അധ്യാപകരുടെ വേതനം അടിയന്തരമായി നൽകണം; ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിനോട് ആവശ്യവുമായി യുപിപി

അധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക സുരക്ഷയും തൊഴിൽപരമായ ആത്മവിശ്വാസവും ഉറപ്പാക്കാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനാകില്ലെന്ന് യുപിപി

അധ്യാപകരുടെ വേതനം അടിയന്തരമായി നൽകണം; ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിനോട് ആവശ്യവുമായി യുപിപി
dot image

ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കും കൃത്യസമയത്ത് വേതനം നൽകേണ്ടത് ഭരണസമിതിയുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് യുണൈറ്റഡ് പാരന്റ് പാനൽ (യുപിപി). ശമ്പളം നൽകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നത് സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. അധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക സുരക്ഷയും തൊഴിൽപരമായ ആത്മവിശ്വാസവും ഉറപ്പാക്കാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനാകില്ലെന്ന് യുപിപി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സ്‌കൂളിലെ റിഫാ ക്യാമ്പസ് കെട്ടിടനിർമാണ വായ്പാ തിരിച്ചടവിനായി 'ഇൻഫ്രാസ്ട്രക്ചർ ഫീസ്' എന്ന പേരിൽ ഓരോ കുട്ടിക്കുമേലും ശരാശരി നാലര ദിനാറോളം അധികമായി ഈടാക്കിവരുന്നുണ്ട്. ഈ വായ്പ തിരിച്ചടവ് പൂർത്തിയായിട്ടും രക്ഷിതാക്കളിൽ നിന്നുള്ള ഈ പിരിവ് തുടരുന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. വായ്പയടവ് അവസാനിച്ചതോടെ മാസംതോറും ഏകദേശം അൻപതിനായിരം ദിനാറോളം അധിക വരുമാനം സ്‌കൂളിന് ലഭിക്കുന്നുണ്ട്. ഇത്രയും തുക അധികമായി ഉണ്ടായിട്ടും ജീവനക്കാർക്ക് വേതനം നൽകാൻ കഴിയാത്തത് സാമ്പത്തിക ആസൂത്രണത്തിലെ ഗുരുതര വീഴ്ചയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

ഈ അധിക വരുമാനം എന്തിനാണ് വിനിയോഗിക്കുന്നതെന്നും അധ്യാപകരുടെ വേതനം ഉറപ്പാക്കാൻ ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ എന്തുകൊണ്ട് നടത്തുന്നില്ലെന്നും വ്യക്തമാക്കാൻ ഭരണസമിതി തയ്യാറാകണമെന്ന് യുപിപി ആവശ്യപ്പെട്ടു. ഇത് കേവലം ശമ്പളം വൈകുന്ന വിഷയം മാത്രമല്ലെന്നും സ്‌കൂളിന്റെ സാമ്പത്തിക അച്ചടക്കം, ഭരണപരമായ കാര്യക്ഷമത, ഭാവി വികസനം എന്നിവയെ ബാധിക്കുന്ന ഗൗരവമായ പ്രശ്നമാണെന്നും അവർ കൂട്ടിച്ചേർത്തു.

അധ്യാപകരുടെയും ജീവനക്കാരുടെയും വേതനം കൃത്യമായി നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂളിന്റെ സാമ്പത്തിക-ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണമായും സുതാര്യവും ഉത്തരവാദിത്തപരവുമാക്കണമെന്നും യുപിപി ആവശ്യപ്പെട്ടു. കുട്ടികളുടെ ഭാവിയും സ്‌കൂളിന്റെ നിലനിൽപ്പും ഭരണസമിതിയുടെ വീഴ്ചകൾക്ക് ഇരയാകരുതെന്നും പാനൽ പ്രസ്താവനയിൽ വ്യക്തമാക്കി.

Content Highlights: United Parents Panel urges Indian School Bahrain to clear pending teachers' salaries immediately, raising concerns over delayed payments and financial management.

dot image
To advertise here,contact us
dot image