ടിക്കറ്റ് നിബന്ധനകളിലും പാർക്കിങ് സംവിധാനത്തിലും മാറ്റം; ഗ്ലോബൽ വില്ലേജ് പുതിയ സീസണിന് ഇനി ദിവസങ്ങൾ മാത്രം

സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പാർക്കിങ് മേഖലയിൽ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ടിക്കറ്റ് നിബന്ധനകളിലും പാർക്കിങ് സംവിധാനത്തിലും മാറ്റം; ഗ്ലോബൽ വില്ലേജ് പുതിയ സീസണിന് ഇനി ദിവസങ്ങൾ മാത്രം
dot image

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് ഒക്ടോബർ 14-ന് തുടക്കമാകുകയാണ്. 'എ മോർ വണ്ടർഫുൾ വേൾഡ്' എന്ന പ്രമേയത്തിൽ ഏഴ് മാസത്തിലധികം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഒക്ടോബർ 14-ന് വൈകുന്നേരം ആറ് മണിക്കാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ഇത്തവണ പ്രവേശന ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റങ്ങളില്ലെങ്കിലും ടിക്കറ്റ് നിബന്ധനകളിലും പാർക്കിങ് സംവിധാനത്തിലും പ്രധാന പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.

സാധാരണ പ്രവൃത്തിദിവസങ്ങളിൽ 25 ദിർഹമും വെള്ളി മുതൽ ഞായർ വരെയുള്ള വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും 30 ദിർഹമുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. മുൻ സീസണുകളിലെ നിരക്ക് തന്നെയാണ് ഇത്തവണയുമെങ്കിലും, ഞായറാഴ്ചകളിലെ പ്രവേശനത്തിന് ഇത്തവണ വാരാന്ത്യ നിരക്കായ 30 ദിർഹം ബാധകമായിരിക്കും എന്നതാണ് പ്രധാന മാറ്റം. ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും ഗേറ്റുകളിലെ കൗണ്ടറുകളിൽ നിന്നും സന്ദർശകർക്ക് ടിക്കറ്റുകൾ വാങ്ങാം.

സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പാർക്കിങ് മേഖലയിൽ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് കവാടങ്ങളിലെ കാത്തിരിപ്പ് ഒഴിവാക്കാൻ വിഐപി പാർക്കിംഗിൽ സ്വയം പണമടയ്ക്കാവുന്ന പുതിയ 'സെൽഫ് പേയ്‌മെന്റ് വെൻഡിംഗ് മെഷീനുകൾ' സ്ഥാപിച്ചിട്ടുണ്ട്. സൗജന്യ പാർക്കിംഗിന് പുറമെ, ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും 75 മുതൽ 120 ദിർഹം വരെയുള്ള വിവിധ പെയ്ഡ് പാർക്കിംഗ് മേഖലകളും ഇത്തവണ ലഭ്യമാണ്.

ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ അർദ്ധരാത്രി 12 മണി വരെയായിരിക്കും ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന സമയം. അതേസമയം, വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണി വരെ സന്ദർശകർക്ക് ഇവിടം ആസ്വദിക്കാനാകും.

Content Highlights: Global Village is set to reopen on October 14 for its 31st season. Tickets will cost Dh25 on weekdays and Dh30 on weekends and public holidays, with Sunday now included in the weekend pricing. VIP parking visitors can pay at self-service machines before reaching the exit, helping reduce congestion.

dot image
To advertise here,contact us
dot image