

തിരുവനന്തപുരം: പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. ഇരുകൂട്ടരും പരസ്പരം കല്ലും കരിക്കും വലിച്ചെറിഞ്ഞു. പൊലീസ് ലാത്തി വീശിയെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയാറായില്ല. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും സംഘർഷം കടുത്തത്തോടെ കണ്ണീർവാതക പ്രയോഗവും നടത്തി. കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എസ്എഫ്‌ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.
എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥികളെ പൊലീസ് ഏകപക്ഷീയമായി ആക്രമിക്കുകയാണുണ്ടായതെന്ന് എ എ റഹീം എംപി പറഞ്ഞു. 'പൊലീസ് വല്ലാത്ത വി ഡി സതീശന്‍ ഭക്തിയില്‍ ഞങ്ങളുടെ പിള്ളാരെ ആക്രമിക്കാന്‍ വന്നു. എന്താ പൊലീസ് കരുതിയെ? ഇവിടെ ഈ സംഘര്‍ഷമുണ്ടാക്കിയത് കെഎസ്‌യുവും പൊലീസുമാണ്. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാര്‍ജ് നടത്തി. എസ്എഫ്‌ഐ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം കല്ലേറ് കിട്ടി. ലാത്തിച്ചാര്‍ജേറ്റാല്‍ പോകുമെന്നാണോ?. ഒരിക്കലുമില്ല, പരിക്കേറ്റ കുട്ടികള്‍ പോലും ഇവിടെ ഇരിപ്പുണ്ട്. ഇത് പൊലീസ് ക്ഷണിച്ച് വരുത്തിയതാണ്. പൊലീസ് നീതിപൂര്‍വ്വമായി പെരുമാറണം. അല്ലെങ്കില്‍ ഒരിഞ്ചുപൊലും പിറകോട്ട് പോകില്ല', റഹീം പറഞ്ഞു.
മാന്യമായി പ്രകടനം നടത്തിപ്പോകാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെയാണ് കെഎസ്‌യു ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. കെഎസ്‌യുക്കാരുടെ അച്ചാരം വാങ്ങി പൊലീസ് അണിനിരക്കുകയാണെന്നും ശിവപ്രസാദ് ആരോപിച്ചു.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഇങ്ങനെയൊന്നുമുണ്ടായിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞു. പൊലീസ് ഏകപക്ഷീയ നിലപാടെടുത്താൽ ഈ മര്യാദയും മാന്യതയും അവസാനിപ്പിക്കുമെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു. കേരള സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് എസ്എഫ്‌ഐ നേടിയത്. കെഎസ്‌യു നാല് സീറ്റുകള്‍ നേടി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
Content Highlights: Violent Confrontation Between SFI and KSU Workers Reported in Palayam