

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച മൂലധന നിക്ഷേപ സഹായ പദ്ധതി പ്രകാരമുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സ്വകാര്യ നിക്ഷേപത്തിലുണ്ടായ കുറവ് നികത്താനുമായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന മൂലധന നിക്ഷേപ സഹായ പദ്ധതി പ്രകാരം ഫെബ്രുവരി 10 വരെ 1.04 ലക്ഷം കോടി രൂപ അനുവദിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, പദ്ധതികള്‍ മാര്‍ച്ച് 31-നകം പൂര്‍ത്തിയാക്കി ഫണ്ട് വിനിയോഗം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പശ്ചാത്തല സൗകര്യ വികസനത്തിന് ആക്കം കൂട്ടാനായി സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ പലിശരഹിത വായ്പയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
പുതുക്കിയ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ ആകെ വിഹിതം 1.50 ലക്ഷം കോടി രൂപയില്‍ നിന്നും 1.44 ലക്ഷം കോടി രൂപയായി കേന്ദ്രം പരിഷ്‌കരിച്ചിട്ടുണ്ട്.

സ്വകാര്യ നിക്ഷേപത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ പൊതുനിക്ഷേപം സജീവമാക്കി സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുകയാണ് ലക്ഷ്യം.
Content Highlights: States urged to expedite capex proposals, use up funds before March 31