കുടുംബ സുരക്ഷിതത്വം ഉറപ്പാക്കാൻ കുവൈറ്റ്; പ്രീമാരിറ്റൽ പരിശീലനം നിർബന്ധമാക്കി മന്ത്രിസഭാ തീരുമാനം

വിവാഹ രജിസ്ട്രേഷന് മുൻപ് വധൂവരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിങ്ങ് നിർബന്ധമാക്കുന്നതാണ് പുതിയ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം

കുടുംബ സുരക്ഷിതത്വം ഉറപ്പാക്കാൻ കുവൈറ്റ്; പ്രീമാരിറ്റൽ പരിശീലനം നിർബന്ധമാക്കി മന്ത്രിസഭാ തീരുമാനം
dot image

കുവൈറ്റിൽ കുടുംബ ഭദ്രതയും സുരക്ഷിതത്വവും കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി രണ്ട് സുപ്രധാന നിയമഭേദഗതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം. വിവാഹ രജിസ്ട്രേഷന് മുൻപ് വധൂവരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിങ്ങ് നിർബന്ധമാക്കുന്നതാണ് പുതിയ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം. ഇതോടൊപ്പം, കമ്പനി രജിസ്ട്രേഷൻ ചുമതല വാണിജ്യ മന്ത്രാലയത്തിന് കൈമാറാനും ഔദ്യോഗിക രേഖകൾ പൂർണ്ണമായും ഡിജിറ്റലാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

രണ്ടാമതായി, വിവാഹം, വിവാഹമോചനം തുടങ്ങിയ കുടുംബ-വ്യക്തിനിയമ കാര്യങ്ങളുടെ രജിസ്ട്രേഷൻ രീതി കൂടുതൽ കർശനമാക്കും. വിവാഹത്തിന് മുൻപുള്ള പ്രത്യേക പരിശീലനവും വേർപിരിയലുകൾക്ക് മുൻപുള്ള അനുരഞ്ജന ശ്രമങ്ങളും നിയമപരമായി നിർബന്ധമാക്കും. പുതിയ കരട് വ്യവസ്ഥ പ്രകാരം വധൂവരന്മാർ പ്രീമാരിറ്റൽ ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ വിവാഹ കരാർ രജിസ്റ്റർ ചെയ്യാനാകൂ. ഈ പരിശീലന പരിപാടിയുടെ കാലാവധി, സിലബസ്, മറ്റ് മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് നീതിന്യായ മന്ത്രി ഉടൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമ ഭേദഗതി വ്യക്തമാക്കുന്ന കരട് ഉത്തരവുകൾ അംഗീകരിച്ചത്. നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ഡോക്യുമെൻ്റേഷൻ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയാണ് നീക്കത്തിന് പിന്നിൽ. സേവനങ്ങൾ കൂടുതൽ ലളിതമാക്കാനും വകുപ്പുകൾ തമ്മിലുള്ള ഡിജിറ്റൽ ഏകോപനം വർധിപ്പിക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കും.

നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ഡോക്യുമെന്റേഷൻ വിഭാഗത്തിൻ്റെ ചുമതലകളിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ വരുന്നത്. ആദ്യപടിയായി കമ്പനി രേഖകളുടെ രജിസ്ട്രേഷൻ ചുമതലയിൽ നിന്ന് സർക്കാർ നോട്ടറിയെ ഒഴിവാക്കി. പകരം ഇതിൻ്റെ പൂർണ്ണ അധികാരം വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ രജിസ്ട്രേഷൻ വിഭാഗത്തിന് കൈമാറും.

Content Highlights: Kuwait Cabinet approves amendments requiring couples to complete a premarital qualification programme before their marriage contract can be officially registered.

dot image
To advertise here,contact us
dot image