'ഗ്യാനേഷ് ഇറ്റ്‌സ് ഡണ്‍ ബ്രോ'; നാലാം ദിവസവും ഇന്‍ഡ്യ മുന്നോട്ട്, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ഇന്നും പ്രതിഷേധങ്ങള്‍ മുന്നില്‍കണ്ട് അതീവ സുരക്ഷയിലാണ് ഡല്‍ഹി

'ഗ്യാനേഷ് ഇറ്റ്‌സ് ഡണ്‍ ബ്രോ'; നാലാം ദിവസവും ഇന്‍ഡ്യ മുന്നോട്ട്, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
dot image

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനം സ്തംഭിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം. ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്‍ഡ്യാസഖ്യം മാര്‍ച്ച് തീരുമാനിച്ചത്.

ഗ്യാനേഷ് കുമാറിനെതിരായ കുറ്റാരോപണം അടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയാണെങ്കിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 10 നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കിൽ വെെകിട്ട് മൂന്ന് മണിയോടെ പാർലമെന്‍റ് സെൻട്രൽ ഹാളിൽ സമ്മേളിച്ച് അവിടെ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് ആലോചന

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടത്. മൂന്നാം ദിവസമായ ഇന്നലെ പ്രതിഷേധ മാര്‍ച്ച് ഒഴിവാക്കിയെങ്കിലും ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സമാധാന ധര്‍ണയിരിക്കുകയും ചെയ്തിരുന്നു.

ഇന്നും പ്രതിഷേധങ്ങള്‍ മുന്നില്‍കണ്ട് അതീവ സുരക്ഷയിലാണ് ഡല്‍ഹി. തന്ത്രപ്രധാന മേഖലകളിലെല്ലാം കേന്ദ്രസേനയുടെ മുഴുവന്‍ സമയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി ഇന്ന് മാര്‍ച്ചിന്റെ ഭാഗമാകും. അഭിഷേക് ബാനര്‍ജി പങ്കെടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് മമത നേരിട്ട് എത്താമെന്ന് അറിയിക്കുകയായിരുന്നു.

ഇന്‍ഡ്യാസഖ്യം പ്രതിഷേധം ശക്തമാക്കുന്നതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടിയും നാളെ ഡല്‍ഹിയിലെത്തും. പൊലീസ് അനുമതി ലഭിച്ചിട്ടില്ല. മറ്റുനഗരങ്ങളില്‍ പ്രതിഷേധത്തിന് അനുമതി ലഭിച്ചെന്നും ഡല്‍ഹിയിലെ പ്രതിഷേധത്തിന് അമിത് ഷാ എന്തുകൊണ്ട് അനുമതി നല്‍കുന്നില്ലെന്നും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ ചോദിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് ഡിവെെഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ ലോക്ഭവൻ മാർച്ച് സംഘടിപ്പിക്കും.

Content Highlights: INDIA Bloc to Continue Protests in Delhi for Fourth Consecutive Day, Demanding Gyanesh Kumar’s Resignation

dot image
To advertise here,contact us
dot image