സ്ത്രീകളിലെ സ്‌ട്രോക്ക്; തിരിച്ചറിയാതെ പോകുന്ന അപൂർവ്വ ലക്ഷണങ്ങളും അറിയേണ്ട അപകടസാധ്യതകളും

പലപ്പോഴും സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ സാധാരണ കാണുന്നതില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതിനാല്‍ രോഗനിര്‍ണ്ണയം വൈകുകയും ചികിത്സ ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യാറുണ്ട്.

സ്ത്രീകളിലെ സ്‌ട്രോക്ക്; തിരിച്ചറിയാതെ പോകുന്ന അപൂർവ്വ ലക്ഷണങ്ങളും അറിയേണ്ട അപകടസാധ്യതകളും
dot image

തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുകയോ രക്തധമനികള്‍ പൊട്ടുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന അതീവ ഗുരുതരമായ രോഗാവസ്ഥയാണ് സ്‌ട്രോക്ക് (Stroke) അഥവാ പക്ഷാഘാതം. സ്‌ട്രോക്ക് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാമെങ്കിലും സ്ത്രീകളിലെ ശാരീരികവും ഹോര്‍മോണ്‍പരവുമായ വ്യതിയാനങ്ങള്‍ കാരണം സ്‌ട്രോക്ക് വരാനുള്ള സാധ്യതകളും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കാം.

പലപ്പോഴും സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ സാധാരണ കാണുന്നതില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതിനാല്‍ രോഗനിര്‍ണ്ണയം വൈകുകയും ചികിത്സ ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യാറുണ്ട്. അതിനാല്‍ സ്ത്രീകളിലെ സ്‌ട്രോക്കിനെക്കുറിച്ചും അതിന്റെ അപൂര്‍വ്വ ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

Stroke in Women

സ്ത്രീകളില്‍ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്ന അപകടസാധ്യതാ ഘടകങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിത കൊളസ്‌ട്രോള്‍, പുകവലി, അമിതവണ്ണം തുടങ്ങിയ പൊതുവായ കാരണങ്ങള്‍ക്ക് പുറമെ സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ചില പ്രത്യേക അപകടസാധ്യതകള്‍ താഴെ പറയുന്നവയാണ്:

ഗര്‍ഭകാലവും അനുബന്ധ രോഗങ്ങളും

ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങളും രക്തം കട്ടപിടിക്കാനുള്ള പ്രവണതയും സ്‌ട്രോക്ക് സാധ്യത കൂട്ടുന്നു. അതോടൊപ്പം ഗര്‍ഭകാലത്തുണ്ടാകുന്ന കടുത്ത ഉയര്‍ന്ന രക്തസമ്മര്‍ദ്ദ അവസ്ഥയായ പ്രീ-എക്ലാംസിയ ഭാവിയില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം

ഈസ്ട്രജന്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരിലും പുകവലിക്കുന്നവരിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി

ആര്‍ത്തവവിരാമത്തിന് ശേഷം ഹോര്‍മോണ്‍ തെറാപ്പി സ്വീകരിക്കുന്ന സ്ത്രീകളില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത ഉയര്‍ന്നതായി വൈദ്യശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആര്‍ത്തവവിരാമവും ഈസ്ട്രജന്റെ കുറവും

ആര്‍ത്തവവിരാമത്തോടെ ശരീരം ഉത്പാദിപ്പിക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നത് രക്തധമനികളുടെ ഇലാസ്തികത കുറയ്ക്കുകയും സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തീവ്രമായ മൈഗ്രേന്‍

പ്രകാശത്തോട് അസഹിഷ്ണുത തോന്നുന്ന തരം മൈഗ്രേന്‍ ഉള്ള സ്ത്രീകള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.

ഏട്രിയല്‍ ഫിബ്രിലേഷന്‍

ഹൃദയമിടിപ്പില്‍ ക്രമക്കേടുണ്ടാകുന്ന രോഗാവസ്ഥയാണ് ഏട്രിയല്‍ ഫിബ്രിലേഷന്‍. ഇത് പ്രായമായ സ്ത്രീകളില്‍ കൂടുതല്‍ കണ്ടുവരുന്നു. ഇത് ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കാനും അത് തലച്ചോറിലേക്ക് പ്രവഹിച്ച് സ്‌ട്രോക്കിന് കാരണമാകാനും ഇടയാക്കുന്നു.

Stroke in Women

സ്ത്രീകളില്‍ കാണപ്പെടുന്ന അസാധാരണ ലക്ഷണങ്ങള്‍

മുഖം കോടിപ്പോകുക, കൈകാലുകളില്‍ തളര്‍ച്ച അനുഭവപ്പെടുക, സംസാരത്തില്‍ വിക്ക് ഉണ്ടാകുക എന്നിവയാണ് സ്‌ട്രോക്കിന്റെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ സ്ത്രീകളില്‍ ഇവയ്ക്ക് പുറമെ താഴെ പറയുന്ന അസാധാരണ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം:

  • പെട്ടെന്നുണ്ടാകുന്ന കടുത്ത തളര്‍ച്ച: വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന അമിതമായ ക്ഷീണവും തളര്‍ച്ചയും.
  • ആശയക്കുഴപ്പവും ചിന്തകളിലെ അവ്യക്തതയും: കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പെട്ടെന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുക പെരുമാറ്റത്തില്‍ വ്യത്യാസം അഥവാ പെട്ടെന്ന് ഓര്‍മ്മക്കുറവ് തോന്നുക.
  • തലകറക്കവും ഛര്‍ദ്ദിലും: മറ്റ് ദഹനപ്രശ്‌നങ്ങളോ അസിഡിറ്റിയോ ഇല്ലാതെ പെട്ടെന്നുണ്ടാകുന്ന തലകറക്കവും ഛര്‍ദ്ദിലും.
  • ശ്വാസതടസ്സവും നെഞ്ചിലെ അസ്വസ്ഥതയും : പെട്ടെന്ന് ശ്വാസമെടുക്കാന്‍ തടസ്സം നേരിടുകയോ നെഞ്ചില്‍ ഭാരവും അസ്വസ്ഥതയും അനുഭവപ്പെടുകയോ ചെയ്യുക.
  • നില്‍ക്കാതെയുള്ള വിക്കലും വിഴുങ്ങാനുള്ള ബുദ്ധിമുട്ടും: തലച്ചോറിലെ ശ്വസന-നാഡീവ്യൂഹങ്ങളെ സ്‌ട്രോക്ക് ബാധിക്കുമ്പോള്‍ നില്‍ക്കാതെയുള്ള വിക്കലോ ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസമോ ഉണ്ടാകാം.
Stroke in Women

ശ്രദ്ധിക്കുക

ഈ അസാധാരണ ലക്ഷണങ്ങള്‍ പലപ്പോഴും മാനസികസമ്മര്‍ദ്ദം ഗ്യാസ്‌ട്രൈറ്റിസ് അല്ലെങ്കില്‍ വെറും ക്ഷീണം മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വിദഗ്ദ്ധ വൈദ്യസഹായം ഉറപ്പാക്കുക.

നിര്‍ണ്ണായക നിമിഷങ്ങള്‍: സമയം വൈകരുത്

സ്‌ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആദ്യത്തെ 3 മുതല്‍ 4 മണിക്കൂര്‍ വരെ ഉള്ള സമയമാണ് ചികിത്സയില്‍ നിര്‍ണ്ണായകം. ഈ സമയത്തിനുള്ളില്‍ രോഗിയെ സ്‌ട്രോക്ക് ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിച്ച് രക്തക്കട്ട അലിയിച്ചു കളയാനുള്ള മരുന്നുകള്‍ നല്‍കാന്‍ സാധിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന വലിയ ആഘാതവും ശാശ്വതമായ വൈകല്യങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

  • പതിവായി രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി മരുന്നുകള്‍ കഴിക്കുകയും ചെയ്യുക.
  • പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉപ്പ്, എണ്ണ, മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
  • ചിട്ടയായി വ്യായാമം ശീലമാക്കുക.
  • ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണ്‍ തെറാപ്പി എന്നിവ ആരംഭിക്കുന്നതിന് മുന്‍പ് കൃത്യമായ പരിശോധന നടത്തുക.
  • പുകവലിയും മദ്യപാനവും പൂര്‍ണ്ണമായി ഉപേക്ഷിക്കുക.

സ്ത്രീകളിലെ സ്‌ട്രോക്ക് ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമല്ലാത്തതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ശരീരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള ചെറിയ മാറ്റങ്ങള്‍ പോലും നിസ്സാരമായി കാണാതെ കൃത്യസമയത്ത് വിദഗ്ദ്ധ വൈദ്യസഹായം തേടുന്നത് ഒരു ജീവന്‍ രക്ഷിക്കാനും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങളില്‍ നിന്ന് സംരക്ഷണം നേടാനും സഹായിക്കും.

Content Highlights :In women, the symptoms of a stroke often differ from those typically observed; consequently, diagnosis is frequently delayed, leading to a delay in receiving treatment

dot image
To advertise here,contact us
dot image