ഇന്ന് ജയിച്ചാല്‍ ഫൈനല്‍, തോറ്റാല്‍ കാത്തിരിപ്പ്; ആരാകും ഒന്നാമന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം ഇന്ന് രാത്രി 7.30ന് ധരംശാലയില്‍

ഇന്ന് ജയിച്ചാല്‍ ഫൈനല്‍, തോറ്റാല്‍ കാത്തിരിപ്പ്; ആരാകും ഒന്നാമന്‍
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വെടിക്കെട്ട് പോരാട്ടങ്ങള്‍ക്കൊടുവില്‍ അത് അന്ത്യത്തിലേക്ക് കടക്കുന്നു. ഇനി പ്ലേ ഓഫ് യുദ്ധങ്ങള്‍.. ശേഷം ഫൈനല്‍. ഇനി പോരാട്ടത്തിന് മൂര്‍ച്ചയേറും. ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കപ്പുറം കിരീടമാണ് കാത്തിരിക്കുന്നത്. സ്വപ്‌നതുല്യ നേട്ടത്തിന് കാത്തിരിപ്പാണ് ഓരോ ടീമും. ഇന്ന് പ്ലേ ഓഫിലെ ആദ്യ യുദ്ധത്തിന് അരങ്ങൊരുങ്ങും. നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മത്സരം രാത്രി 7.30ന്.

രജത് പാട്ടിദാര്‍ നയിക്കുന്ന ബെംഗളൂരു കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. എന്നാല്‍ മികച്ച സംഘമാണ് തങ്ങളുടേത് എന്നതിനാല്‍ ഗുജറാത്തിനും ആത്മവിശ്വാസമേറെയാണ്. ഇന്ന് ജയിച്ചാല്‍ മെയ് 31-ന് നടക്കുന്ന ഫൈനലിലേക്ക് കടക്കാമെന്നതിനാല്‍, ജയം മാത്രമാകും ലക്ഷ്യം. 14 കളിയില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയുമായി 18 പോയിന്റോടെ ഒന്നാമതാണ് ബെംഗളൂരു. നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തിലാണ് ഒന്നാമതെത്തിയത്. ഗുജറാത്ത് 14 കളിയില്‍ ഒമ്പതു ജയവും അഞ്ചുതോല്‍വിയുമായി 18 പോയിന്റോടെ രണ്ടാമതാണ്.

വിരാട് കോഹ്ലിയുടെ ബാറ്റിങ് പ്രകടനം തന്നെയാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. വെങ്കിടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും രജത് പാട്ടിദാറും ക്രുണാല്‍ പാണ്ഡ്യയും ടിം ഡേവിഡുമെല്ലാം പ്രതീക്ഷയേകുന്ന താരങ്ങളാണ്. എവിടെയെങ്കിലും പിഴച്ചാല്‍ അത് തിരുത്തി മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ പറ്റാവുന്ന സംഘമാണ് ബെംഗളൂരുവിന്റെ കരുത്ത്. ബൗളിങ് യൂണിറ്റില്‍ ഭുവനേശ്വര്‍ കുമാര്‍ പ്രതീക്ഷയാണ്. ജോഷ് ഹേസല്‍വൂഡും റാസിഖ് സലാം ദറുമെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്താല്‍ അത് ടീമിന് ജയം സമ്മാനിക്കുമെന്നുറപ്പ്.

സായ് സുദര്‍ശന്റെ വെടിക്കെട്ട് പ്രകടനമാണ് ഗുജറാത്ത് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഓപ്പണിങ് കൂട്ടുകെട്ടിന് സായിക്കൊപ്പം ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാല്‍ അവിടെ വിസ്മയം പിറക്കും. ജോസ് ബട്‌ലറും വാഷിങ്ടണ്‍ സുന്ദറുമുള്‍പ്പടെയുള്ളവര്‍ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയാല്‍ എല്ലാം ശുഭകരമാകും. കഗീസോ റബാദ, മുഹമ്മദ് സിറാജ്, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിങ്ങനെ ശക്തമായ ബൗളിങ് സംഘവും ഗുജറാത്തിനുണ്ട്. ബാറ്റിങ് പിച്ചായ ധരംശാലയില്‍ ആരൊക്കെ തകര്‍ത്താടുമെന്ന് കാത്തിരുന്ന് കാണാം. ധരംശാലയില്‍ പേസര്‍മാര്‍ക്ക് അല്‍പം ആനുകൂല്യം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

content highlights: If they win today, it's the final; if they lose, they wait: Who will finish first

dot image
To advertise here,contact us
dot image