

വേനൽക്കാല അവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമായി വിമാനക്കമ്പനികളുടെ പുതിയ തീരുമാനം. യുഎഇയിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കമ്പനികൾ ഗണ്യമായ കുറവ് വരുത്തി. പശ്ചിമേഷ്യയിലെ പ്രാദേശിക സംഘർഷങ്ങളെ തുടർന്നുണ്ടായ ആകാശപാത നിയന്ത്രണങ്ങൾ നീങ്ങുകയും സർവീസുകൾ പൂർണ്ണമായി പുനസ്ഥാപിക്കുകയും ചെയ്തതോടെയാണ് ടിക്കറ്റ് നിരക്കുകൾ സാധാരണ നിലയിലായത്. മുൻവർഷങ്ങളിൽ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുതിച്ചുയരാറുള്ള സ്ഥാനത്താണ് ഇത്തവണ പ്രവാസികൾക്ക് അനുകൂലമായ മാറ്റമുണ്ടായിരിക്കുന്നത്.
കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പകുതിയോളം കുറവ് കേരളത്തിലേക്കുള്ള റൂട്ടുകളിലാണ് നിരക്കിൽ ഏറ്റവും വലിയ കുറവുണ്ടായിരിക്കുന്നത്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 25,000 രൂപയോളമാണ് കുറവ് വന്നിട്ടുള്ളത്. ഇൻഡിഗോ എയർലൈൻസ് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. സ്കൂളുകൾ അടയ്ക്കുന്ന ഈ സമയത്ത് കുടുംബസമേതം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ലാഭമാണ് ഇത് നൽകുന്നത്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രമുഖ വിമാനക്കമ്പനികളെല്ലാം യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇൻഡിഗോയ്ക്ക് പുറമെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ കമ്പനികളെല്ലാം സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ എത്തിയതോടെ സീറ്റുകളുടെ ലഭ്യത കൂടുകയും ഇത് വിപണിയിൽ ആരോഗ്യകരമായ മത്സരത്തിന് വഴിവെക്കുകയും ചെയ്തു. ഇതാണ് നിരക്കുകൾ ഇത്രത്തോളം താഴാൻ പ്രധാന കാരണം.
Content Highlights: Expatriates travelling from the UAE to Kerala can expect lower airfares during the holiday season. The drop in ticket prices is expected to benefit thousands of passengers planning vacations and family visits, making travel more affordable despite seasonal demand.