

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് നടുവിലും ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. ടി20 ക്രിക്കറ്റില്‍ അതിവേഗം 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന പേസറെന്ന റെക്കോര്‍ഡാണ് താരം സ്ഥാപിച്ചത്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സിയാല്‍ഹെറ്റ് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രംഗ്പുര്‍ റൈഡേഴ്‌സിനായി 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ടി20 ഫോര്‍മാറ്റില്‍ പുതിയ ചരിത്രം എഴുതിയത്. 315ാം മത്സരത്തിലാണ് 30കാരന്‍ ഇടംകൈയന്‍ പേസര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 315 മത്സരങ്ങളില്‍ നിന്നു 402 വിക്കറ്റുകള്‍ താരം വീഴ്ത്തി. ആറ് തവണ 4 വിക്കറ്റ് നേട്ടവും നാല് തവണ 5 വിക്കറ്റ് നേട്ടവുമുണ്ട്.
കഴിഞ്ഞ ദിവസമാണ് ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെ കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കിയത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്.
താരത്തെ ടീമില്‍നിന്നു റിലീസ് ചെയ്തതായാണ് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താര ലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്.
2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരോടു മത്സരിച്ചാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഇത്തവണ ഐപിഎല്ലില്‍ എത്തിയ ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറായിരുന്നു. എന്നാല്‍ താരത്തിന്റെ വരവ് ഇത്തരത്തില്‍ അവസാനിക്കുകയും ചെയ്തു.
താരത്തിനെ പുറത്താക്കിയതിന് പിന്നാലെ ടി 20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.
Content highlights: ; ipl snub row mustafizur rahman record in t20 cricket