'രാഷ്ട്രീയ പകപോക്കലിന് മകന്റെ പേര് വലിച്ചിഴക്കരുത്'; ഷെഹന്റെ മരണത്തിലെ പ്രചരണത്തിൽ കുറിപ്പുമായി പിതാവ്

'ഞങ്ങളുടെ മകന്റെ ഫോട്ടോയും പേരും വച്ച് ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ചില നേതാക്കളും പ്രവര്‍ത്തകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ഞങ്ങളെ വേദനിപ്പിക്കും വിധം പോസ്റ്റുകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കാണാനിടയായി'

'രാഷ്ട്രീയ പകപോക്കലിന് മകന്റെ പേര് വലിച്ചിഴക്കരുത്'; ഷെഹന്റെ മരണത്തിലെ പ്രചരണത്തിൽ കുറിപ്പുമായി പിതാവ്
dot image

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ ഷെഹന്റെ മരണത്തില്‍ ദുരൂഹതയോ സംശയങ്ങളോ ഇല്ലെന്ന് ആവര്‍ത്തിച്ച് കുടുംബം. ഷെഹനെ അവന്റെ സംഘടനാ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബോധപൂര്‍വ്വം അത്യാഹിതത്തില്‍പ്പെടുത്തിയതാണെന്ന് ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ പല സമയത്തും ആരോപണമുയര്‍ത്തുകയും അതിന്റെ പേരില്‍ സംഘര്‍ഷങ്ങളുണ്ടായതും അറിഞ്ഞിരുന്നു. അപ്പോഴെല്ലാം കുടുംബാംഗങ്ങള്‍ വിഷമത്തോടെ അതൊക്കെ ഉള്ളിലൊതുക്കി ഒന്നും മിണ്ടാതിരുന്നതാണെന്നും ഷഹന്റെ പിതാവ് അബ്ദുള്ളക്കുട്ടി എടവണ്ണ ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നു. സമാധാനത്തോടെ ജീവിക്കാന്‍ തങ്ങളെ അനുവദിക്കണം. കഴിയുമെങ്കില്‍ ഷെഹന്റെ പേരും ഫോട്ടോയും വച്ച് പങ്കുവെച്ച പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും അബ്ദുള്ളക്കുട്ടി എടവണ്ണ ആവശ്യപ്പെടുന്നു. സര്‍വകലാശാലയുടെ നീന്തല്‍ കുളത്തിലാണ് ഷെഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

'ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കൂ… നാലു വര്‍ഷമാകാന്‍ പോകുന്നു ഞങ്ങളുടെ മകന്‍ ഷെഹന്‍(അച്ചു)വിട പറഞ്ഞിട്ട്. കാലമെത്ര കടന്നുപോയാലും ആ വേദന ഞങ്ങളെ നീറ്റിക്കൊണ്ടേയിരിക്കുന്നു. സ്വന്തം കാര്യങ്ങളില്‍ മാത്രമായി മുഴുകാതെ, പൊതുനന്മയുള്ള കാര്യങ്ങളില്‍ ഞങ്ങളാവും വിധം ഇടപെട്ടുകൊണ്ടും യാത്രകള്‍ നടത്തിയും ജീവിതത്തില്‍ സന്തോഷ നിമിഷങ്ങള്‍ സ്വയം സൃഷ്ടിച്ചും ഞങ്ങളങ്ങനെ അവനില്ലാതെ ജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇടയ്ക്ക് മക്കള്‍ നഷ്ടപ്പെട്ട് ഞങ്ങളെപ്പോലെ സങ്കടങ്ങളില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ട് സാന്ത്വനം പകരാനും ഞങ്ങളാലാവും വിധം ശ്രമിക്കാറുണ്ട്. മരണാനന്തരം അവന്റെ കണ്ണുകള്‍ കാഴ്ച്ചയില്ലാത്ത രണ്ടു പേര്‍ക്ക് ദാനം ചെയ്തും അവന്റെ പേരില്‍ ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയുമൊക്കെ അവന്റെ നല്ല ഓര്‍മ്മകളെ കൂട്ടുപിടിച്ചാണ് ഞങ്ങള്‍ ആ ശൂന്യത നികത്താന്‍ ശ്രമിക്കുന്നത്. പക്ഷേ ഞങ്ങളുടെ സമാധാനം കെടുത്തും വിധത്തിലുളള ചില കാര്യങ്ങള്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് വലിയ വിഷമത്തോടെ പങ്കുവെക്കേണ്ടി വന്നിരിക്കുന്നു.'

'ഞങ്ങളുടെ മകന്റെ ഫോട്ടോയും പേരും വച്ച് ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ചില നേതാക്കളും പ്രവര്‍ത്തകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ഞങ്ങളെ വേദനിപ്പിക്കും വിധം പോസ്റ്റുകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കാണാനിടയായി.
താല്‍ക്കാലിക രാഷ്ട്രീയ പകപോക്കലുകളുടെയും വിദ്വേഷങ്ങളുടെയും പേരില്‍ വെല്ലുവിളികളും ആരോപണങ്ങളുമൊക്കെ ഉന്നയിക്കാനുണ്ടാകും. പക്ഷേ അതിനെന്തിനാണ് മരണപ്പെട്ടു പോയ ഞങ്ങളുടെ മകന്റെ പേര് വലിച്ചിടുന്നത്? ഞങ്ങളുടെ വേദനകള്‍ ശമിപ്പിക്കാന്‍ ഒരു പക്ഷേ അവര്‍ക്കു കഴിയുമായിരിക്കില്ല. പക്ഷേ വേദനയില്‍ കഴിയുന്ന, അവനെ സ്‌നേഹിക്കുന്ന, ഞങ്ങളടക്കമുള്ള ആളുകളെ നൊമ്പരപ്പെടുത്തും വിധം എന്തിനാണ് അസത്യവും അധാര്‍മ്മികമായ കാര്യങ്ങള്‍ അവന്റെ പേരും ചിത്രങ്ങളും വച്ച് പ്രചരിപ്പിക്കുന്നത്? ഒരു പക്ഷേ അവര്‍ക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളും താല്‍ക്കാലികമായ നേട്ടങ്ങളുമുണ്ടാകാം. പക്ഷേ ജീവിച്ചിരിപ്പില്ലാത്ത അവന്റെ പേര് ഈ വിഷയത്തിന് ഉപയോഗിക്കരുത് എന്ന ഒരു അപേക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.'

Abdullakutty Edavanna
അബ്ദുള്ളക്കുട്ടി എടവണ്ണ

'കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ഇന്റഗ്രേറ്റഡ് പി ജി ക്ക് പഠിക്കുന്ന സമയത്തു സംഭവിച്ച മോന്റെ മരണത്തിന് കാരണമായ അത്യാഹിതത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. നീന്താനറിയാത്ത അവന്‍ ആഴമുള്ള പൂളില്‍ ഒരു ട്യൂബില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തി കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. അവനെയറിയുന്ന കൂട്ടുകാരും അവന്റെ സംഘടനയിലെ സഹപ്രവര്‍ത്തകരുമാണ് ആ സമയത്ത് കൂടെയുണ്ടായിരുന്നത്. അവരില്‍ പലരേയും മകന്റെ അടുത്ത കൂട്ടുകാര്‍ എന്ന നിലക്ക് ഞങ്ങള്‍ക്കറിയുകയും ചെയ്യും. അപകടം പിണഞ്ഞ ഉടനെ അവര്‍ തന്നെയാണ് അവനെ ആശുപത്രിയിലെത്തിച്ചതും. വിവരമറിഞ്ഞ് ഞാനും ഭാര്യയും ആശുപത്രിയിലെത്തുന്നതിന്റെ ഏകദേശം അര മണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഞങ്ങളെ അറിയിച്ചതും. ആശുപത്രിയില്‍ എത്തുമ്പോള്‍ അവനില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടായിരുന്നു എന്നും കഴിയാവുന്നത്ര പരിശ്രമിച്ചിട്ടും അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായ ഒരു കാര്യവും സൂചിപ്പിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് അന്നും ഇന്നും അതു സംബന്ധിച്ച് എന്തെങ്കിലും ദൂരൂഹതകളോ സംശയങ്ങളോ ഒന്നും തന്നെയില്ല. അത്യാഹിതം നടന്നതിനു ശേഷമുള്ള ആ ദിവസങ്ങളില്‍, അവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ഇപ്പോള്‍ വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇതേ സംഘടനയുടെ പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു. പോലീസ് അധികാരികളും രാഷ്ട്രീയ നേതാക്കളും ഇതു സംബന്ധിച്ച് പരാതികളുണ്ടോ എന്ന് അന്ന് എന്നോട് അന്വേഷിക്കുകയും ചെയ്തിരുന്നു. ഒരു പരാതിയുമില്ല എന്ന് അവരെ അറിയിക്കുകയും ചെയ്തതാണ്. തേഞ്ഞിപ്പലം സ്റ്റേഷനില്‍ നേരിട്ടു പോയ സമയത്ത് ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു. ആ ഫയല്‍ അന്ന് ക്ലോസ് ചെയ്തതുമാണ്.'


'ഷെഹനെ അവന്റെ സംഘടനാ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബോധപൂര്‍വ്വം അത്യാഹിതത്തില്‍പ്പെടുത്തിയതാണ് എന്ന് ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ പല സമയത്തും ആരോപണമുണ്ടാക്കുകയും അതിന്റെ പേരില്‍ അവിടെ സംഘര്‍ഷങ്ങളുണ്ടായതും അറിഞ്ഞിരുന്നു.
അപ്പോഴെല്ലാം ഞങ്ങള്‍ കുടുംബാംഗങ്ങള്‍ വിഷമത്തോടെ അതൊക്കെ ഉള്ളിലൊതുക്കി ഒന്നും മിണ്ടാതിരുന്നതാണ്.
ഇപ്പോള്‍ വീണ്ടും അതേ കാര്യം കുറച്ചുകൂടി മോശമായും രൂക്ഷമായും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇലക്ഷന്‍ സമയത്തോ തമ്മില്‍ വഴക്കുണ്ടാകുമ്പോഴോ എതിരാളികളെ അടിക്കാന്‍ കിട്ടുന്ന വടി എടുത്ത് നേരിടുക എന്നത് പലപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷേ ഒരു കാര്യവുമില്ലാതെ,വേദനയില്‍ കഴിയുന്ന ഒരു കുടുംബത്തിന്റെ മാനസികാവസ്ഥ ഒട്ടുംതന്നെ ആലോചിക്കാതെ, ഇല്ലാത്ത ഒരു കാര്യം പറഞ്ഞ് ഞങ്ങളുടെ മകന്റെ പേരും ചിത്രവും ഉപയോഗിച്ച് ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ദയവായി അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളത്. നിങ്ങള്‍ക്ക് ഞങ്ങളുടെ മകനെ തിരികെ തരാന്‍ കഴിയില്ല. എന്നാല്‍ വേദനിപ്പിക്കാതിരിക്കാന്‍ കഴിയില്ലേ?'


'ഞാനും ഭാര്യയും പരസ്പരം താങ്ങായി സമാശ്വാസങ്ങള്‍ കൈമാറി കൊണ്ട് ജീവിക്കുകയാണിവിടെ. എന്റെ മകള്‍ അവളുടെ കൂടപ്പിറപ്പിനെ നഷ്ടമായ വേദന അകമേ ഒതുക്കി വെച്ച് ജീവിത പങ്കാളിക്കൊപ്പം ജീവിക്കുന്നു. മകന്‍ പഠിച്ച അതേ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ചെലവിടുന്ന അവളിപ്പോള്‍ ഓരോ ദിവസവും അവന്റെ ഓര്‍മ്മകളിലാണ് കഴിയുന്നത്.
നിങ്ങള്‍ പ്രചാരണങ്ങള്‍ നടത്തിക്കൊള്ളുക. പക്ഷേ ഞങ്ങളെ അതില്‍ നിന്ന് ഒഴിവാക്കുക. ഷെഹന്റെ പേരില്‍ നിങ്ങള്‍ എഴുതി വിടുന്ന ഓരോ വാക്കുകളും ഞങ്ങളുടെ ഹൃദയത്തിലേക്ക് എയ്തുവിടുന്ന കൂരമ്പുകളാണ്. അവ ഞങ്ങളുടെ ഉറക്കം കെടുത്തുന്നു.
നിങ്ങള്‍ ഏതൊരു പ്രചാരണങ്ങളും ആരോപണങ്ങളും നടത്തുമ്പോള്‍ അത് അധാര്‍മ്മികമാവാതിരിക്കാന്‍ നോക്കുക.
അതേതെങ്കിലും കുടുംബത്തിന്റെ ഉറക്കം കെടുത്താതിരിക്കാന്‍ നോക്കുക. ഇത് എല്ലാ സംഘടനാ പ്രവര്‍ത്തകരോടുമുള്ള ഒരു പിതാവിന്റെ വേദനിക്കുന്ന മനസ്സില്‍ നിന്നുള്ള അഭ്യര്‍ത്ഥനയാണ്. ആരോപണങ്ങളുമായി പ്രചാരണം നടത്തുന്ന സംഘടനക്കാരോട് ഒരു കാര്യം പറയട്ടെ. ഇതേ സംഘടനയുമായി സൗഹൃദവും സ്‌നേഹവും പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍. അന്വേഷിച്ചു നോക്കൂ,എന്റെ നാട്ടില്‍, ജില്ലയില്‍, ഈ സംഘടനയോടും അവരുടെ സഹോദരസംഘടനകളോടുമൊക്കെ നന്മയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന ഒരാളാണ് ഞാന്‍. ഇതേ സംഘടനയുടെ പല സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ഞാന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ സഹകാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിങ്ങളുടെ പല നേതാക്കളുമായും അടുത്ത സൗഹൃദമുള്ള ആളുമാണ് ഞാന്‍. കഴിയുമെങ്കില്‍ ഷെഹന്റെ പേരും ഫോട്ടോയും വച്ച് നിങ്ങളിട്ട ആ പോസ്റ്റുകള്‍ പിന്‍ വലിക്കുക', അബ്ദുള്ളക്കുട്ടി എടവണ്ണ ആവശ്യപ്പെട്ടു.

Content Highlights: Shehan's Death at Calicut University Swimming Pool Family Rules Out Suspicion

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us