

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അന്വേഷണത്തിന് സര്‍ക്കാര്‍. ബാര്‍ ലൈസന്‍സ് അനുവദിച്ചതിന്റെ രേഖകള്‍ പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. 488 ബാര്‍ ലൈസന്‍സുകളാണ് 10 വര്‍ഷത്തിന് ഇടയില്‍ അനുവദിച്ചത്. ബാര്‍ ലൈസന്‍സുകള്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണത്തിന് എക്‌സൈസ് വകുപ്പ് ശുപാര്‍ശ ചെയ്യുമെന്നും എം ലിജു വ്യക്തമാക്കി. നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ അടക്കം തെളിവുകള്‍ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിന് പിന്നാലെയാണ് നീക്കം.
ലൈസന്‍സ് നല്‍കിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും എല്ലാ സാഹചര്യങ്ങളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന നയങ്ങളെ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. ലൈസന്‍സിനു വേണ്ടിയുള്ള നടപടികള്‍ നടന്നത് ശരവേഗത്തിലായിരുന്നു. ജൂണ്‍ 23ന് മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി ലഭിക്കുകയായിരുന്നു. എറണാകുളത്ത് ജൂണ്‍ 25ന് അപേക്ഷ നൽകിയ ബാറിന് അനുമതി ജൂണ്‍ 29 നും ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 29ന് അപേക്ഷ നല്‍കിയ കോട്ടയത്തെ ബാറിന് ഒക്ടോബര്‍ 3നും അനുമതി ലഭിച്ചിരുന്നു. സംഭവത്തിൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കടക്കം പങ്ക് എന്നും സംശയമുണ്ട്.
വിഷയത്തിൽ വകുപ്പുതല അന്വേഷണം മാത്രം പോരെന്നും ഉദ്യോഗസ്ഥരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിജിലിന്‍സ് അന്വേഷണം തന്നെ വേണം എന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്. അപേക്ഷ സമര്‍പ്പിച്ച് പിറ്റേദിവസം തന്നെ ലൈസന്‍സ് ലഭിക്കുന്ന സാഹചര്യം മന്ത്രിക്ക് തന്നെ വലിയ ദുരൂഹത തോന്നിയിരുന്നു. മറ്റ് ബാറുകള്‍ക്ക് പരമാവധി അഞ്ച് ദിവസത്തിനുള്ളിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. മുമ്പ് കോട്ടയത്തെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരായ കേസിലും മന്ത്രി എം ലിജുവിന് നേരിട്ടായിരുന്നു തെളിവുകള്‍ ലഭിച്ചിരുന്നത്. എക്‌സൈസ് മന്ത്രിക്ക് വാട്‌സാപ്പിലൂടെ ലഭിച്ച സന്ദേശം പിന്നാലെ വലിയ വിവാദമാകുകയും ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ സര്‍വീസില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണറോട് വകുപ്പ് മന്ത്രി എം ലിജുവിന് കടുത്ത അതൃപ്തി എന്നാണ് വിവരം. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണ് അതൃപ്തിക്ക് കാരണം. ഒന്നിന് പിറകെ ഒന്നായി വകുപ്പില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകുന്നു. മന്ത്രി ഓഫീസ് അറിയാതെ സുപ്രധാന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളുന്നു എന്നതും അതൃപ്തിക്ക് കാരണമാണ്. നയപരമായ തീരുമാനങ്ങളില്‍ കൂടിയാലോചന ഉണ്ടാക്കാത്തതിലും മന്ത്രിക്ക് എതിര്‍പ്പുണ്ട്. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടികള്‍ കമ്മീഷണറേറ്റില്‍ നിന്ന് ഉണ്ടാകുന്നു എന്നും വിമര്‍ശനമുണ്ട്. ഇനിമുതല്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനങ്ങള്‍ എടുക്കേണ്ട എന്നതാണ് മന്ത്രിയുടെ നിലപാട്
Content Highlights: M. Liju has responded to the bar licence controversy, stating that no one will be allowed to undermine the policies put forward by the government.