കുവൈറ്റിൽ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ സംവിധാനം; നിരക്ക് വർദ്ധനവിൽ പ്രവാസി പ്രതിഷേധം

ജൂലൈ ഒന്നു മുതൽ ഇന്ത്യൻ എംബസി നേരിട്ട് നൽകിയിരുന്ന അടിയന്തര സേവനങ്ങൾ അവസാനിച്ചു.

കുവൈറ്റിൽ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ സംവിധാനം; നിരക്ക് വർദ്ധനവിൽ പ്രവാസി പ്രതിഷേധം
dot image

കുവൈറ്റിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ ഇന്ന് മുതൽ പുതിയ സംവിധാനം. ഡു ഡിജിറ്റൽ നടത്തുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയാണ് ഇനി മുതൽ സേവനങ്ങൾ ലഭ്യമാകുക. കുവൈറ്റ് സിറ്റി, ഫഹാഹീൽ, ദജീജ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതോടെ ജൂലൈ ഒന്നു മുതൽ ഇന്ത്യൻ എംബസി നേരിട്ട് നൽകിയിരുന്ന അടിയന്തര സേവനങ്ങൾ അവസാനിച്ചു.

എല്ലാ ദിവസവും രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെയാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തോ, നേരിട്ടെത്തിയോ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർ ആവശ്യമായ സേവന വിഭാഗം കൃത്യമായി തിരഞ്ഞെടുക്കണമെന്ന് എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ സേവന നിരക്കുകൾ കുത്തനെ കൂട്ടിയ നടപടിക്കെതിരെ പ്രവാസി സമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര സർക്കാർ നിശ്ചയിച്ച കോൺസുലർ ഫീസിനും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫീസിനും പുറമേ, അപേക്ഷയൊന്നിന് ആറ് കുവൈത്തീ ദിനാറാണ് ഡു ഡിജിറ്റൽ സർവീസ് ചാർജായി ഈടാക്കുന്നത്. മുമ്പ് ഇത് ഒരു ദിനാർ മാത്രമായിരുന്നു. അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ, പ്രിന്റിങ്, കൊറിയർ തുടങ്ങിയ മുമ്പ് ഐച്ഛികമായിരുന്ന സേവനങ്ങൾ പുതിയ സംവിധാനത്തിൽ നിർബന്ധിതമായി ഉൾപ്പെടുത്തിയാണ് നിരക്ക് ആറിരട്ടിയാക്കി ഉയർത്തിയത്.

ടെൻഡർ നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി മുമ്പ് ഡു ഡിജിറ്റലുമായുള്ള കരാർ റദ്ദാക്കിയിരുന്നു. ഈ വിധി സുപ്രീം കോടതി ശരിവെക്കുകയും മൂന്ന് മാസത്തിനകം പുതിയ ടെൻഡർ പൂർത്തിയാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിർദ്ദേശിക്കുകയും ചെയ്തു. അതുവരെ ഇടക്കാല സംവിധാനമെന്ന നിലയിൽ സേവനം നടത്താൻ കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് എംബസി താൽക്കാലികമായി ഡു ഡിജിറ്റലിനെ ചുമതലപ്പെടുത്തിയത്.

മുമ്പ് വലിയ പ്രതിഷേധത്തിന് വഴിവെച്ച അതേ നിരക്കുകൾ തന്നെ ഈടാക്കാൻ കമ്പനിക്ക് താൽക്കാലിക ചുമതല നൽകിയതിൽ പ്രവാസികൾ അതൃപ്തിയിലാണ്. നിരക്ക് വർദ്ധനവും നിർബന്ധിത സേവനങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും ഇന്ത്യൻ അംബാസഡർക്കും വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.

Content Highlights: A new system for Indian passport and visa services has been launched in Kuwait. The revised process is aimed at improving service delivery, but the accompanying increase in service charges has triggered protests and criticism from the Indian expatriate community, with many demanding a review of the revised fee structure.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us