ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ഒരു രൂപ കുറഞ്ഞു; IRCTC നഷ്ടപരിഹാരം നല്‍കേണ്ടത് 3,101 രൂപ

ഒരു രൂപയുടെ റീഫണ്ട് കുറഞ്ഞു. IRCTC നല്‍കേണ്ടത് 3,101 രൂപ. ഉപഭോക്തൃ കമ്മീഷന്റെ നിര്‍ണായക ഉത്തരവ്

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ഒരു രൂപ കുറഞ്ഞു; IRCTC നഷ്ടപരിഹാരം നല്‍കേണ്ടത് 3,101 രൂപ
dot image

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ലഭിക്കേണ്ട തുകയില്‍ ഒരു രൂപ കുറഞ്ഞതിനെതിരെ നിയമപോരാട്ടം നടത്തി യാത്രക്കാരന്‍. കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പരാതിക്കാരന് ഒരു രൂപ തിരികെ നല്‍കാനും ഒപ്പം 100 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നല്‍കാനും IRCTCയോട് ഉത്തരവിട്ടു.കമ്മീഷന്‍ പ്രസിഡന്റ് കെ. കൃഷ്ണന്‍, അംഗം കെ.ജി ബീന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 30 ദിവസത്തിനകം പരാതിക്കാരന് തുക നല്‍കണമെന്നാണ് നിര്‍ദേശം.

 refund amount train ticket

സംഭവം ഇങ്ങനെ..

2024 ഓഗസ്റ്റ് 11നാണ് പരാതിക്കാരന്‍ ഓഗസ്റ്റ് 20ന് യാത്ര ചെയ്യുന്നതിനായി എസി ത്രീ ടയര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റിനായി 553 രൂപയാണ് നല്‍കിയത്. എന്നാല്‍ യാത്രയ്ക്ക് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഓഗസ്റ്റ് 17ന് ടിക്കറ്റ് റദ്ദാക്കി. ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ നിയമപ്രകാരമുള്ള റദ്ദാക്കല്‍ ചാര്‍ജും ജിഎസ്ടിയും കുറച്ചശേഷം ബാക്കി തുക റീഫണ്ടായി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരന് ലഭിച്ച തുകയില്‍ ഒരു രൂപയുടെ കുറവുണ്ടായി. ലഭിക്കേണ്ട തുക മുഴുവനായി തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരന്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

 refund amount train ticket

ഒരു രൂപയുടെ കുറവ് പക്ഷേ ആവശ്യപ്പെട്ടത് വലിയ നഷ്ടപരിഹാരം

റീഫണ്ടില്‍ ഒരു രൂപ കുറഞ്ഞത് തനിക്ക് ബുദ്ധിമുട്ടും മാനസിക വിഷമവും ഉണ്ടാക്കിയെന്നും കമ്പനിയുടെ ഭാഗത്തുനിന്ന് വിശ്വാസലംഘനമുണ്ടായെന്നും യാത്രക്കാരന്‍ പരാതിയില്‍ ആരോപിച്ചു. മാനസിക വിഷമത്തിനും വിശ്വാസലംഘനത്തിനുമായി ഓരോ ലക്ഷം രൂപ വീതം നഷ്ടപരിഹാരവും 5,000 രൂപ നിയമനടപടികള്‍ക്കുള്ള ചെലവും ഒരു രൂപയുടെ കുടിശ്ശികയും ഉള്‍പ്പെടെയാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിച്ചില്ല. പകരം സേവനത്തിലെ വീഴ്ചയും അന്യായമായ വ്യാപാരരീതിയും ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഭാഗികമായി പരാതി അനുവദിക്കുകയായിരുന്നു.

IRCTC നല്‍കേണ്ടത് എത്ര രൂപ?

യാത്രക്കാരന് ഒരു രൂപ കുറഞ്ഞ റീഫണ്ട് നല്‍കിയതിന് വ്യക്തമായ കാരണം IRCTCക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തനിക്ക് ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന നിലപാടിലാണ് കമ്മീഷന്‍ ഉത്തരവ്.

ഒരു രൂപയ്ക്ക് ടിക്കറ്റ് റദ്ദാക്കിയ തീയതിയായ 2024 ഓഗസ്റ്റ് 17 മുതല്‍ തുക നല്‍കുന്നതുവരെ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആകെ 3,101 രൂപയും അതിനുപുറമേ ഒരു രൂപയുടെ കുടിശ്ശികയ്ക്കുള്ള പലിശയുമാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് നിര്‍ദേശം.

Content Highlights :Refund short by one rupee; IRCTC ordered to pay Rs 3,101 – Significant ruling by the Consumer Commission
dot image
To advertise here,contact us
dot image