യുപിഐ ഇടപാടുകൾക്ക് എംഡിആർ; നടപ്പാക്കൽ 2027 ജനുവരി വരെ നീട്ടണമെന്ന് വ്യാപാരികളും ഫിൻടെക് കമ്പനികളും

ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പെയ്‌മെന്റ് രംഗത്തെ പ്രമുഖ കമ്പനികൾ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്

യുപിഐ ഇടപാടുകൾക്ക് എംഡിആർ; നടപ്പാക്കൽ 2027 ജനുവരി വരെ നീട്ടണമെന്ന് വ്യാപാരികളും ഫിൻടെക് കമ്പനികളും
dot image

ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള തീരുമാനം 2027 ജനുവരി വരെ നീട്ടിവെക്കണമെന്ന് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് വ്യാപാരി സംഘടനകളും ഫിൻടെക് കമ്പനികളും ആവശ്യപ്പെട്ടു.

ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പെയ്‌മെന്റ് രംഗത്തെ പ്രമുഖ കമ്പനികൾ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിലെ വിപണിയിലെ തിരക്കും വ്യത്യസ്ത യുപിഐ ഇടപാടുകളിലെ നിരക്കുകളെക്കുറിച്ചുള്ള അവ്യക്തതയുമാണ് സമയപരിധി നീട്ടാൻ ആവശ്യപ്പെടാൻ കാരണം. വിഷയത്തിൽ ധനകാര്യ മന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടുത്ത രണ്ട് ദിവസത്തിനകം എൻപിസിഐ അന്തിമ തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ മാസമാണ് യുപിഐ സ്റ്റിയറിംഗ് കമ്മിറ്റി 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത പേഴ്‌സൺ-ടു-മർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ നിരക്ക് നിശ്ചയിച്ചത്. ഇതനുസരിച്ച് 2,000 രൂപയുടെ ഇടപാടുകൾക്ക് 8 രൂപയും 10,000 രൂപയുടെ ഇടപാടുകൾക്ക് 40 രൂപയും വരെ വ്യാപാരികൾ ബാങ്കുകൾക്ക് ഫീസായി നൽകേണ്ടിവരും. എന്നിരുന്നാലും പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ നിരക്കുകൾ ഒക്ടോബർ 15 മുതൽ നടപ്പിലാക്കാനിരിക്കെ, വ്യവസായ മേഖലയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് കമ്പനികളുടെ വാദം.

നിലവിൽ കാർഡ് പെയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിന് ഈടാക്കുന്ന സേവന നിരക്കായ എംഡിആർ, യുപിഐക്കും ബാധകമാക്കുന്നതിലൂടെ ബാങ്കുകൾക്കും പെയ്‌മെന്റ് അഗ്രഗേറ്റർമാർക്കും തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചിലവുകൾ കണ്ടെത്താൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് സാധാരണ യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും എൻപിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights:Merchant bodies and fintech companies have urged NPCI to defer the proposed UPI MDR implementation until January 2027.The new rates are scheduled to take effect from October 15.

dot image
To advertise here,contact us
dot image