
ഇറ്റാലിയൻ ഫുട്ബോളിൽ വീണ്ടും എസ് എസ് സി നാപ്പോളി രാജക്കന്മാർ. സീസണിലെ അവസാന മത്സരവും പൂർത്തിയായപ്പോൾ നിലവിലെ ചാംപ്യന്മാരായ ഇന്റർ മിലാനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കിയാണ് നാപ്പോളി വീണ്ടും സീരി എ കിരീടം സ്വന്തമാക്കിയത്. ഏറെ പ്രയാസകരമായിരുന്നു നാപ്പോളിയുടെ ഈ യാത്ര. 2023ൽ നാപ്പോളിയായിരുന്നു സീരി എ ചാംപ്യന്മാർ. എന്നാൽ കഴിഞ്ഞ വർഷം 10-ാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മാറിവന്നത് അഞ്ച് പരിശീലകർ.
കഴിഞ്ഞ വർഷം ജൂണിലാണ് നാപ്പോളി പരിശീലകനായി അന്റോണിയോ കോണ്ടെ ചുമതലയേറ്റത്. 2011 മുതൽ 2014 വരെ യുവന്റസിനെ സീരി എ ചാംപ്യന്മാരാക്കിയ മാനേജർ. 2017ൽ ചെൽസിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുത്തമിട്ടു. അന്റോണിയോ വിട്ടുപോയെങ്കിലും 2020 വരെ യുവന്റസായിരുന്നു ഇറ്റാലിയൻ ലീഗിലെ ചാംപ്യന്മാർ. ഒടുവിൽ 2021ൽ ഇന്റർ മിലാനിലെത്തി അന്റോണിയോ തന്നെ സീരി എ കിരീടം തിരിച്ചുപിടിച്ചു.
കഴിഞ്ഞ തവണ തകർന്നടിഞ്ഞ നാപ്പോളിയുടെ ചുമതല അന്റോണിയോ ഏറ്റെടുക്കുമ്പോൾ ഫുട്ബോൾ ലോകം അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവിടെ നിന്നും നാപ്പോളിയുടെ കഥ മാറുകയാണ്. ഗോൾ കീപ്പർ അലക്സ് മെററ്റ്, ക്യാപ്റ്റൻ ജിയോവാനി ഡി ലോറെൻസോ, പ്രതിരോധത്തിൽ അമീർ റഹ്മാനി, മധ്യനിരയിൽ സ്റ്റാനിസ്ലാവ് ലോബോട്ട്ക, ഫ്രാങ്ക് അംഗുയിസ എന്നിവർ സ്ഥിരമായി നാപ്പോളി ടീമിൽ ഇടം പിടിച്ചു.
ഇന്റർ മിലാനിലെ സൗഹൃദം റൊമാലു ലുക്കാക്കയെ നാപ്പോളിയിലെത്തിക്കാൻ അന്റോണിയോയ്ക്ക് സഹായമായി. എ സി റോമ വിട്ട ബെൽജിയം സ്ട്രൈക്കർ നാപ്പോളിയുടെ പടികയറി. പിന്നെ ലുക്കാക്കു 2023ലെ നാപ്പോളിയുടെ ഹീറോകളിലൊരാളായ വിക്ടര്‍ ഒസിംഹന്റെ ഒത്ത പകരക്കാരനായി. എല്ലാത്തിനുമുപരിയായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്‌കോട്ട് മക്‌ടോമിനയയെയും സ്വന്തമാക്കി. ഇത് നാപ്പോളിയെ സന്തുലിത ടീമാക്കി മാറ്റി. പിന്നെ ചാംപ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ കൂടിയ ഇന്റർ മിലാനെ പോലും പിന്നിലാക്കി നാപ്പോളി ഇറ്റാലിയൻ ലീഗ് കീരിടം തിരിച്ചുപിടിച്ചു.
ഒരുകാലത്ത് ഫുട്ബോൾ ദൈവം സാക്ഷാൽ ഡീഗോ മറഡോണ പന്തുതട്ടിയിരുന്ന ക്ലബ്. ചരിത്രത്തിൽ ആദ്യമായി ഇറ്റാലിയൻ സീരി എ കിരീടം നാപ്പോളി ഉയർത്തിയതും മറഡോണയുടെ കാലത്ത് തന്നെ. 1987ൽ ആദ്യമായി നാപ്പോളി ഇറ്റാലിയൻ ഫുട്ബോളിന്റെ ചാംപ്യന്മാരായി. പിന്നീടുള്ള രണ്ട് വർഷം റണ്ണേഴ്സ് അപ്പുകൾ. 1990ൽ വീണ്ടും ചാംപ്യന്മാർ. എന്നാൽ മറഡോണ യുഗം അവസാനിച്ചതും നാപ്പോളി വീണ്ടും തകർന്നടിഞ്ഞു.
കാത്തിരിപ്പിലായിരുന്നു നാപ്പോളി ആരാധകർ. 2023ൽ ലൂസിയാനോ സ്പല്ലെറ്റിയിലൂടെ 33 വർഷം നീണ്ട കാത്തിരിപ്പിന് അവസാനമായി. പക്ഷേ ഒറ്റ വർഷത്തിൽ നാപ്പോളി വീണ്ടും പിന്നിലേക്ക് പോയി. ഇത്തവണ വിജയത്തിലും അന്റോണിയോ മറ്റൊരു കാര്യം ഓർമിപ്പിക്കുന്നു. ചാംപ്യൻസ് ലീഗ് അടുത്തുവരുന്നു. ഇറ്റാലിയൻ ലീഗിലും ചാംപ്യൻസ് ലീഗിലുമെല്ലാം ഒരുപോലെ പോരാടണം. വിജയങ്ങൾ നേടണം. ഇല്ലെങ്കിൽ ഇവിടം വിട്ടിറങ്ങാൻ ഞാൻ മടിക്കില്ല. അന്റോണിയോ വലിയ സിഗ്നലുകൾ നൽകുകയാണ്.
Content Highlights: Napoli Clinches Serie A Title in Dramatic Fashion