Top

തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍; അത്മഹത്യയെന്ന് സംശയം, മൃതദേഹം കണ്ടെത്തിയത് പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത്

11 April 2022 2:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍; അത്മഹത്യയെന്ന് സംശയം, മൃതദേഹം കണ്ടെത്തിയത് പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത്
X

തിരുവല്ല: പത്തനംതിട്ടയില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവല്ല നിരണം കാണാത്രപറമ്പില്‍ രാജീവാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കര്‍ഷന്റെ മരണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പാട്ടത്തിനെടുത്ത് കൃഷി സ്ഥലത്തിന് സമീപം രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നായി രാജീവ് കാര്‍ഷിക വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നതായാണ് വിവരം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സംബന്ധിച്ച പ്രതികരണങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഏറെ കാലമായി കൃഷിമാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയായിരുന്നു രാജീവ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ കൃഷി നാശത്തില്‍ നഷ്ടപരിഹാരം തുച്ഛമായ തുകയായിരുന്നു ലഭിച്ചത്. ഇതിനെതിരെ നിയമ നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വേനല്‍ മഴയിലും രാജീവന്റെ കൃഷിക്ക് വ്യാപകമായ നാശം സംഭവിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം രാജീവിനെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Farmer dead in Thiruvalla Suspicion of suicide

Next Story