

ബിയറിന് അമിത വില ഈടാക്കിയ സംഭവത്തിൽ വൻ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ. അമിത വിലയും മറ്റുമെല്ലാം കൂട്ടി 12575 രൂപയാണ് കമ്മീഷൻ പിഴയായി വിധിച്ചത്. ഹിമാചൽ പ്രദേശിലെ ഒരു മദ്യഷാപ്പിലെ വില്പനക്കാരനാണ് പിഴ ചുമത്തിയത്.
കാംഗ്ര ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ഈടാക്കിയത്. ഏപ്രിൽ 27നാണ് സംഭവം ഉണ്ടായത്. 155 രൂപയുടെ ബിയറിന് 230 രൂപയാണ് കടയിൽ നിന്ന് ഈടാക്കിയത്. 75 രൂപ അധികം വാങ്ങിയതിനെ ഉപഭോക്താവ് എതിർത്തെങ്കിലും കടയുടമയുടെ നിർദേശപ്രകാരമാണ് അമിത വില ഈടാക്കുന്നത് എന്നായിരുന്നു കൗണ്ടറിൽ ഉണ്ടായിരുന്നയാളുടെ മറുപടി. ബിൽ നൽകാനും അയാൾ തയ്യാറായില്ല. ഇതോടെയാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്.
സംഭവം പരിഗണിച്ച കമ്മീഷൻ കടയുടമയെയും കൗണ്ടറിൽ ഉണ്ടായിരുന്നയാളെയും ഹിയറിങ്ങിന് വിളിച്ചു. ഇതോടെ ഉപഭോക്താവിന്റെ വാദം അംഗീകരിച്ച് കമ്മീഷൻ ഉത്തരവ് ഇറക്കുകയായിരുന്നു. പരാതി അവിശ്വസിക്കാൻ കാരണം ഇല്ലെന്ന് കണ്ടെത്തിയ കമ്മീഷൻ ബിൽ നൽകാത്തത് മൂലം തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായെന്നും നിരീക്ഷിച്ചു. ഇതോടെയാണ് പിഴ വിധിച്ചത്.
മൊത്തം 12,575 രൂപയാണ് പിഴയായി വിധിച്ചത്. പിഴയായി 5000 രൂപ, കേസ് നടത്തിപ്പിന്റെ തുകയായി 7500 രൂപ, അധികമായി വാങ്ങിയ്യ് 75 രൂപ എന്നിവ കൂട്ടിയാണ് പിഴത്തുക നിർണയിച്ചത്. കൂടാതെ ഉത്തരവിന്റെ ഒരു പകർപ്പ് അഡീഷണൽ കമ്മീഷണർ, എക്സൈസ് നികുതി വകുപ്പ് എന്നിവർക്കും കമ്മീഷൻ അയച്ചുനൽകി.
Content Highlights: The consumer commission in Himachal Pradesh imposed a total penalty of ₹12,575 on a liquor shop seller for charging an excessive price for beer, including the additional amount and other applicable charges.