റെയില്‍വേ പാസ് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍; ഇനി രാജധാനിയിലും ശതാബ്ദിയിലും ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാം

സാധാരണ ലഭിക്കുന്ന പാസില്‍ അനുവദിച്ച ക്ലാസിനേക്കാള്‍ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാനും അവസരം ലഭിക്കും; റെയില്‍വേ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും അര്‍ഹരായ വിധവകള്‍ക്കും ആശ്വാസമായി പുതിയ ഉത്തരവ്.

റെയില്‍വേ പാസ് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍; ഇനി രാജധാനിയിലും ശതാബ്ദിയിലും ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാം
dot image

റെയില്‍വേ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും യാത്രയ്ക്കായി ലഭിക്കുന്ന പാസ് ഉപയോഗിച്ച് ഇനി രാജധാനി, ദുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാം. ഇതിനായി പാസില്‍ അനുവദിച്ച ക്ലാസും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ക്ലാസും തമ്മിലുള്ള നിരക്കിന്റെ വ്യത്യാസം നല്‍കിയാല്‍ മതി. റെയില്‍വേ ബോര്‍ഡാണ് ഇതുസംബന്ധിച്ച് പുതിയ വ്യക്തത വരുത്തിയിരിക്കുന്നത്. റെയില്‍വേ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ തീരുമാനം. നേരത്തേ ഈ സൗകര്യം സംബന്ധിച്ച് നിയമങ്ങളില്‍ വ്യക്തതക്കുറവുണ്ടായിരുന്നതാണ് പുതിയ വിശദീകരണത്തിന് വഴിയൊരുക്കിയത്.

Railway pass holders

ആര്‍ക്കൊക്കെയാണ് ഈ സൗകര്യം ലഭിക്കുക?

മൂന്ന് വിഭാഗം പാസ് ഉടമകള്‍ക്കാണ് പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കുക.

  • പ്രിവിലേജ് പാസ് (PP): നിലവില്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്ന പാസ്.
  • പോസ്റ്റ് റിട്ടയര്‍മെന്റ് കോംപ്ലിമെന്ററി പാസ് (PRCP): വിരമിച്ച റെയില്‍വേ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പാസ്.
  • വിധവാ പാസ് (WP): അര്‍ഹരായ മരിച്ച റെയില്‍വേ ജീവനക്കാരുടെ വിധവകള്‍ക്ക് ലഭിക്കുന്ന പാസ്.

ഈ പാസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അനുവദിച്ച യാത്രാക്ലാസിനേക്കാള്‍ ഉയര്‍ന്ന ക്ലാസ് തിരഞ്ഞെടുക്കാം. എന്നാല്‍ അതിന് ബാധകമായ അധിക നിരക്ക് നല്‍കണം.

Railway pass holders

എങ്ങനെയാണ് അധിക നിരക്ക് കണക്കാക്കുക?

ഉദാഹരണത്തിന് ഒരു പാസ് ഉടമയ്ക്ക് അനുവദിച്ചിരിക്കുന്ന ക്ലാസിനേക്കാള്‍ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യണമെന്നുണ്ടെന്ന് കരുതുക. അപ്പോള്‍ രണ്ട് ക്ലാസുകളിലെയും ബാധകമായ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസമാണ് അധികമായി നല്‍കേണ്ടത്. ഇതിലൂടെ പാസിന്റെ അടിസ്ഥാനത്തിലുള്ള യാത്രാസൗകര്യം നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ സൗകര്യമുള്ള ക്ലാസ് തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. എന്നാല്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ട്രെയിനിലും ക്ലാസിലും ബാധകമായ നിയമങ്ങളും സീറ്റ് ലഭ്യതയും പരിശോധിക്കേണ്ടതുണ്ട്.

ടിക്കറ്റ് ബുക്കിങ്ങിലും മാറ്റങ്ങള്‍

പുതിയ തീരുമാനം നടപ്പാക്കുന്നതിനായി പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തിലും (PRS) ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലെ (HRMS) ഇ-പാസ് സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സര്‍വന്റ്‌സ് (പാസ്) റൂള്‍സ്, 1986 ലെ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ വ്യക്തത. 2026 ഒക്ടോബര്‍ 30 നാണ് റെയില്‍വേ ബോര്‍ഡ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാസ് ഉടമകള്‍ക്ക് ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ഉണ്ടായിരുന്ന ആശയക്കുഴപ്പം ഇതോടെ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights :Railway pass holders will now have the opportunity to travel in a class higher than the one originally permitted on their passes; a new order brings relief to railway employees, retired staff, and eligible widows.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image