പ്രാർത്ഥനകൾ വെറുതെയായില്ല; ഓസീസ് താരം ഡാമിയൻ മാർട്ടിൻ കോമയിൽ നിന്ന് ഉണർന്നു

ഡാമിയൻ മാർട്ടിന് ഇപ്പോൾ സംസാരിക്കാനും ചികിത്സയോട് പ്രതികരിക്കാനും കഴിയുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് സ്ഥിരീകരിച്ചു.

പ്രാർത്ഥനകൾ വെറുതെയായില്ല; ഓസീസ് താരം ഡാമിയൻ മാർട്ടിൻ കോമയിൽ നിന്ന് ഉണർന്നു
dot image

മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും ടെസ്റ്റ് ഇതിഹാസവുമായ ഡാമിയൻ മാർട്ടിൻ കോമയിൽ നിന്ന് ഉണർന്നു. ഞായറാഴ്ച സിഡ്‌നി മോർണിംഗ് ഹെറാൾഡ് ആണ് ഈ സന്തോഷ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഗുരുതരമായ മെനിഞ്ചൈറ്റിസ് രോഗബാധയെ തുടർന്ന് ഡിസംബർ 27നാണ് ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 54കാരനായ മാർട്ടിനെ പ്രവേശിപ്പിച്ചത്. തുടർന്ന് കോമ സ്റ്റേജിലേക്ക് പോയി. ഡാമിയൻ മാർട്ടിന് ഇപ്പോൾ സംസാരിക്കാനും ചികിത്സയോട് പ്രതികരിക്കാനും കഴിയുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് സ്ഥിരീകരിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് മാർട്ടിൻ. 1999ലും 2003 ലും ഏകദിന ലോകകപ്പ് വിജയിച്ച ഓസീസ് ടീമിലും മാർട്ടിൻ അംഗമായിരുന്നു. 2003 ലെ ഫൈനലിൽ മുറിവേറ്റ വിരലുമായി ബാറ്റുചെയ്ത് ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചറി. അന്ന് പുറത്താകാതെ 88 റൺസ് അടിച്ചെടുത്ത മാർട്ടിൻ റിക്കി പോണ്ടിങ്ങുമായി 234 റൺ‌സ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഓസീസിനെ ലോകകിരീടത്തിലേക്ക് നയിച്ചത്. 2006 ൽ ചാംപ്യൻസ് ട്രോഫി വിജയിച്ച ടീമിലും അംഗമായിരുന്നു.

1992–93 വർഷം വെസ്റ്റിൻഡീസിനെതിരെ തന്റെ 21–ാം വയസ്സിലായിരുന്നു മാർട്ടിൻ ടെസ്റ്റിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 23–ാം വയസ്സിൽ വെസ്റ്റേൺ ഓസ്ട്രേലിയ ടീമിന്റെ ക്യാപ്റ്റനായി. ടെസ്റ്റിൽ 13 സെഞ്ച്വറികൾ നേരിയ താരത്തിന്റെ ഉയർന്ന സ്കോർ 2005ൽ ന്യൂസീലൻഡിനെതിരെ സ്വന്തമാക്കിയ 165 റണ്‍സാണ്. 2006–07ൽ അഡ്‍ലെയ്ഡിൽ നടന്ന ആഷസ് ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.

Content Highlights: Australia‘s Former batter Damien Martyn wake up from coma

dot image
To advertise here,contact us
dot image