സൗദി അറേബ്യയേക്കാളും എണ്ണ ശേഖരം; അമേരിക്കന്‍ കഴുകന്‍ കണ്ണുകള്‍ വെനസ്വേലയെ ലക്ഷ്യം വെക്കുന്നതിന് പിന്നില്‍

അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്‍റെ പ്രധാന ഉറവിടം എന്നതാണ് അധിനിവേശത്തിന്‍റെ ട്രംപ് ചമയ്ക്കുന്ന ന്യായീകരണമെങ്കിലും സത്യം അത് അല്ലെന്ന് ലോകത്തിന് ഒന്നടങ്കം അറിയാം

സൗദി അറേബ്യയേക്കാളും എണ്ണ ശേഖരം; അമേരിക്കന്‍ കഴുകന്‍ കണ്ണുകള്‍ വെനസ്വേലയെ ലക്ഷ്യം വെക്കുന്നതിന് പിന്നില്‍
dot image

ഭൂമിക്ക് അടിയിലെ കറുത്ത പൊന്ന്, അഥവാ ക്രൂഡ് ഓയില്‍ ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ അധിനിവേശം ലോകത്ത് ഒരിക്കല്‍ കൂടെ അശാന്തിവിതയ്ക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയ അമേരിക്കന്‍ സൈന്യം പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും പിടികൂടി നാടുകടത്തിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തെക്കുറിച്ച് തന്‍റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ലോകത്തെ അറിയിച്ചത്.

മഡുറോയേ വീഴ്ത്താനുള്ള ഒരുക്കങ്ങള്‍ ഏറെനാളുകളായി അമേരിക്ക തയ്യാറാക്കി വരികയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അട്ടിമറി ശ്രമങ്ങളുടെ പ്രധാന ചുമതലക്കാർ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ആയിരുന്നു. വെനസ്വേലയ്ക്കെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കിയ അമേരിക്ക കരീബിയന്‍ കടലില്‍ സർവ്വസജ്ജമായ നാവികസേനയെയേയും വിന്യസിച്ചു. പിടിച്ച് നില്‍ക്കാനുള്ള അവാസന പിടിവള്ളിയും നഷ്ടമായെന്ന് മനസ്സിലാക്കിയ മഡുറോ അമേരിക്കയുമായി ഒരു ഒത്തുതീർപ്പിന് വരെ തയ്യാറായിരുന്നു. വെനസ്വേലന്‍ എണ്ണ വിപണി അമേരിക്കന്‍ കമ്പനികള്‍ക്ക് തുറന്ന് കൊടുക്കുന്നത് അടക്കമുള്ള വിട്ടുവീഴ്ചകള്‍ക്ക് വരെ മഡുറോ തയ്യാറായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ അപ്പോഴേക്കും ട്രംപ് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.

ട്രംപ് പറയുന്ന കാരണം

അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്‍റെ പ്രധാന ഉറവിടം എന്നതാണ് അധിനിവേശത്തിന്‍റെ ട്രംപ് ചമയ്ക്കുന്ന ന്യായീകരണമെങ്കിലും സത്യം അത് അല്ലെന്ന് ലോകത്തിന് ഒന്നടങ്കം അറിയാം. അധിനിവേശത്തിന്‍റെ ഏറ്റവും ആദ്യത്തെ കാരണമായി ക്രൂഡ് ഓയില്‍ മാറുന്നു. അമേരിക്കന്‍ അധിനിവേശക്കൈകളുടെ പിടിയില്‍ നിന്നും കുതറിമാറാന്‍ ക്യൂബ ശ്രമിച്ചുകൊണ്ടിരുന്ന കാലത്ത് നല്‍കിയ പിന്തുണ അടക്കമുള്ള രാഷ്ട്രീയ കാരണങ്ങള്‍ വേറേയും നമുക്ക് കാണാന്‍ കഴിയും.

യഥാർത്ഥ കാരണം ക്രൂഡ് ഓയില്‍

ലോകത്ത് ഏറ്റവും അധികമുള്ള എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. അതായത് വെനസ്വേല സൗദി അറേബ്യയേക്കാളും അമേരിക്കയേക്കാളും ഇറാഖിനേക്കാളുമൊക്കെ എണ്ണ ശേഖരമുള്ള രാജ്യമാണ്. 2023 ല്‍ പുറത്ത് വന്ന ഒരു കണക്ക് പ്രകാരം 303 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ റിസര്‍വ് വെനസ്വേലയില്‍ ഉണ്ട്. സൗദി അറേബ്യയില്‍‌ 267 ബില്യണ്‍ ബാരലും ഇറാനില്‍ 208 ബില്യണ്‍ ബാരലും കാനഡയില്‍ 163 ബില്യണ്‍ ബാരലും ക്രൂഡ് ഓയില്‍ ശേഖരവുമാണുള്ളത്. എണ്ണയാല്‍ സമ്പന്നമാണെങ്കിലും ഭാരിച്ച ഖനനച്ചെലവ് സ്വന്തമായി താങ്ങാന്‍ കഴിയുന്നില്ല എന്നതിനാല്‍ ഉത്പാദക രാജ്യങ്ങളുടെ പട്ടിക എടുക്കുമ്പോള്‍ വെനസ്വേല ഏറെ പിന്നില്‍ പോകുന്നു.

1900-കളുടെ തുടക്കത്തിലാണ് വെനസ്വേലയില്‍ ക്രൂഡ് ഓയിലിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. വെനസ്വേലിയന്‍ കമ്പനികള്‍ക്ക് വേണ്ടത്ര സാങ്കേതിക വൈധഗ്ദ്യവും മൂലധനവും ഇല്ലാത്ത സാഹചര്യം മുതലെടുത്ത അമേരിക്കന്‍ കമ്പനികള്‍ രാജ്യത്തെ ക്രൂഡ് ഓയില്‍ ഖനന മേഖല അടക്കിവാണു. 1970 വരെ വെനസ്വേലിയയില്‍ അധികാരത്തില്‍ എത്തിയ സേച്ഛാധിപതികള്‍ക്ക് അമേരിക്ക എല്ലാവിധ പിന്തുണയും നല്‍കി പോന്നു. എന്നാല്‍ ആ ബദ്ധത്തില്‍ വിള്ളലുകള്‍ വീഴുന്നത് 1976 ല്‍ കാലോസ് ആന്ദ്രേസ് പെരസ് അധികാരത്തിലെത്തിയതോടെയാണ്. രാജ്യത്തെ എണ്ണസമ്പത്ത് ഊറ്റിക്കൊണ്ടുപോകുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ക്രൂഡ് ഓയില്‍ ഖനന മേഖല ദേശസാത്കരിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

ഹ്യൂഗോ ഷാവേസ് വരുന്നു

1998 ല്‍ ഹ്യൂഗോ ഷാവേസ് അധികാരത്തില്‍ എത്തിയതോടെ രാഷ്ട്രീയവും എരിതീയില്‍ എണ്ണ പകർന്നു. ക്യൂബക്ക് സർവ്വ പിന്തുണയും പ്രഖ്യാപിച്ച ഷാവേസ് അമേരിക്കന്‍ വിരുദ്ധ ചേരികളിലേക്ക് അതായത് ഇറാന്‍, റഷ്യ അച്ചുതണ്ടിലേക്ക് വെനസ്വേലയേയും കൂടി അടുപ്പിച്ചു. സൈനിക ബന്ധം വിച്ഛദിക്കുന്നത് അടക്കമുള്ള കനത്ത നടപടികള്‍ സ്വീകരിക്കുമ്പോഴും 2010 വരെ വെനസ്വേലയില്‍ നിന്നും ഖനനം ചെയ്യുന്ന ക്രൂഡ് ഓയിലിന്‍റെ ബഹുഭൂരിപക്ഷവും എത്തിയിരുന്നത് അമേരിക്കയിലേക്കായിരുന്നു.

മഡുറോ അധികാരത്തില്‍

ഹ്യൂഗോ ഷാവേസിന്‍റെ വിയോഗത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്‍റ് പദത്തിലേക്ക് എത്തിയ മഡുറോയും കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടുകളായിരുന്നു തുടക്കം മുതല്‍ സ്വീകരിച്ച് വന്നത്. ഇതോടെയാണ് അമേരിക്ക ഉപരോധങ്ങളുമായി വെനസ്വേലയെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയത്. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. 2018 മുതലാണ് അമേരിക്ക മഡുറോയെ നിയമാനുസൃത പ്രസിഡന്റായി അവസാനിക്കുന്നത് നിർത്തിയത്. ഒരു പടികൂടി കടന്ന് അമേരിക്കന്‍ അനുയായിയും പ്രതിപക്ഷ നേതാവുമായ ജുവാന്‍ ഗെയ്ഡോയെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി അമേരിക്ക ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. നയതന്ത്ര ബന്ധം വിച്ഛേദിച്ചും നയതന്ത്രജ്ഞരെ പുറത്താക്കിയുമായിരുന്നു മഡുറോ തിരിച്ചടിച്ചത്.

അധിനിവേശവിജയം

പിന്നീട് ഇടക്കാലത്തേക്ക് ഇളവുകള്‍ അനുവദിച്ചെങ്കിലും വീണ്ടും ഉപരോധം പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഏറ്റവും ഒടുവില്‍ 2024 ല്‍ വെനസ്വേലയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അമേരിക്കയുടെ പ്രതീക്ഷ മഡുറോ അധികാരത്തില്‍ നിന്നും പുറത്താകും എന്നായിരുന്നു. പക്ഷെ സംഘർഷഭരിതമായ ആ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാർത്ഥി എഡ്മണ്ടോ ഗോണ്‍സാലസിനെ പരാജയപ്പെടുത്തി മഡുറോ തന്നെ വീണ്ടും അധികാരത്തിലെത്തി. പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലെത്തിയ ട്രംപ് മഡുറോയെ ഒരിക്കല്‍ പോലും വെനസ്വേലയന്‍ ഭരണാധികാരിയായി അംഗീകരിച്ചില്ല. പകരം മഡുറോയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്ന തികച്ചും ഏകാധിപത്യവും സേച്ഛാധിപത്യപരവുമായ ലക്ഷ്യം പ്രഖ്യാപിച്ച ട്രംപ് ഒടുവില്‍ അത് പൂർത്തീകരിച്ചിരിക്കുന്നു.

dot image
To advertise here,contact us
dot image