ഹാർവാര്‍ഡ് സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ട്രംപ് സര്‍ക്കാരിന്റെ നടപടിക്ക് സ്റ്റേ

സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായാല്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഉത്തരവ്

dot image

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിൻ്റെ ഉത്തരവിന് സ്റ്റേ. മസാച്യൂസെറ്റ്‌സ് ഡിസ്ട്രിക് കോടതി ജഡ്ജ് അല്ലിസന്‍ ബറ്റഫ്‌സാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹാര്‍വാര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായാല്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 29ന് കേസിന്റെ അടുത്ത വാദം കേള്‍ക്കും.

സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിയമത്തിനുമെതിരാണെന്ന് വാദിച്ചായിരുന്നു ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ചത്. സര്‍വകലാശാലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ നാലിലൊന്ന് പേരെ ഇല്ലാതാക്കാനുള്ള നടപടിയാണിതെന്നും ഹാര്‍വാര്‍ഡ് പറഞ്ഞു. നിയമവിരുദ്ധവും അനാവശ്യവുമായ നടപടിയെ അപലപിക്കുന്നതായി ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബറും പ്രതികരിച്ചു.

എന്നാല്‍ കാമ്പസില്‍ അമേരിക്കന്‍ വിരുദ്ധ, യഹൂദ വിരുദ്ധ, തീവ്രവാദ അനുകൂല പ്രക്ഷോഭകരുടെ വിപത്ത് അവസാനിപ്പിക്കാന്‍ ഹാര്‍വാര്‍ഡ് ശ്രമിച്ചിരുന്നെങ്കില്‍ ഇത്രമാത്രം പ്രശ്‌നമുണ്ടാകുമായിരുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അബിഗെയില്‍ ജാക്‌സണ്‍ പറഞ്ഞു. ജഡ്ജിക്ക് ലിബറല്‍ അജണ്ടയുണ്ടെന്നായിരുന്നു ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ അദ്ദഹം പ്രതികരിച്ചത്. കുടിയേറ്റ നയത്തിലും ദേശീയ സുരക്ഷാ നയത്തിലും ട്രംപ് ഭരണകൂടം അവരുടെ ശരിയായ നിയന്ത്രണം പ്രയോഗിക്കുന്നത് തടയാന്‍ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലയുടെ സ്റ്റുഡന്റ് ആന്റ് എക്സേഞ്ച് വിസിറ്റര്‍ പ്രോഗ്രാം (എസ്ഇവിപി) സര്‍ട്ടിഫിക്കേഷന്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉത്തരവിറക്കുകയായിരുന്നു. അക്രമം, യഹൂദ വിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ഏകോപനം എന്നിവ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വളര്‍ത്തുന്നുവെന്ന ഗുരുതര ആരോപണമുന്നയിച്ചായിരുന്നു നടപടി.

അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടി പ്രാബല്യത്തില്‍ വന്നാല്‍ നൂറുകണക്കിന് വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കും. ഓരോ വര്‍ഷവും 500 മുതല്‍ 800 വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഹാര്‍വാര്‍ഡിന്റെ ഭാഗമാകുന്നുണ്ടെന്ന് സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. നിലവില്‍ 788 വിദ്യാര്‍ത്ഥികളാണ് സര്‍വകലാശലയില്‍ ചേര്‍ന്നിട്ടുള്ളത്. ഏകദേശം ആകെ 6800 ഓളം വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാര്‍ഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളും ഡിഗ്രി പ്രോഗ്രാമിലേക്കാണ് പ്രവേശനം നേടിയിരിക്കുന്നത്.

Content Highlights: Court stay Donald Trump government s plan to block foreign students in Harvard University

dot image
To advertise here,contact us
dot image