
മലയാളി താരം സഞ്ജു സാംസണിനെ കൈവിട്ടുകളയുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് രാജസ്ഥാൻ റോയൽസിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. പുതിയ സീസണിനു മുന്നോടിയായി സഞ്ജുവിനെ റിലീസ് ചെയ്യാൻ പദ്ധതിയുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാകും നല്ലതെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.
മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോ എന്ന ചർച്ചകൾ സജീവമായിരിക്കെയാണ് ശ്രാകാന്തിന്റെ പ്രസ്താവന. താരം രാജസ്ഥാനുമായുള്ള കരാര്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും വരും സീസണില്‍ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറാൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
‘രാഹുൽ ദ്രാവിഡും സഞ്ജു സാംസണും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകളിൽനിന്ന് മനസിലാകുന്നത്. അതേക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയില്ല. വലിയൊരു തുക നൽകിയാണ് അവർ സഞ്ജുവിനെ നിലനിർത്തിയത്. സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ആ ടീം. പെട്ടെന്ന് ഒരു ദിവസം സഞ്ജുവിനെ റിലീസ് ചെയ്താൽ ടീമിന് എന്തു സംഭവിക്കും? ബാലൻസ് മുഴുവൻ പോകില്ലേ?’, ശ്രീകാന്ത് ചോദിച്ചു.
എം എസ് ധോണിയുടെ പിൻഗാമിയാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി സഞ്ജുവാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. 'ധോണി ഒരുപക്ഷേ ഈ സീസണിൽക്കൂടി കളിച്ചേക്കും. അതിനുശേഷം തലമുറമാറ്റത്തിന് അരങ്ങൊരുങ്ങുമ്പോൾ സഞ്ജു തന്നെയാണ് ഏറ്റവും അനുയോജ്യൻ. റിതുരാജ് ഗെയ്‌ക്‌വാദിനെ ക്യാപ്റ്റനാക്കാൻ ചെന്നൈ ഇതിനകം തീരുമാനിച്ചു കഴിഞ്ഞെങ്കിൽ, അതിൽത്തന്നെ ഉറച്ചുനിൽക്കുന്നതാകം ഉചിതം’ ശ്രീകാന്ത് കൂട്ടിച്ചേർത്തു.
Content Highlights: former indian player shreekanth on sanju samson withdrawal from rajasthan royals