വായിലൂടെ മാത്രം ശ്വസിക്കുന്ന, ഒരു മണവും അറിഞ്ഞിട്ടില്ലാത്ത ആറുവയസുകാരി! മൂക്കില്ലാതെ ജനിച്ച പെൺകുട്ടി

സൈനസോ നേവല്‍ കാവിറ്റിയോ അവള്‍ക്കില്ല. ഒന്നും മണക്കാന്‍ കഴിയാത്തതിനാല്‍ കഴിക്കുന്ന ഭക്ഷണം മോശമാണോ എന്നുപോവും ടെസയ്ക്ക് തിരിച്ചറിയാനാവില്ല

dot image

അപൂർവമായ ഒരു പ്രത്യേകതയുമായാണ് ടെസ എന്ന പെൺകുട്ടി ലോകത്തെത്തിയത്. അവൾക്ക് മൂക്കില്ലായിരുന്നു. കംപ്ലീറ്റ് കൺജനിറ്റൽ ആർഹീനിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ലോക ജനസംഖ്യയിൽ വളരെ കുറച്ച് പേർക്ക് മാത്രം കണ്ടുവരുന്ന അത്യപൂർവമായ ഒരു അവസ്ഥ. ഗ്രെയ്‌നി - നതാൻ ഇവാൻസ് ദമ്പതികൾ അൾട്രാസൗണ്ട് സ്‌കാനിംഗിന് എത്തിയപ്പോൾ തന്നെ ഡോക്ടർമാർ ഇക്കാര്യം അവരെ അറിയിച്ചിരുന്നു. അന്ന് അമ്മയുടെ ഗർഭപാത്രത്തിൽ ഇരുപതാഴ്ച വളർച്ചയാണ് ടെസയ്ക്കുണ്ടായിരുന്നത്. ആദ്യം ഈ വെളിപ്പെടുത്തൽ കേട്ട് ഒന്ന് പകച്ചെങ്കിലും തങ്ങളുടെ കുഞ്ഞിനായി അവർ പ്രതീക്ഷയോടെ കാത്തിരുന്നു. ടെസയെ അവർ എല്ലാ സ്‌നേഹവും നൽകി വളർത്തി. അവൾക്ക് എല്ലാ പിന്തുണയും നൽകി. അതിനാൽ പല സാഹചര്യങ്ങളെ മറികടന്ന് ധൈര്യത്തോടെയും സന്തോഷത്തോടെയും ടെസ വളർന്നു വന്നു. ഇപ്പോൾ ആറുവയസാണ് ടെസയുടെ പ്രായം. വടക്കന്‍ ഐയർലന്‍റിലെ മഗേരയിലാണ് ടെസയുടെ താമസം. സൈനസോ നേവല്‍ കാവിറ്റിയോ അവള്‍ക്കില്ല. ഒന്നും മണക്കാന്‍ കഴിയാത്തതിനാല്‍ കഴിക്കുന്ന ഭക്ഷണം മോശമാണോ എന്നുപോവും ടെസയ്ക്ക് തിരിച്ചറിയാനാവില്ല.

ജനിച്ചപ്പോൾ ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ മൂലം ബുദ്ധിമുട്ടിയ ടെസയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് പ്രായത്തിൽ തന്നെ നിരവധി ശസ്ത്രക്രിയകൾക്ക് അവൾ വിധേയയായി. കണ്ണിന് തിമിരത്തിന്റെ ബുദ്ധിമുട്ടുകളും അവളെ വലച്ചു. പക്ഷേ എല്ലാ പ്രതിസന്ധികളിലും അവൾ തളരാതെ മുന്നോട്ടു പോയി. ടെസയ്ക്ക് രണ്ട് വയസ് പ്രായമുള്ളപ്പോൾ അവൾക്കൊരു കൃത്രിമ മൂക്കെന്ന ആശയം മാതാപിതാക്കളുടെ മനസിലുണ്ടായി. വളരെ മികച്ചൊരു മെഡിക്കൽ സംഘത്തിന്റെ സഹായമവർ തേടി. വായിൽ കൂടി മാത്രമാണ് ടെസയ്ക്ക് ശ്വസിക്കാൻ കഴിഞ്ഞത്. അതിനാൽ ഒരു മണവും അവൾക്ക് പരിചിതമല്ല. പക്ഷേ അവളുടെ മാതാപിതാക്കൾ പറയുന്നത് എല്ലാ സന്തോഷത്തോടെയും കുസൃതികളും വികൃതികളുമായി സാധാരണ കുട്ടികളെ പോലെ തന്നെയാണ് അവളും വളരുന്നത് എന്നാണ്. ആദ്യം ആളുകൾ അവളെ തുറിച്ച് നോക്കുമെങ്കിലും പിന്നെ അവളുടെ പ്രകൃതം മനസിലാവുമ്പോൾ മറ്റുള്ളവരും അവൾക്കൊപ്പം ചേരുമെന്ന് ടെസയുടെ അമ്മ പറയുന്നു.

മൂക്കില്ലെന്ന കാരണത്താൽ പല പരിഹാസങ്ങളും പല രൂപങ്ങളും ആളുകളുമായെല്ലാം അവളെ താരതമ്യം ചെയ്തും ഇരട്ടപേരുകൾ കേട്ടുമാണ് ടെസ വളർന്നത്. ആളുകൾ അവളെ കാണുന്ന രീതി മാറ്റാൻ അവൾക്ക് സാധിക്കുന്നുണ്ട്. രൂപത്തിലുണ്ടാവുന്ന മാറ്റങ്ങൾ, ചെറിയ ചില കുറവുകളൊക്കെ ശരിയാക്കി തന്നെ പോകണമെന്ന സമൂഹത്തിന്റെ സങ്കൽപം മാറണമെന്നാണ് ടെസയുടെ മാതാപിതാക്കൾ പറയുന്നത്.ടെസയെ സൗന്ദര്യത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ പരിഹസിച്ചവരോടും അത് തുടരുന്നവരോടും ഭംഗി എന്നത് നിലപാടും ധൈര്യവും തന്നെ തന്നെ ഉൾക്കൊള്ളുക എന്നാതാണെന്ന് അവളുടെ മാതാപിതാക്കൾ പറയുന്നു. എല്ലാത്തിനെയും വ്യത്യസ്തമായ രീതിയിൽ കാണാൻ അവൾ പഠിപ്പിക്കുകയാണ്. ടെസ അവളെ കാണുന്നവരുടെ രീതി മാറ്റുക മാത്രമല്ല, ചില മൈൻഡ്‌സെറ്റുകൾ മാറ്റാനും സഹായിക്കുകയാണ്.
Content Highlights: Meet Tessa six year old born without nose

dot image
To advertise here,contact us
dot image