കുവൈറ്റിലെ വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ തുടരുന്നു; ആകെ ജനസംഖ്യയുടെ 20 ശതമാനം

ആരോഗ്യരംഗം, നിർമ്മാണം, എണ്ണ-വാതകം, ഐ.ടി തുടങ്ങിയ പ്രമുഖ മേഖലകളിലെല്ലാം ഇന്ത്യൻ തൊഴിലാളികളുടെയും വിദഗ്ദ്ധരുടെയും സാന്നിധ്യം ശക്തമാണ്.

കുവൈറ്റിലെ വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ തുടരുന്നു; ആകെ ജനസംഖ്യയുടെ 20 ശതമാനം
dot image

കുവൈറ്റിൽ പ്രവാസി സമൂഹത്തിൽ ഏറ്റവും വലിയ സാന്നിധ്യമായി ഇന്ത്യക്കാർ തുടരുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കുവൈറ്റിലെ ആകെ ജനസംഖ്യ 5.31 ദശലക്ഷമാണ്. ഇതിൽ 1.56 ദശലക്ഷം പേർ കുവൈറ്റ് പൗരന്മാരും 3.74 ദശലക്ഷം പേർ പ്രവാസികളുമാണ്. പ്രവാസികളിൽ 10.6 ലക്ഷം പേരുമായി (1.06 ദശലക്ഷം) ഇന്ത്യക്കാരാണ് ഒന്നാമതുള്ളത്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും. പ്രവാസി സമൂഹത്തിൽ ഈജിപ്തും ബംഗ്ലാദേശുമാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. പ്രവാസികളിൽ ഭൂരിഭാഗവും 15-നും 64-നും ഇടയിൽ പ്രായമുള്ള തൊഴിൽശേഷിയുള്ള വിഭാഗമാണ്.

കുവൈറ്റിന്റെ തൊഴിൽ വിപണിയിൽ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം നിർണായകമാണ്. രാജ്യത്തെ ആകെ തൊഴിൽ ശക്തിയുടെ 28.8 ശതമാനവും ഇന്ത്യക്കാരാണ്. സ്വകാര്യ മേഖലയിലേക്ക് വരുമ്പോൾ ഇന്ത്യൻ പങ്കാളിത്തം 30.7 ശതമാനമായി ഉയരുന്നു. ആരോഗ്യരംഗം, നിർമ്മാണം, എണ്ണ-വാതകം, ഐ.ടി തുടങ്ങിയ പ്രമുഖ മേഖലകളിലെല്ലാം ഇന്ത്യൻ തൊഴിലാളികളുടെയും വിദഗ്ദ്ധരുടെയും സാന്നിധ്യം ശക്തമാണ്.

സ്ത്രീകൾ കൂടുതലായുള്ള ഗാർഹിക തൊഴിൽ മേഖലയിലും 39 ശതമാനത്തോടെ ഇന്ത്യക്കാർ തന്നെയാണ് മുൻപന്തിയിൽ. അതേസമയം, പൊതുമേഖലയിൽ തൊഴിലെടുക്കുന്നവരിൽ 74.7 ശതമാനവും കുവൈറ്റ് പൗരന്മാർ തന്നെയാണ്. രാജ്യത്തിന്റെ വിവിധ വികസന മേഖലകളിൽ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സംഭാവനകൾ കുവൈറ്റ് സാമ്പത്തിക രംഗത്തിന് വലിയ കരുത്താണ് പകരുന്നത്.

Content Highlights: The Indian community remains the largest expatriate group in Kuwait, representing around 20 percent of the country's total population. Indian nationals contribute significantly across sectors including healthcare, construction, education, trade, and domestic services, making them an integral part of Kuwait's economy and society.

dot image
To advertise here,contact us
dot image