

ബഹ്‌റൈൻ അതിർത്തി ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ബഹ്‌റൈൻ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇന്ന് പുലർച്ചെ 2:45 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയില്ലെങ്കിലും ബഹ്‌റൈൻ പ്രതിരോധ സേന അതീവ ജാഗ്രതയിൽ പ്രവർത്തിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തിയും സുപ്രധാന കേന്ദ്രങ്ങളും നിലവിൽ സുരക്ഷാ ഏജൻസികളുടെ കർശന നിരീക്ഷണത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.
ബഹ്‌റൈന്റെ അതിർത്തി ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഈ നീക്കത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. "രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വ്യക്തമായ ലംഘനമാണ് ഇറാന്റെ ഈ നടപടി. ജനങ്ങളുടെ സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ ഭീഷണിയാണിത്." - മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ബഹ്‌റൈൻ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രാദേശിക സുരക്ഷ, ഗൾഫ് മേഖലയിലെ സ്ഥിരത, ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികൾ, പ്രതിരോധ സഹകരണം എന്നിവയായിരുന്നു യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. യുഎസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സമാധാനം നിലനിർത്താനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണശ്രമം.
ഇറാന്റെ നടപടിയെ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ ശക്തമായി എതിർത്തു. മേഖലയിൽ സമാധാനവും സുരക്ഷയും പുനസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ചർച്ചകൾ തുടരുന്നതിനിടയിലുണ്ടായ ഈ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഗൾഫ് രാജ്യങ്ങൾ വിലയിരുത്തുന്നത്. ബഹ്‌റൈന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും ജിസിസി രാജ്യങ്ങൾ വ്യക്തമാക്കി. ഇതോടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും അന്താരാഷ്ട്ര തലത്തിൽ സജീവ ചർച്ചയായിരിക്കുകയാണ്.
Content Highlights: Iran has reportedly launched another drone attack attempt targeting Bahrain. The Bahraini military said it successfully intercepted the drones, preventing any major damage as regional tensions continue to rise.