

തൃശൂർ: ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂർ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായം. വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജി വെച്ചു. രാജിക്കത്ത് ഉടൻ കെപിസിസി നേതൃത്വത്തിന് കൈമാറും. എന്നാൽ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല.
പൂർണ മനസോടെയായായിരുന്നു തീരുമാനം എന്നും കെപിസിസി നേതൃത്വം പറയുന്നത് അനുസരിക്കും എന്നുമാണ് രാജിവെച്ച ശേഷം നൂർജഹാൻ നവാസ് പ്രതികരിച്ചത്. സ്ഥാനാർഥിയായത് മുതൽ പല ബുദ്ധിമുട്ടുകളും താൻ അനുഭവിച്ചു. ഡിസിസിയുടേതെന്ന് പറഞ്ഞ് പല ആളുകളും നാട്ടിലെത്തി ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. താൻ എന്നും യുഡിഎഫിനൊപ്പം നിൽക്കുമെന്നും നൂർജഹാൻ നവാസ് കൂട്ടിച്ചേർത്തു.
അതേസമയം, മറ്റത്തൂരിൽ സ്ഥാനാർത്ഥികൾക്ക് സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍ രംഗത്തുവന്നു. മറ്റത്തൂരിൽ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടത് കൊടകര റഷീദ് എന്ന ഗുണ്ടാ നേതാവാണെന്നും, ഇതനുസരിച്ച് മൂന്നുപേർക്ക് ഡിസിസി നേരിട്ട് ചിഹ്നം അനുവദിച്ചുവെന്നുമാണ് ചന്ദ്രൻ ആരോപിച്ചത്.
കെപിസിസി ഇടപെട്ടാണ് മറ്റത്തൂരിൽ സമവായം ഉണ്ടാക്കിയത്. മറ്റത്തൂർ വിഷയം അവസാനിച്ചുവെന്നും തെറ്റുതിരുത്തുന്നത് നല്ല കാര്യമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ പാടില്ല. തെറ്റുപറ്റിയെന്ന് ഏറ്റുപറയണം. തെറ്റുതിരുത്തിവരുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും. അതാണ് പാര്‍ട്ടി ലൈനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Content Highlights: A settlement has been reached in Mattathur following ongoing issues in the local administration. As part of the compromise, the vice president has resigned from the post, while the president will continue in office