വ്യാപാര-നിക്ഷേപ സഹകരണം ശക്തിപ്പെടുത്തും; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും

ഊർജം, ഫിൻടെക്, ഹെൽത്ത്‌ടെക്, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ ഇൻക്യുബേഷൻ, ആക്സിലറേഷൻ പദ്ധതികളിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് പ്രവേശനം ലഭ്യമാക്കുന്നതിന് കരാർ സഹായകരമാകും

വ്യാപാര-നിക്ഷേപ സഹകരണം ശക്തിപ്പെടുത്തും; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും
dot image

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ഇതിനായി അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ADCCI)യും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർസ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI)യും സഹകരണ കരാറിൽ ഒപ്പുവെച്ചു.

ഇന്ന് (ഒക്ടോബർ 8) മുംബൈയിൽ നടന്ന ഇന്ത്യ–യുഎഇ ബിസിനസ് ഫോറത്തിനിടെയായിരുന്നു കരാർ ഒപ്പുവെച്ചത്. യുഎഇയിലെയും ഇന്ത്യയിലെയും 114 കമ്പനികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സ്വകാര്യ മേഖലയിലെ സഹകരണം എന്നിവ വിപുലീകരിക്കാൻ കരാറിലൂടെ ലക്ഷ്യമിടുന്നത്.

അബുദാബി ചേംബറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ FICCI ആതിഥേയ പങ്കാളിയായി പ്രവർത്തിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (CII) IMC ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും പരിപാടിയിൽ പങ്കാളികളായി. അബുദാബി ചേംബറിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് വൈസ് ചെയർമാൻ ഡോ. അലി ബിൻ ഹർമൽ അൽ ദാഹിരിയും FICCIയെ പ്രതിനിധീകരിച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗവും രാജ്യസഭാ എംപിയുമായ ഡോ. വിക്രംജിത് സിംഗ് സാഹ്നിയും കരാറിൽ ഒപ്പുവെച്ചു. ശുദ്ധ ഊർജം (clean energy), സ്മാർട്ട് ഇൻഡസ്ട്രി, ഇൻഡസ്ട്രി 4.0, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, നിക്ഷേപം, മൂലധന വിപണികൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (SME), സ്റ്റാർട്ടപ്പ് ഫിനാൻസിങ് തുടങ്ങിയ മേഖലകളിൽ സംയുക്ത പ്രവർത്തക സംഘങ്ങൾ രൂപീകരിക്കുമെന്ന് ഇരുസംഘടനകളും അറിയിച്ചു. ഊർജം, ഫിൻടെക്, ഹെൽത്ത്‌ടെക്, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ ഇൻക്യുബേഷൻ, ആക്സിലറേഷൻ പദ്ധതികളിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് പ്രവേശനം ലഭ്യമാക്കുന്നതിനും കരാർ സഹായകരമാകും. അബുദാബിയിലെ SME സ്ഥാപനങ്ങൾക്ക് FICCIയുടെ ആഗോള ബിസിനസ് ശൃംഖലയിലേക്കും കൂടുതൽ അവസരങ്ങളിലേക്കും പ്രവേശനം ലഭിക്കും.

വ്യാപാര പ്രതിനിധി സംഘങ്ങളുടെ പരസ്പര സന്ദർശനങ്ങൾ, വിപണി പഠന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതിക വിദഗ്ധതയും പരിശീലനവും പങ്കിടൽ, വ്യാപാര വളർച്ചയ്ക്ക് തടസ്സമാകുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങളിലും ഇരുപക്ഷവും സഹകരിക്കും. കരാർ ബിസിനസ് സമൂഹങ്ങളെ കൂടുതൽ അടുത്ത് കൊണ്ടുവരുകയും കമ്പനികൾക്ക് നിക്ഷേപവും വികസനവും ലക്ഷ്യമാക്കി ആവശ്യമായ വിവരങ്ങളും ബന്ധങ്ങളും അവസരങ്ങളും ലഭ്യമാക്കുകയും ചെയ്യുമെന്ന് ഡോ. അലി ബിൻ ഹർമൽ അൽ ദാഹിരി പറഞ്ഞു. ഇന്ത്യയിലെയും യുഎഇയിലെയും വിപണികളിൽ വളരുന്ന അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ ഈ കരാർ വഴിയൊരുക്കും. ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിൽ പുതിയ പങ്കാളിത്തങ്ങളും നിക്ഷേപ സാധ്യതകളും കണ്ടെത്താൻ ഇത് സഹായിക്കുമെന്നും ഡോ. വിക്രംജിത് സിംഗ് സാഹ്നിയും പറഞ്ഞു.

നിലവിൽ ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാര മൂല്യം 101.25 ബില്യൺ ഡോളറിലേയ്ക്ക് അല്ലെങ്കിൽ 371.8 ബില്യൺ ദിർഹത്തിലേക്ക് ഉയർന്നിട്ടുണ്ട്. 2032 ഓടെ ഇത് 200 ബില്യൺ ഡോളറിനടുത്തെത്തിക്കാനാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. 2022 മെയ് മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സ്വകാര്യ മേഖലയിലെ നിക്ഷേപത്തിനും സഹകരണത്തിനും കൂടുതൽ അവസരങ്ങൾ തുറന്നുകൊടുത്തിട്ടുണ്ട്. അബുദാബിയിൽ ഇന്ത്യൻ ബിസിനസ് സാന്നിധ്യവും ശക്തമായി തുടരുകയാണ്. 2026 ഓഗസ്റ്റ് വരെ 21,085 സജീവ ഇന്ത്യൻ കമ്പനികൾ അബുദാബി ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025-ൽ മാത്രം 4,642 പുതിയ ഇന്ത്യൻ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഇത് മുൻവർഷത്തേക്കാൾ 38.8 ശതമാനം വർധനയാണ്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ പുതിയ രജിസ്ട്രേഷനുകളുടെ വാർഷിക ശരാശരി വളർച്ച 44.6 ശതമാനമായിരുന്നു.

Content Highlights: India and the UAE signed a cooperation agreement during the India–UAE Business Forum in Mumbai to strengthen trade, investment and private-sector collaboration between the two countries.

dot image
To advertise here,contact us
dot image