

യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് ഇതിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ സർവീസ് ആരംഭിക്കാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കി. ജൂൺ 30 ചൊവ്വാഴ്ച ഫുജൈറയിൽ നിന്നാണ് ഈ ചരിത്രപ്രസിദ്ധമായ കന്നിയാത്ര പുറപ്പെടുന്നത്. യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ ഈ ഉദ്ഘാടന യാത്ര വലിയ ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ് രാജ്യം.
കിഴക്കൻ തീര നഗരമായ ഫുജൈറയിൽ നിന്ന് തലസ്ഥാനമായ അബുദാബിയിലേക്ക് വെറും 105 മിനിറ്റ് (1 മണിക്കൂർ 45 മിനിറ്റ്) കൊണ്ട് എത്തിച്ചേരാനാകും എന്നതാണ് ഇതിഹാദ് റെയിലിന്റെ ഏറ്റവും വലിയ സവിശേഷത. ചൊവ്വാഴ്ച രാവിലെ 5:34-ന് ഫുജൈറയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ ഏഴരയോടെ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തും. ഉദ്ഘാടന യാത്രയെ വരവേൽക്കാൻ അബുദാബി സ്റ്റേഷനിൽ വിപുലമായ ക്രമീകരണങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
യാത്രാ തീയതിയും ബുക്കിങ്ങും പ്രഖ്യാപിച്ച് വെറും 48 മണിക്കൂറിനുള്ളിൽ 5,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ഉദ്ഘാടന ദിവസത്തെ ആദ്യ സർവീസുകളിലെ സീറ്റുകളെല്ലാം ഇതിനകം തന്നെ പൂർണ്ണമായി വിറ്റഴിഞ്ഞു കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ യുഎഇയിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത സൗജന്യ ആപ്ലിക്കേഷനായി 'ഇത്തിഹാദ് റെയിൽ' ആപ്പ് മാറി.
'കംഫർട്ട്', 'പ്രീമിയം' എന്നിങ്ങനെ രണ്ട് ക്ലാസുകളിലായാണ് ട്രെയിനിലെ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അതിവേഗ വൈ-ഫൈ, ആധുനിക ലൈറ്റിംഗ്, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സജ്ജീകരണങ്ങൾ ട്രെയിനുകളിലുണ്ടാകും. നിലവിൽ പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായി ഫുജൈറ-അബുദാബി യാത്രയ്ക്ക് കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് നിരക്ക്.
സ്ഥിരം യാത്രക്കാർക്കായി സീസൺ ടിക്കറ്റുകൾ അനുവദിക്കുന്നതും വിദ്യാർത്ഥികൾക്കും നിത്യയാത്രക്കാർക്കുമായി പ്രത്യേക നിരക്കിളവുകൾ നൽകുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്. അടുത്ത ഘട്ടങ്ങളിൽ ദുബായ്, ഷാർജ റൂട്ടുകൾ കൂടി ആരംഭിക്കുന്നതോടെ ആ സെക്ടറുകളിലെ നിരക്കുകളും പ്രഖ്യാപിക്കും.
Content Highlights: The UAE is set to witness a historic milestone with the inaugural journey of Etihad Rail just three days away. The much-awaited rail project is expected to transform passenger transportation, strengthen connectivity between emirates, and support the country's long-term economic and infrastructure goals.