
ബ്യൂണസ് ഐറിസ്: എസ്റ്റാഡിയോ മാസ് മോനുമെന്റലിൽ വെനിസ്വെലക്കെതിരായ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ലയണൽ മെസിയുടെ മുഖത്തേക്ക് ക്യാമറകൾ തിരിഞ്ഞു. അർജന്റീനയുടെ ദേശീയ കുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങുകയാണ് അയാൾ.
ലിയോയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അയാൾക്കായി മാത്രം ആരവം മുഴക്കുന്ന ഗാലറി. അയാള്‍ക്കായി മാത്രം ഗാലറിയില്‍ ഉയര്‍ന്ന ബാനറുകള്‍. ഒടുവിൽ സ്വപ്‌നത്തിലെന്ന പോലെ ആ ഗോൾ.
കളിയാരംഭിച്ച് 39ാം മിനിറ്റിലാണ് ലിയോയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നത്. പെനാൽട്ടി ബോക്‌സിൽ ജൂലിയൻ അൽവാരസിന്റെ കാലിൽ നിന്ന് പന്ത് സ്വീകരിച്ച് ഗോളിയടക്കം നാല് എതിർ താരങ്ങളെ കാഴ്ചക്കാരാക്കി മിശിഹാ വലകുലുക്കി. 80ാ മിനിറ്റില്‍ വീണ്ടും ലിയോയുടെ ബൂട്ട് ശബ്ദിച്ചു. ഇക്കുറി തിയാഗോ അല്‍മാഡയാണ് ഗോളിന് വഴിതുറന്നത്. 76ാം മിനിറ്റില്‍ ലൗത്താരോ മാര്‍ട്ടിനസും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തിരുന്നു. ഒടുവില്‍ മൈതാനത്ത് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ അര്‍ജന്‍റീനയുടെ വിജയഭേരി.
ലോകകപ്പ് യോഗ്യത നേരത്തേ ഉറപ്പാക്കിയ നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് 17 മത്സരങ്ങളില്‍ നിന്ന് 38 പോയിന്‍റുണ്ട്. 12 മത്സരങ്ങളില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.