
40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40 വയസില്‍ മനുഷ്യശരീരം ചില സ്വാഭാവിക മാറ്റങ്ങള്‍ക്ക് വിധേയമാകും. 20 കളിലും 30 കളിലും പിന്തുടര്‍ന്നുവന്ന ചില ശീലങ്ങള്‍ 40കളില്‍ എത്തുമ്പോള്‍ ശരീരത്തിന് അനുയോജ്യമല്ലാതാകും. അതുകൊണ്ടുതന്നെ ചില ശീലങ്ങളൊക്കെ ഉപേക്ഷിക്കേണ്ടതാണ്. മികച്ച ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി 40 വയസില്‍ നിര്‍ത്തേണ്ട ശീലങ്ങള്‍ ഏതൊക്കെയാണെന്നറിയാം..
ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍പോലും അവഗണിക്കുന്ന ശീലം നിര്‍ത്തുക
മിക്ക ആളുകള്‍ക്കും അസുഖം വന്നാല്‍ പറയുന്ന ഒരു കാര്യമാണ് ' ഓ ഇതോക്കെ ചെറിയ കാര്യമല്ലേ അങ്ങ് മാറിക്കോളും' എന്ന് അല്ലേ?. എന്നാല്‍ ആ പറച്ചിലൊക്കെ നിര്‍ത്തേണ്ട കാലമായി കേട്ടോ? ചെറിയ ആരോഗ്യ കാര്യങ്ങള്‍ പോലും അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
40 വയസ്സുമുതല്‍ എല്ലാ വര്‍ഷവും ശാരീരിക പരിശോധനകള്‍ നടത്തുന്നത് ശീലമാക്കണം. രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നതിന് മുന്‍പ് ശാരീരിക പരിശോധനകള്‍ നടത്തുന്നതിലൂടെ ഡോക്ടര്‍മാര്‍ക്ക് മുന്‍കൂട്ടി രോഗങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം, കാന്‍സര്‍ പരിശോധനകള്‍ ഇവ നടത്തുന്നത് രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ സഹായിക്കുന്നു. രോഗം വഷളാകുന്നതിന് മുന്‍പ് പ്രാഥമിക ചികിത്സകള്‍ നല്‍കുന്നത് രോഗം വഷളാകാതെ അവ പരിഹരിക്കാന്‍ സഹായിക്കും.
ഉദാസീനമായ ജീവിതശൈലികള്‍ നിര്‍ത്തുക
ജോലിഭാരവും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും വര്‍ധിക്കുന്നതനുസരിച്ച് പലരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറേയില്ല. ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നത് 40 വയസ്സുകടക്കുമ്പോള്‍ ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, സന്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രായമായിവരുമ്പോള്‍ ശരീരത്തിന്റെ ഉപാപചയനിരക്ക് കുറയും. പേശികളുടെ ആരോഗ്യവും ഊര്‍ജ്ജനിലയും കുറഞ്ഞുവരുന്നു. ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിന് വേണ്ടി ദൈനംദിന ശാരീരിക വ്യായാമങ്ങള്‍ ശീലമാക്കുക. നടത്തം, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ദൈനംദിന ശീലമാക്കണം.ഇവയൊക്കെ പേശികള്‍ക്ക് ബലം നല്‍കാനും അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
അനാരോരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ നിര്‍ത്തുക
40 വയസ്സ് കഴിയുമ്പോള്‍ ഭക്ഷണശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കൊളസ്‌ട്രോളിന്റെ വര്‍ധനവിനും കാരണമാകും. അമിതമായ പഞ്ചസാരയും ഉപ്പും കൊഴുപ്പും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഉപേക്ഷിക്കണം.
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തണം. ഈ ഭക്ഷണങ്ങളില്‍ ഊര്‍ജ്ജത്തെയും രോഗപ്രതിരോധത്തെയും സഹായിക്കുന്ന അവശ്യ വിറ്റാമിനുകള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അങ്ങിയിരിക്കുന്നു. ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍, പഞ്ചസാര പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. പ്രായത്തിനനുസരിച്ച് കൂടുതല്‍ സാധാരണമാകുന്ന ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ സാധ്യതകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഇവ സഹായിക്കുന്നു.
മാനസികാരോഗ്യം ശ്രദ്ധിക്കാതെ സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്ന ശീലം ഉപേക്ഷിക്കാം
കുടുംബ ഉത്തരവാദിത്തങ്ങളും ജോലി ഭാരവും കൊണ്ട് സ്വന്തം മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാത്തവരാണ് പലരും . 40 വയസിന് ശേഷമുള്ള ജീവിതത്തില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയെല്ലാം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ദോഷം ചെയ്യും. കാലക്രമേണ ഇവയെല്ലാം ഹൃദ്രോഗം, രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍, ഉറക്ക തകരാറുകള്‍ എന്നിവ ഉണ്ടാകുന്നു. ഈ പ്രായത്തില്‍, സമ്മര്‍ദ്ദവും മാനസിക പ്രയാസങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ ഇവയെല്ലാം ഇതിന് സഹായകമാകും. കൗണ്‍സിലിംഗിലൂടെ പ്രൊഫഷണല്‍ സഹായം നേടാനും വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാനും മടിക്കേണ്ടതില്ല. മാനസികാരോഗ്യ പരിചരണം നിങ്ങളെ ജീവിതത്തെക്കുറിച്ച് ഒരു പോസിറ്റീവ് വീക്ഷണം വളര്‍ത്തിയെടുക്കാന്‍ പ്രാപ്തരാക്കുന്നു.
ഉറക്കത്തെ അവഗണിക്കുന്നത് നിര്‍ത്തുക
തിരക്കേറിയ ജീവിതത്തിനിടയില്‍ ആളുകള്‍ ആദ്യം ഉപേക്ഷിക്കുന്നത് ഉറക്കമാണ്. എന്നാല്‍ 40 വയസ്സിനു ശേഷമുള്ള ഉറക്കക്കുറവ് ഗണ്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശരിയായ ഉറക്കത്തിന്റെ അഭാവം ഹൃദ്രോഗം, ശരീരഭാരം, പ്രമേഹം, ഓര്‍മ്മക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തപ്പോള്‍ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളും വിശപ്പ് നിയന്ത്രണ ഉപാധികളും തകരാറിലാകുന്നു. 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ സമയം കണ്ടെത്തണം. മികച്ച ഉറക്കം ആഗ്രഹിക്കുന്ന ആളുകള്‍ ഒരു നിശ്ചിത ഉറക്ക ഷെഡ്യൂള്‍ പിന്തുടരാനും ഉറങ്ങുന്നതിന് മുമ്പ് കഫീന്‍, അമിത ഭക്ഷണം എന്നിവ ഒഴിവാക്കുകയും വേണം. ഉറങ്ങുന്നതിന് മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം, കാരണം നീല വെളിച്ചം ഉറക്ക ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്)
Content Highlights :There are some habits that health-conscious people should stop before the age of 40.