

ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ഓസ്‌ട്രേലിയ ടീം ഇലവനെ പ്രഖ്യാപിച്ചപ്പോൾ പിറന്നത് അപൂർവ ചരിത്രം. ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നർ പോലുമില്ലാതെയാണ് ഓസീസ് ഇലവനെ പ്രഖ്യാപിച്ചിരുന്നത്. ഒരു കാലത്ത് ഓസീസ് മണ്ണിലെ സ്പിൻ പറുദീസ എന്ന് കണക്കാക്കപ്പെട്ടിരുന്ന മൈതാനമായിരുന്നു സിഡ്‌നിയിലേത്.
കഴിഞ്ഞ മത്സരത്തിൽ ടീമിലുണ്ടായിരുന്ന ടോഡ് മർഫിയെ ഒഴിവാക്കി ഓൾറൗണ്ടർ ബ്യൂ വെബ്‌സ്റ്ററിനെയാണ് ഓസീസ് ഉൾപ്പെടുത്തിയത്. ബ്രിസ്‌ബേനിൽ നടന്ന പിങ്ക് ബോൾ രണ്ടാം ടെസ്റ്റിൽ പരിചയസമ്പന്നനായ നഥാൻ ലിയോണിനെ ആതിഥേയർ ഒഴിവാക്കിയിരുന്നു, എന്നാൽ ലിയോണിന് പകരക്കാരനായി കൊണ്ടുവന്ന മർഫിയെ ഇപ്പോൾ സിഡ്‌നിയിൽ ഒഴിവാക്കി.
സിഡ്‌നിയിൽ തുടർച്ചയായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടും അവരുടെ മുൻനിര സ്പിന്നർ ഷോയിബ് ബഷീറില്ലാതെ ഇറങ്ങി. പരമ്പരയിലെ ആദ്യ നാല് ടെസ്റ്റുകളിൽ സ്പിന്നർമാർ വെറും ഒമ്പത് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്.
അതേ സമയം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള സിഡ്നി ടെസ്റ്റിന്റെ ആദ്യദിനം മഴയും മങ്ങിയ വെളിച്ചവും മൂലം തടസപ്പെട്ടു. അഞ്ചാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോൾ 45 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 72 റൺസുമായി ജോ റൂട്ടും 78 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ.
ഓപ്പണർമാരായ സാക് ക്രോളി, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലീഷ് പടയ്ക്ക് നഷ്ടമായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി പേസർ മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസർ, സ്കോട്ട് ബോലൻഡ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ‍്യ വിക്കറ്റിൽ 35 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ടീമിന് കഴിഞ്ഞു. എന്നാൽ ബെൻ ഡക്കറ്റ് അലക്സ് ക‍്യാരിക്ക് ക‍്യാച്ച് നൽകി മടങ്ങി.
തുടർന്ന് 16 റൺസ് കൂടി സ്കോർബോർഡിൽ ചേർത്തപ്പോൾ രണ്ടാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സാക് ക്രോളിയാണ് പുറത്തായത്. പിന്നാലെയത്തിയ ജേക്കബ് ബെഥേലും അതിവേഗം പുറത്തായതോടെ ടീം പ്രതിരോധത്തിലായങ്കെിലും നാലാം വിക്കറ്റിൽ റൂട്ട് - ബ്രൂക്ക് സഖ‍്യം 150 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. നിലവിൽ 3 -1 എന്ന നിലയിൽ പരമ്പരയിൽ മുന്നിൽ ഓസീസാണ്.
Content highlights:First Time In 138 Years! Australia Playing A Test Match Without a specialist spinner