

കാലാവസ്ഥ വ്യതിയാനം, ആഗോള താപനിലയിലയിലെ വർദ്ധനവ്, എന്നീ കാരണങ്ങളാൽ ഭൂമി വളരെയധികം ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പഠനങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. സൂര്യന്റെ പരിണാമവും ഭൂമിയുടെ അന്തരീക്ഷവും താപനിലയും പ്രതീക്ഷിച്ചതിലും വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയുമാണ്. ഇപ്പോഴിതാ ഭൂമിയുടെ ഘടനയെ കുറിച്ചുള്ള പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. പഠനം പറയുന്നതനുസരിച്ച് ഇരുപത് വർഷം കൊണ്ട് ഭൂമി 31.5 ഇഞ്ച് ചരിഞ്ഞു. വൻതോതിലുള്ള ഭൂഗർഭജല പമ്പിങ് ആണ് ഈ ചെരിവിന് കാരണമെന്നു പറയുകയാണ് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ശാസ്ത്ര ജേർണൽ. 2023 ൽ പുറത്തു വിട്ട പഠനത്തിന്റെ പരിഷ്കരിച്ച പതിപ്പ് വീണ്ടും പുറത്തു വിട്ടിരിക്കുകയാണ് ഗവേഷകർ. അതിലെ പുതിയ കണക്കുകള്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്.

പോപ്പുലർ മെക്കാനിക്സിന്റെ റിപ്പോർട്ട് പ്രകാരം, ഈ പ്രക്രിയ ഏകദേശം .24 ഇഞ്ച് സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഭൂമിയുടെ ഭ്രമണ ധ്രുവങ്ങൾ മാറുന്നുവെന്ന് ഗവേഷകർക്ക് വളരെ കാലം മുൻപ് തന്നെ കണ്ടുപിടിച്ചിരുന്നതാണ്. എന്നാൽ പുതിയ ഗവേഷണം ആ ചലനം മനുഷ്യന്റെ പ്രവർത്തനവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആണ് റിപ്പോർട്ട് ചെയ്യുന്നത്. സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസിസ്റ്റും പഠനത്തിന്റെ മുഖ്യ രചയിതാവുമായ കി-വീൺ സിയോ ഈ കണ്ടെത്തലിനെ ലളിതമായി വിശദീകരിച്ചു. “ഭൂമിയുടെ ഭ്രമണധ്രുവം യഥാർത്ഥത്തിൽ വളരെയധികം മാറുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ ആണ് അതിനു വഴി വെച്ചത്. ഭൂഗർഭജലത്തിന്റെ പുനർവിതരണമാണ് ഭ്രമണധ്രുവത്തിന്റെ ഒഴുക്കിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് പഠനം കാണിക്കുന്നു' എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് വെള്ളം ഒഴുകി നീങ്ങുന്നതിനെയാണ് ഭൂഗർഭജലത്തിന്റെ പുനർവിതരണം എന്ന് പറയുന്നത്. ഇത് സ്വാഭാവികമായി സംഭവിക്കാം അല്ലെങ്കിൽ അമിതമായ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമാകാം സംഭവിക്കുന്നത്. എങ്ങനെയാണ് ഭൂമിയുടെ ഭ്രമണത്തെ ഇത് ബാധിക്കുന്നത് ? ഭൂമി കറങ്ങുന്ന ധ്രുവം അല്ലെങ്കിൽ പോൾ സ്ഥിരമായ ഒന്നല്ല. ഗ്രഹത്തിന്റെ പിണ്ഡത്തിലെ മാറ്റത്തിനനുസരിച്ച് ഭ്രമണവും മാറുന്നു. അമിത പ്രവാഹമായി വെള്ളം കുത്തിയൊഴുകുമ്പോൾ അത് ഭൂമിയുടെ ചലനത്തെ ബാധിക്കുന്നു. അതാകാം ഇവിടെയും സംഭവിച്ചത് എന്നാണ് ഗവേഷകരുടെ നിഗമനം. 2016 ൽ നാസ ഇതേ കാര്യം എടുത്തു പറഞ്ഞിരുന്നതാണ്. പല ആവശ്യങ്ങൾക്കായി മനുഷ്യൻ നടത്തുന്ന ജലത്തിന്റെ വിതരണം ഗ്രഹത്തിന്റെ ഭ്രമണത്തെ ബാധിച്ചിട്ടുണ്ടെന്നും ഭൂമിക്ക് അതുമൂലം ചെരിവ് വന്നിട്ടുണ്ടെന്നും ആയിരുന്നു നാസയുടെയും കണ്ടെത്തൽ. പുതിയ പഠനത്തിൽ ഭൂമിയുടെ ആ ചെരിവ് എത്രത്തോളമാണെന്ന് വെളിപ്പെട്ടു.

1993 മുതൽ 2010 വരെയുള്ള ഡാറ്റയാണ് പഠനം പരിശോധിച്ചത്. ആ കാലയളവിൽ, മനുഷ്യർ ഏകദേശം 2,150 ഗിഗാടൺ ഭൂഗർഭജലം പമ്പ് ചെയ്തിട്ടുണ്ട്. ആ വെള്ളത്തിന്റെ ഭൂരിഭാഗവും ഒടുവിൽ സമുദ്രത്തിലേക്ക് വന്ന്, ഗ്രഹത്തിന് ചുറ്റും ഒഴുകിയെത്തി എന്നാണ് റിപ്പോർട്ട്. വടക്കേ അമേരിക്കയും വടക്കുപടിഞ്ഞാറൻ ഇന്ത്യയും ആണ് ഭൂമിയുടെ ആ മാറ്റത്തിനു കാരണമായ പ്രധാന ഇടങ്ങൾ എന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തിന്റെ അമിതമായ വലിച്ചെടുക്കല്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വലിയ തോതിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പറയുകയാണ് ഗവേഷകർ.
Content Highlights : Earth tilted 31.5 inches in less than 20 years.