

തിരുവനന്തപുരം: സിപിഐഎമ്മില്‍ പിടിമുറുക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. തെറ്റ് തിരുത്തലിനായി ആഭ്യന്തര സര്‍വേ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. സംസ്ഥാനത്തെ സംഘാടനാ വിഴ്ചകള്‍ അടിസ്ഥാനമാക്കി 83 ചോദ്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. നേതാക്കളുടെ പ്രവര്‍ത്തന ശൈലി, പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍, തീരുമാനങ്ങളിലെ വീഴ്ചകള്‍ തുടങ്ങിയവ ചോദ്യങ്ങളിലുണ്ട്. പാര്‍ലമെന്ററി വ്യാമോഹത്തിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഐഎം കേന്ദ്ര നേതൃത്വം സംസ്ഥാന തലത്തില്‍ നേരത്തെ തന്നെ പിടിമുറുക്കല്‍ ആരംഭിച്ചതാണ്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മാറ്റം വരുത്തുന്നതുവരെ അത് നീണ്ടുപോയിരുന്നു. എന്നാല്‍ വിപുലീകൃത കമ്മിറ്റികള്‍ കൊണ്ടുമാത്രം തെറ്റുതിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ചോദ്യാവലി നല്കി പ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കാനും കേന്ദ്ര നേതൃത്വം തീരുമാനം എടുത്തിരിക്കുന്നത്.
പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടി നേതാക്കള്‍ക്കുള്ളില്‍ കൂടുതല്‍ വരുന്നുണ്ടോ? തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ഒരു പരാജയത്തിന് കാരണം എന്താണ്? അധികാരമുള്ളിടത്തേക്ക് പാര്‍ട്ടി എത്തുന്ന രീതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നോ? അങ്ങനെ സംഭവിച്ചെങ്കില്‍ അതിന് കാരണം എന്താണ്? അതില്‍ എങ്ങനെ മാറ്റം വരുത്താം? എന്നതടക്കമുള്ള ചോദ്യങ്ങളാണ് നേതാക്കളോട് ആരായുന്നത്. ഇതില്‍ ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു തിരുത്തലിലേക്കുകൂടി പാര്‍ട്ടി പോകും എന്നാണ് വിവരം. അടുത്ത വര്‍ഷം അവസാനത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്. അതിന് മുന്നോടിയായി പാര്‍ട്ടിയെ ഒരു സംഘടനാ ചട്ടക്കൂടിനകത്ത് കൊണ്ടുവരാനും വ്യക്തികേന്ദ്രീകൃതമായ രീതിയുണ്ടെങ്കില്‍ ഒഴിവാക്കാനുമാകും പാര്‍ട്ടിയുടെ നടപടി.
Content Highlights: The CPM central leadership is planning an internal survey as part of its efforts to correct mistakes and address organisational weaknesses within the party. A questionnaire containing 83 questions has been prepared based on organisational shortcomings in the state. It covers leadership styles, ideological deviations and failures in decision-making. The leadership has also sought the views of Central Committee members on issues including excessive parliamentary ambitions.