാവണമെന്നും ശ്വേതാ ഭട്ട് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. 'തീയിലൂടെ എങ്ങനെ പതറാതെ നടക്കാമെന്ന് ഞങ്ങളെ പഠിപ്പിച്ചു തന്ന ആളാണ് ഞങ്ങളുടെ അച്ഛനെ'ന്ന് ഇക്കഴിഞ്ഞ പിതൃദിനത്തില്‍ സഞ്ജീവ് ഭട്ടിന്റെ മക്കളായ ആകാശി ഭട്ടും ശാന്തനു ഭട്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തടവറയിൽ സഞ്ജീവ് ഭട്ടും തടവറയ്ക്ക് പുറത്ത് അദ്ദേഹത്തിന്റെ കുടുംബവും ഒരേ പോലെ ഫാഷിസത്തിനെതിരെ പോരാടുകയാണ്.
ഇനി മറ്റൊരു കണക്ക് പരിശോധിക്കുകയാണെങ്കില്‍ 2555 ദിവസത്തോളമായി തടവറിയില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന്റേത് വെറും ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസിലാകും. ഇന്ത്യയിലെ ജയിലുകളില്‍ വിചാരണ കാത്ത് നാല് ലക്ഷത്തോളം പേര്‍ കഴിയുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ഓഫ് ബ്യൂറോയുടെ പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക് ഇന്ത്യ 2023ല്‍ പുറത്തു വിട്ട കണക്കില്‍ പറയുന്നുണ്ട്. 2025ലെ ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് പ്രകാരം 76 ശതമാനം പേരാണ് രാജ്യത്ത് വിചാരണ തടവുകാരായി തുടരുന്നത്. 2012ല്‍ ഇത് 66 ശതമാനമായിരുന്നു എന്ന് ഓര്‍ക്കണം. രാജ്യത്തെ വിചാരണ തടവുകാരില്‍ 42 ശതമാനവും ഉത്തര്‍പ്രദേശിലും ബിഹാറിലുമാണെന്നും കണക്കുകള്‍ പറയുന്നുണ്ട്. ബിഹാറിലെ 87 ശതമാനവും ഉത്തര്‍പ്രദേശിലെ 77 ശതമാനവും വിചാരണ തടവുകാരാണെന്നും കണക്കുകള്‍ പറയുന്നു.
2030 ആവുമ്പോഴേക്കും രാജ്യത്തെ വിചാരണ തടവുകാരുടെ എണ്ണം ആറ് ലക്ഷം കടക്കുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പും ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ടിലുണ്ട്. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2025 ജനുവരി വരെ 5,06,660 തടവുകാരാണ് രാജ്യത്തെ വിവിധ ജയിലുകളിലായുള്ളത്. ഇതില്‍ നാലു ലക്ഷത്തോളം പേരും വിചാരണ തടവുകാരാണ് എന്നറിയുമ്പോഴാണ് കണക്കുകളിലെ ഭീകരത മനസിലാവുന്നത്. സഞ്ജീവ് ഭട്ടിനെ പോലെ നിരവധി പേരാണ് വിചാരണ തടവുകാരായും വിചാരണ പോലും ഇല്ലാതെയും ജയിലില്‍ കഴിയുന്നത്. പത്തും പന്ത്രണ്ടും വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം തെളിവൊന്നുമില്ലെന്നും കുറ്റക്കാരല്ലെന്നും പറഞ്ഞ് വിട്ടയക്കുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. രാജ്യദ്രോഹ കുറ്റവും യുഎപിഎ തുടങ്ങിയ ഗൗരവ വകുപ്പുകളും ചുമത്തിയാണ് ഇവരിലേറെ പേരെയും ഇത്രയധികം കാലം അന്യായമായി ജയിലിലടക്കുന്നത്. തെറ്റ് ചെയ്തയാളുകള്‍ പുറത്ത് കറങ്ങി നടക്കുമ്പോഴാണ് ചെയ്യാത്ത കുറ്റത്തിന് ഭരണകൂടം രാജ്യത്തെ പൗരന്‍മാരെ നീണ്ടകാലം തടവിലാക്കുന്നത്. അതിലൊരാള്‍ മാത്രമാണ് ഇക്കഴിഞ്ഞ 2555 ദിവസമായി തടവില്‍ തുടരുന്ന സഞ്ജീവ് ഭട്ട്.
Content Highlights: Sanjiv Bhatt has been in jail for 2555 days