
മുംബൈ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യമൊട്ടാകെ തുർക്കിക്കെതിരെ തുടരുന്ന ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ മുംബൈയിൽ നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യം. ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുളള രാഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി പി രാധാകൃഷ്ണൻ എന്നിവർക്ക് രാഹൂൽ കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.
'മുംബൈ ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് തന്നെ വലിയ സംഭാവന നൽകുന്ന നഗരമാണ്. രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ എടുക്കുമ്പോഴും മുംബൈക്ക് പ്രധാന സ്ഥാനമുണ്ട്. തുർക്കിയിൽ ടൂറിസ്റ്റുകളായി എത്തുന്നത് പ്രധാനമായും ഇന്ത്യക്കാരാണ്. എന്നാൽ ഭീരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനെതിരായി, പാകിസ്താന് പിന്തുണ നൽകിയിരിക്കുകയാണ് തുർക്കി. ഈ സാഹചര്യത്തിൽ മുംബൈയിൽ നിന്നും തുർക്കിയിലേക്കുളള എല്ലാ വിമാനങ്ങളും നിർത്തിവെക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്'; എന്നായിരുന്നു രാഹൂലിന്റെ കത്ത്. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഈ നീക്കം പ്രധാനമായിരിക്കുമെന്നും രാഹൂൽ അവകാശപ്പെട്ടു. ഈ നീക്കത്തിന് പുറമെ തുർക്കിക്ക് നേരെ ഉപരോധങ്ങൾ പ്രഖ്യാപിക്കണമെന്നും രാഹൂൽ ആവശ്യപ്പെട്ടു. നയതന്ത്ര നീക്കങ്ങൾ, തുർക്കിയുമായുള്ള ബന്ധങ്ങൾ നിർത്തുവെക്കുക, സാമ്പത്തിക ഉപരോധങ്ങൾ എന്നിവയാണ് രാഹൂൽ ആവശ്യപ്പെടുന്നത്.
ഇന്ത്യയുമായുള്ള സംഘർഷ സമയത്ത് തുർക്കിയുടെ ഡ്രോണുകളായിരുന്നു ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഉപയോഗിച്ചിരുന്നത്. ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് പാകിസ്താന് പിന്തുണയുമായി തുർക്കി രംഗത്തെത്തിയിരുന്നു. തുർക്കി നാവിക കപ്പൽ പാകിസ്താനിലെ കറാച്ചി തുറമുഖത്തെത്തിയിരുന്നു. എന്നാൽ ഇത് വെറും സൗഹൃദ സന്ദർശനമെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ തുർക്കിക്കെതിരായ വികാരം രൂപം കൊണ്ടത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുർക്കി സന്ദർശിക്കുന്നത് പല ഇന്ത്യക്കാരും റദ്ദാക്കിയിരുന്നു. ഡെസ്റ്റിനേഷൻ വെഡിങ്ങിനായും മറ്റും ഇന്ത്യക്കാർ സ്ഥിരമായി പോകുന്ന സ്ഥലമായിരുന്നു തുർക്കി. ദേശ സുരക്ഷ കണക്കാക്കി തുർക്കിഷ് വ്യോമയാന സ്ഥാപനമായ സെലെബി എയർപോർട്ട് സർവീസസിന്റെ ക്ലിയറൻസും കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.
തുർക്കിയിൽ നിന്നുമുള്ള ബേക്കറി ഉത്പന്നങ്ങളൂം ബേക്കറി യന്ത്രങ്ങളും ബഹിഷ്കരിക്കാനും ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്തിരുന്നു. തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ജെല്ലുകൾ, ഫ്ലേവറുകൾ, ചോക്ലേറ്റുകൾ എന്നിവയാണ് ബഹിഷ്കരിക്കുക. ഇന്ത്യയ്‌ക്കെതിരെ പാകിസ്താനെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യവും ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു.
Content Highlights: Shivsena leader asks to stop flights from mumbai to turkey