

സ്വര്‍ണവിലയിലുണ്ടായ താൽക്കാലിക ആശ്വാസം നിക്ഷേപകരിൽ ആശങ്കയുയർത്തുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് പോയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ജനുവരിയിലെ സർവ്വകാല റെക്കോർഡിൽ നിന്ന് വലിയ ഇടിവുണ്ടായെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവില വലിയ തകർച്ചയിലേക്ക് പോകാതെ ഒരു നിശ്ചിത പരിധിയിൽ തുടരുകയാണ്. വിപണിയിലെ ഈ താത്കാലിക നിശ്ചലാവസ്ഥ കൂടുതൽ വലിയൊരു മുന്നേറ്റത്തിന് മുന്നോടിയായുള്ള ചുവടുവെപ്പാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിലയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും മാർക്കറ്റിന്റെ അടിത്തട്ടിൽ വിലഉയരുന്നതിന് ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഡെയ്‌ലി റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ് പരിശോധിക്കുമ്പോൾ വിൽപന സമ്മർദ്ദം കുറയുന്നതായി കാണാം. 'ബുള്ളിഷ് ഡൈവേർജൻസ്' (Bullish Divergence) ദൃശ്യമാകുന്നതോടെ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരാനുള്ള സാധ്യതയും ശക്തമാണ്.
സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുന്നതിൽ ലോകത്തെ കേന്ദ്ര ബാങ്കുകളാണ് നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026-ലെ സെൻട്രൽ ബാങ്ക് ഗോൾഡ് റിസർവ് സർവേ പ്രകാരം, 90% കേന്ദ്ര ബാങ്കുകളും വരും വർഷത്തിൽ ആഗോള സ്വർണശേഖരം വർധിക്കുമെന്ന് കരുതുന്നു. ഇതിൽ പകുതിയോളം ബാങ്കുകൾ തങ്ങളുടെ സ്വന്തം ശേഖരം ഉയർത്താൻ പദ്ധതിയിടുന്നു.
ചൈനയുടെ കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' 2026 ജൂണിൽ മാത്രം 15 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ 20 മാസമായി ചൈന തുടർച്ചയായി സ്വർണം വാങ്ങുന്നുണ്ട്. നിലവിൽ ചൈനയുടെ കരുതൽ ശേഖരത്തിൽ 2,346 ടൺ സ്വർണമുണ്ട്. വിപണിയിൽ വില കുറയുമ്പോൾ ദീർഘകാല നിക്ഷേപകർ അവസരം മുതലെടുക്കുന്ന കാഴ്ചയാണ് ചൈനയിൽ കാണുന്നത്. ആഭരണ ഡിമാൻഡ് കുറഞ്ഞപ്പോഴും സ്ഥാപന നിക്ഷേപകരും ഔദ്യോഗിക ഏജൻസികളും സ്വർണം വൻതോതിൽ വാങ്ങി ശേഖരിക്കുകയായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ കരുതൽ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വർണം വാങ്ങുന്നത് ക്രമേണ വർധിപ്പിച്ചിട്ടുണ്ട്. ഫിസിക്കൽ ഗോൾഡിന് പുറമേ ഗോൾഡ് ഇടിഎഫുകൾ സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവയിലൂടെ നിക്ഷേപകർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഹ്രസ്വകാല അടിസ്ഥാനത്തിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലോ പലിശ നിരക്കുകളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നിടത്തോളം സ്വർണത്തിന്റെ ദീർഘകാല നിക്ഷേപ സാധ്യതകൾ തികച്ചും സുരക്ഷിതമായി തന്നെ തുടരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Gold prices are currently moving in a consolidation phase after recent gains. Market experts believe this pause could be temporary and say the long-term outlook for gold remains positive. They advise investors to focus on long-term investment goals, citing gold's role as a safe-haven asset during periods of economic and geopolitical uncertainty.