'പൊതുശ്‌മശാനത്തിൽ പ്രത്യേക ഭൂമി വേണം'; എൻഎസ്എസിന് പിന്നാലെ ഈഴവ, വിശ്വകർമ സമുദായങ്ങളും രംഗത്ത്

എൻഎസ്എസ് കരയോഗത്തിന് നൽകിയ മാതൃകയിൽ തങ്ങളുടെ സമുദായങ്ങൾക്കും 20 സെൻ്റ് സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം

dot image

പാലക്കാട്: പൊതുശ്‌മശാനത്തിൽ എൻഎസ്എസിന് പ്രത്യേക സ്ഥലം നൽകി എന്ന ആരോപണത്തിന് പിന്നാലെ, തങ്ങൾക്കും സ്ഥലം നൽകണമെന്നാവശ്യപ്പെട്ട് കൂടുതൽ ജാതി സംഘടനകൾ രംഗത്ത്. വിശ്വർമ്മ, ഈഴവ സമുദായങ്ങളാണ് പാലക്കാട് നഗരസഭ സെക്രട്ടറിക്ക് സ്ഥലം ആവശ്യപ്പെട്ട് കത്ത് നൽകിയത്.

എൻഎസ്എസ് കരയോഗത്തിന് നൽകിയ മാതൃകയിൽ തങ്ങളുടെ സമുദായങ്ങൾക്കും 20 സെൻ്റ് സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം. മഴക്കാലത്ത് സംസ്കാരം നടത്താൻ വലിയ പ്രയാസമാണെന്നും ഷെഡ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്ഥലം ആവശ്യപ്പെടുന്നത് എന്നുമാണ് കാളിപ്പാറ വിശ്വകർമ സമുദായത്തിന്റെ സെക്രട്ടറി നൽകിയ കത്തിലുള്ളത്. ഇതേ തരത്തിലുള കത്ത് ഈഴവ സമുദായവും സെക്രട്ടറിക്ക് നൽകി.

ഷെഡ്ഡ് നിര്‍മ്മിക്കാന്‍ മുനിസിപ്പാലിറ്റി നല്‍കിയ 20 സെന്റ് സ്ഥലത്ത് അനധികൃതമായി എന്‍എസ്എസ് ഭാരവാഹികള്‍ മതില്‍ നിര്‍മിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നഗരസഭാ വിഷയത്തിൽ ഇടപെട്ടിരുന്നു. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ മതില്‍കെട്ടി തിരിച്ചത്. നീക്കത്തിന് പിന്നില്‍ നഗരസഭയാണെന്ന് പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരോപിച്ചിരുന്നു. 'ജാതിയുടെ അടയാളങ്ങളോ വേര്‍തിരിവുകളോ ഇല്ലാത്ത പൊതുശ്മശാനമാണ്. അവിടെയാണ് വിവിധ ജാതി മതവിഭാഗങ്ങള്‍ക്ക് സ്ഥലം മാര്‍ക്ക് ചെയ്തുകൊടുത്തത്. സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ശ്രമം', എന്നായിരുന്നു ആരോപണം.

എന്നാല്‍ ശ്മശാനത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമാണെന്നും ഇതിനുള്ളില്‍ ഷെഡ് കെട്ടണമെന്ന് ആവശ്യപ്പെട്ടതോടെ കൗണ്‍സില്‍ അനുവദിച്ചു നല്‍കുകയായിരുന്നുവെന്നുമാണ് ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. ഏത് സംഘടന വന്നാലും അനുമതി കൊടുക്കും. ജാതി പ്രശ്‌നമേയല്ല. എല്ലാവര്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഷെഡ് കെട്ടുന്നതെന്ന് എന്‍എസ്എസ് അറിയിച്ചതുകൊണ്ടാണ് സ്ഥലം അനുവദിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ നടപടി വിവാദമായ സാഹചര്യത്തില്‍ ഷെഡ് നിര്‍മ്മാണനടപടികള്‍ സ്‌പോണ്‍സര്‍ഷിപ്പോട് കൂടി ഏറ്റെടുക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.

Content Highlights: Vishwakarma and Ezhava community demand for seperate land at Palakkad Public Crematorium

dot image
To advertise here,contact us
dot image