വിമാനയാത്രയ്ക്കിടെ ഫോൺ ഓഫ് ചെയ്യാനോ എയർപ്ലെയിൻ മോഡിലാക്കാനോ നിർദേശിക്കുന്നത് എന്തുകൊണ്ട്?

മൊബൈല്‍ സിഗ്‌നലുകള്‍ പൈലറ്റിന്റെ ആശയവിനിമയത്തെ ബാധിക്കുമോ? അറിയാം, ഇതിന് പിന്നിലെ സാങ്കേതിക കാരണം.

വിമാനയാത്രയ്ക്കിടെ ഫോൺ ഓഫ് ചെയ്യാനോ എയർപ്ലെയിൻ മോഡിലാക്കാനോ നിർദേശിക്കുന്നത് എന്തുകൊണ്ട്?
dot image

വിമാനത്തില്‍ കയറുമ്പോള്‍ കേള്‍ക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് മൊബൈല്‍ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കണമെന്നത്. ചില സാഹചര്യങ്ങളില്‍ ഫോണ്‍ പൂര്‍ണമായി ഓഫ് ചെയ്യാനും ജീവനക്കാര്‍ ആവശ്യപ്പെടാറുണ്ട്. വിമാനത്തില്‍ ഫോണ്‍ ഓണാക്കിയിരുന്നാല്‍ എന്താണ് സംഭവിക്കുക? ഒരു ഫോണ്‍ ഓണായിരിക്കുന്നതുകൊണ്ട് വിമാനം അപകടത്തില്‍പ്പെടുമോ?.അറിയാം.

ഇതിനു പിന്നില്‍ ചില സാങ്കേതിക കാരണങ്ങളുണ്ട്. മൊബൈല്‍ ഫോണിന്റെ റേഡിയോ സിഗ്‌നലുകള്‍ വിമാനത്തിലെ ആശയവിനിമയ സംവിധാനങ്ങളില്‍ തടസ്സം സൃഷ്ടിക്കാനുള്ള സാധ്യതയാണ് പ്രധാന ആശങ്കകളിലൊന്ന്. എന്നാല്‍ ഫോണ്‍ ഓണായിരുന്നാല്‍ വിമാനം തകരുമെന്നോ അപകടം ഉറപ്പാണെന്നോ കരുതേണ്ടതില്ല.

പൈലറ്റിന്റെ ആശയവിനിമയത്തെ ബാധിക്കുമോ?

മൊബൈല്‍ ഫോണ്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമീപത്തുള്ള മൊബൈല്‍ ടവറുകളുമായി ബന്ധപ്പെടാന്‍ റേഡിയോ സിഗ്‌നലുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. വിമാനം ഉയരത്തിലേക്ക് പോകുകയും അതിവേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാം. നെറ്റ്വര്‍ക്ക് കണ്ടെത്താനും ബന്ധം നിലനിര്‍ത്താനും ഫോണ്‍ ശ്രമിച്ചുകൊണ്ടിരിക്കും. ചില സാഹചര്യങ്ങളില്‍ ഈ റേഡിയോ സിഗ്‌നലുകള്‍ വിമാനത്തിലെ സെന്‍സിറ്റീവ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ആശയവിനിമയ സംവിധാനങ്ങളിലോ ഇടപെടലുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും (ATC) തമ്മിലുള്ള ആശയവിനിമയം വിമാനയാത്രയില്‍ വളരെ പ്രധാനമാണ്. വിമാനത്തിന്റെ സഞ്ചാരപാത, ഉയരം, കാലാവസ്ഥ, ലാന്‍ഡിങ് നിര്‍ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറുന്നത് ഈ സംവിധാനത്തിലൂടെയാണ്. അതിനാല്‍ ഇത്തരം ആശയവിനിമയത്തില്‍ അനാവശ്യമായ തടസ്സങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

പൈലറ്റിന്റെ ഹെഡ്ഫോണില്‍ ശബ്ദം കേള്‍ക്കുമോ?

മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ ചില സാഹചര്യങ്ങളില്‍ ഓഡിയോ ഉപകരണങ്ങളില്‍ ചെറിയ ശബ്ദതടസ്സങ്ങള്‍ സൃഷ്ടിക്കാം. മൊബൈല്‍ ഫോണിന് സമീപം സ്പീക്കര്‍ വെച്ചിരിക്കുമ്പോള്‍ മുരള്‍ച്ചയോ ടിക് ടിക് ശബ്ദമോ ഉണ്ടാകുമല്ലോ?. റേഡിയോ ഇടപെടലിന്റെ ഒരു ഉദാഹരണമായി ഇതിനെ കാണാം. ഒരേസമയം നിരവധി യാത്രക്കാരുടെ ഫോണുകള്‍ നെറ്റ്വര്‍ക്ക് തിരയുമ്പോള്‍ ഇത്തരം ഇടപെടലുകളുടെ സാധ്യതയെക്കുറിച്ച് ആശങ്കയുണ്ട്.

ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും കൂടുതല്‍ പ്രാധാന്യം

വിമാനം പറന്നുയരുന്നതും നിലത്തിറങ്ങുന്നതും കൂടുതല്‍ ശ്രദ്ധ ആവശ്യമായ ഘട്ടങ്ങളാണ്. ഈ സമയങ്ങളില്‍ പൈലറ്റിന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. അതിനാല്‍ അനാവശ്യമായ റേഡിയോ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും മൊബൈല്‍ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കാന്‍ ആവശ്യപ്പെടുന്നു. വിമാനത്തിലെ ഉപകരണങ്ങള്‍ ഇത്തരം ഇടപെടലുകളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ അനാവശ്യമായ സാധ്യതകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

 airplane mode during a flight

എയര്‍പ്ലെയിന്‍ മോഡ് ഓണാക്കിയാല്‍ എന്ത് സംഭവിക്കും?

ഫോണിലെ എയര്‍പ്ലെയിന്‍ മോഡ് ഓണാക്കുമ്പോള്‍ സാധാരണയായി മൊബൈല്‍ നെറ്റ്വര്‍ക്ക് ബന്ധം വിച്ഛേദിക്കപ്പെടും. അതോടെ സാധാരണ മൊബൈല്‍ കോളുകളും മൊബൈല്‍ ഡാറ്റയും ഉപയോഗിക്കാന്‍ കഴിയില്ല.എന്നാല്‍, ഇതുകൊണ്ട് ഫോണിലെ എല്ലാ സൗകര്യങ്ങളും ഇല്ലാതാകുന്നില്ല.ഫോണില്‍ നേരത്തേ ഡൗണ്‍ലോഡ് ചെയ്ത സിനിമകളും വീഡിയോകളും കാണാം,ഡൗണ്‍ലോഡ് ചെയ്ത പാട്ടുകള്‍ കേള്‍ക്കാം, ഫോണിലെ ക്യാമറയും മറ്റ് ഓഫ്ലൈന്‍ ആപ്പുകളും ഉപയോഗിക്കാം, വിമാനക്കമ്പനി അനുവദിക്കുന്ന സാഹചര്യത്തില്‍ വൈഫൈയും ബ്ലൂടൂത്തും വീണ്ടും ഓണാക്കി ഉപയോഗിക്കാം.

ഫോണ്‍ ഓണായി ഇരുന്നാല്‍ വിമാനം തകരുമോ?

ഒരു യാത്രക്കാരന്‍ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കാന്‍ മറന്നുപോയി എന്നതുകൊണ്ട് മാത്രം വിമാനം തകരുമെന്നോ അപകടമുണ്ടാകുമെന്നോ പറയാനാവില്ല. ആധുനിക വിമാനങ്ങള്‍ ഇലക്ട്രോണിക് ഇടപെടലുകള്‍ ചെറുക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Content Highlights : Why are you asked to switch off your device or enable 'airplane mode' during a flight? Do mobile signals interfere with the pilot's communications?

dot image
To advertise here,contact us
dot image