
കൊച്ചി: കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്.
സംസ്ഥാനത്ത് മഴ കനക്കുന്നു സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട് താമരശ്ശേരി ചുരത്തിൽ കനത്ത മൂടൽമഞ്ഞും മഴയും. വാഹന യാത്രക്കാർക്ക് ജാഗ്രത നിർദേശം.
സൈറൺ മുഴങ്ങും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് സൈറൺ മുഴങ്ങും. ഇന്ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് സൈറൺ മുഴങ്ങുന്നത്.
റെഡ് അലേർട്ട് മലപ്പുറം ജില്ലയിൽ ജാഗ്രത
റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നിർദ്ദേശം. നാളെയും മറ്റന്നാളുമാണ് (മെയ് 25,26) മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ വി ആർ വിനോദാണ് ഖനന പ്രവർത്തനം നിർത്തി വെയ്ക്കാൻ നിർദ്ദേശം നൽകിയത്.
മണ്ണെടുക്കാൻ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളിൽ മണ്ണ് നീക്കാൻ പാടില്ല. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങൾ, കനാൽ പുറമ്പോക്കുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
നിലമ്പൂർ-നാടുകാണി ചുരം വഴിയുള്ള യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യൻപാറ, കേരളാംകുണ്ട്, കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുൾപ്പെടെ മലയോര മേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കി.
സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
അതിശക്തമായ മഴയിൽ ജാഗ്രത വേണം മന്ത്രി കെ രാജൻ
അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്യുന്നതെന്നും ജാഗ്രത ഉണ്ടാകണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. രാത്രിയാത്ര ഒഴിവാക്കണമെന്നും മഴ ഉണ്ടായാൽ ദുരന്തസാധ്യതയുള്ള ഇടങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മത്സ്യതൊഴിലാളികൾ കടലിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലെയും അവസ്ഥകൾ വിലയിരുത്തിയെന്നും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി. 3950 ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വയനാട് ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യത
വയനാട് ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതാ മുന്നറിയിപ്പ് നൽകി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അംഗൻവാടിക്ക് മുകളിലൂടെ മരം വീണു
തിരുവനന്തപുരം കല്ലമ്പലം ഒറ്റൂരിലാണ് അങ്കണവാടിയ്ക്ക് മുകളിൽ മരം വീണത്. അവിടെയുണ്ടായിരുന്ന കുട്ടികളെ മാറ്റി. സമീപത്ത് നിന്ന പ്ലാവാണ് കെട്ടിടത്തിന് മുകളിലേയ്ക്ക് വീണത്.
എറണാകുളത്ത് ഖനന പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ നിർദ്ദേശം
എറണാകുളം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ നിർദ്ദേശം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. ഇതിനിടെ മഴക്കെടുതിയിൽ എറണാകുളം പറവൂരിൽ ശക്തമായ കാറ്റിൽ 3 വീടുകൾ ഭാഗികമായി തകർന്നു. അഞ്ച് കൃഷിയിടങ്ങളിലും നാശനഷ്ടം.
നിലമ്പൂർ പുന്നപ്പുഴ കടക്കാനുള്ള ചങ്ങാടം ഒലിച്ചുപോയി
കനത്ത മഴയെ തുടർന്ന് നിലമ്പൂർ പുന്നപ്പുഴ കടക്കാനുള്ള ചങ്ങാടം ഒലിച്ചുപോയി. ഇതോടെ പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി നഗറുകൾ ഒറ്റപ്പെട്ടു. ചങ്ങാടം ഉപയോഗിച്ചാണ് നഗറിലുള്ളവർ പുഴ കടന്നിരുന്നത്.
എറണാകുളം കോതമംഗലം ഭൂതത്താൻകെട്ടിൽ ബാരേജ് ഷട്ടറുകൾ തുറക്കും
ഭൂതത്താൻകെട്ടിൽ ബാരേജ് ഷട്ടറുകൾ ഉടൻ തുറക്കും. വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കിവിടും. പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നദിയിൽ ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം മരം കടപുഴകി വീണ് അപകടം.
നിർത്തിയിട്ടിരുന്ന 6 ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ ശക്തമായ മഴയിലാണ് സംഭവം
തൃക്കുന്നപ്പുഴ പാനൂരിൽ കടൽക്ഷോഭം
തൃക്കുന്നപ്പുഴ പാനൂരിലെ കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കാട്ടാശേരിയിൽ സിയാദ്, നൗഷാദ് എന്നിവരുടെ വീടുകൾ അപകട ഭീഷണിയിലാണ്. ഏഴ് തെങ്ങുകൾ കടപുഴകി വീണു.
പിണറായിയിൽ സ്കൂട്ടറിൻ്റെ പിറകിൽ തെങ്ങ് കടപുഴകി വീണ് യുവാവിന് നട്ടെല്ലിനു പരിക്ക്
പിണറായിയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൻ്റെ പിറകിൽ തെങ്ങ് കടപുഴകി വീണ് യുവാവിന് നട്ടെല്ലിനു പരിക്ക്. എടക്കടവ് തയ്യിൽ ഹൗസിൽ ഷിജിത്ത് (44) ന് ആണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ശക്തമായ കാറ്റിലും മഴയിലും പാറപ്രം റോഡിൽ വെച്ചാണ് തെങ്ങ് ബൈക്കിനു പുറകിൽ കട പുഴകി വീണത്. യുവാവിനെ മംഗാലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് മുകളിലേക്ക് മരം വീണു
കടുവാമൂഴി അമ്പഴത്തിനാൽ ഷിഹാബിന്റെ വീടാണ് മരം വീണു തകർന്നത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടം. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം തലനാട് വെള്ളാനി ഗവ. എൽ. പി സ്കൂളിന്റെ മേൽക്കൂരയും തകർന്നിട്ടുണ്ട്. കെട്ടിടത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ പഠനോപകരണങ്ങൾ അടക്കം എല്ലാം നശിച്ചു. പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു.
പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
വൈദ്യുതിതടസ്സവും അപകടസാധ്യതകളും സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കുന്നതിന് തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 94960 18377 എന്ന നമ്പരിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരത്ത് മലയോര മേഖലയിൽ വ്യാപക കൃഷി നാശം
നെയ്യാറ്റിൻകര, വെള്ളറട, അമ്പൂരി, മേഖലകളിലാണ് കനത്ത നഷ്ടം ഉണ്ടായത്. 8 ഏക്കർലധികം കൃഷി ചെയ്ത വാഴകൾ ഒടിഞ്ഞുവീണു. ബാലരാമപുരം സ്വദേശി ഹരിയുടെ കൃഷിഭൂമിയിലാണ് വ്യാപക നഷ്ടം സംഭവിച്ചത്. 7 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചു എന്ന് ഹരി പറഞ്ഞു.
കനത്ത മഴ കാലടി പാലത്തിൽ ടാർ ഇളകി കുഴി
എറണാകുളം കാലടി പാലത്തിൽ ടാർ ഇളകി മാറി കുഴി രൂപപ്പെട്ടു. നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
ചാലിശ്ശേരിയിൽ വൈദ്യുതി വിതരണം മുടങ്ങി
ചാലിശ്ശേരിയിൽ വൈദ്യുതി വിതരണം മുടങ്ങിയിട്ട് 12 മണിക്കൂറായി. പെരിങ്ങോട്, തൃശൂർ കൊങ്കനൂർ സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാലാണ് ചാലിശ്ശേരി സബ് സ്റ്റേഷനിൽ വൈദ്യുതി വിതരണം പുനഃസഥാപിക്കാൻ കഴിയാത്തത്. മരം വീണതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണം. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തി പുരോഗമിക്കുകയാണെന്ന് ചാലിശ്ശേരി കെഎസ്ഇബി അറിയിച്ചു.
കനത്ത മഴയിൽ വാഴ നശിച്ചു
വെങ്ങാനൂർചാവടിനടയിലുള്ള വയലിൽ കൃഷി ചെയ്തിരുന്ന 5000ത്തിലധികം വാഴ മഴയിലും കാറ്റിലും നശിച്ചു. 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കർഷകർ അറിയിച്ചു.
24 മണിക്കൂറായി അട്ടപ്പാടി 'ഇരുട്ടിൽ'
കഴിഞ്ഞ 24 മണിക്കൂറായി അട്ടപ്പാടിയിൽ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും 33 കെ വി ലൈനിലേയ്ക്ക് മരം വീണതിനെ തുടർന്നാണ് വൈദ്യുതി തടസ്സപ്പെട്ടത്. താവളത്ത് വീട്ടിയൂർ ഭാഗത്താണ് വൈദ്യുതി ലൈൻ വീണത്. വൈദ്യുതി പുനസ്ഥാപിക്കാൻ KSEB ശ്രമം തുടരുകയാണ്.
സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുമരകത്ത്. കുമരകത്ത് 12 സെൻറീമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളം ചുണ്ടിയിൽ 11 സെൻറീമീറ്റർ മഴ ലഭിച്ചു. കേരളത്തിൽ 40 സ്ഥലങ്ങളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.
കടലിൽ ഇറങ്ങി പ്രതിഷേധം
കനത്ത മഴയ്ക്ക് പിന്നാലെ കടൽക്ഷോഭം ശക്തമായ ചെല്ലാനത്ത് പ്രതിഷേധം ശക്തം. പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നു
സംസ്ഥാനത്ത് കാലവർഷം എത്തി. എട്ടു ദിവസം നേരത്തെയാണ് കാലവർഷം എത്തിയത്. ജൂൺ ഒന്നിനാണ് കാലവർഷം എത്തേണ്ടത്
കോഴിക്കോട് ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം. ക്വാറികൾ ഉൾപ്പെടെയുള്ള ഖനനപ്രവൃത്തികൾക്ക് വിലക്ക്. മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.