2 മണിക്കൂര്‍ ആശുപത്രി ചികിത്സയ്ക്കും ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം; ഐആര്‍ഡിഎഐയുടെ പുതിയ തീരുമാനം

ഇത് അടിയന്തര ചികിത്സ, ചെറിയ ശസ്ത്രക്രിയകള്‍, ഹ്രസ്വകാല ആശുപത്രി ചികിത്സ എന്നിവയ്ക്ക് വലിയ ആശ്വാസമാകും

2 മണിക്കൂര്‍ ആശുപത്രി ചികിത്സയ്ക്കും ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം; ഐആര്‍ഡിഎഐയുടെ പുതിയ തീരുമാനം
dot image

ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കണമെങ്കില്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന വ്യവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇനി മുതല്‍ 2 മണിക്കൂര്‍ ആശുപത്രിയില്‍ കഴിഞ്ഞാലും രോഗിക്ക് ക്ലെയിം ലഭിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച നിയമത്തില്‍ സുപ്രധാന മാറ്റമാണ് വരുത്തിയത്.

പുതിയ ചട്ടപ്രകാരം, കുറഞ്ഞത് രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കഴിഞ്ഞാല്‍, പോളിസിയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കാം. ഇത് അടിയന്തര ചികിത്സ, ചെറിയ ശസ്ത്രക്രിയകള്‍, ഹ്രസ്വകാല ആശുപത്രി ചികിത്സ എന്നിവയ്ക്ക് വലിയ ആശ്വാസമാകും.

നേരത്തെയുള്ള നിയമം

മുന്‍പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ക്ലെയിം ലഭിക്കാന്‍ കുറഞ്ഞത് 24 മണിക്കൂര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയെത്തുടര്‍ന്ന്, മുമ്പ് ഒരു ദിവസം ആശുപത്രിയില്‍ കിടക്കേണ്ട ചികിത്സകള്‍ ഇന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഈ മാറ്റത്തിന്റെ ഗുണങ്ങള്‍

2 മണിക്കൂര്‍ ആശുപത്രി നിരീക്ഷണത്തിന് ശേഷവും ക്ലെയിം ലഭിക്കും. ഡേ-കെയര്‍ ചികിത്സകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ലഭിക്കുന്നത് ഗുണകരമാകും. രോഗികള്‍ക്ക് സ്വന്തം പണം ചെലവഴിക്കേണ്ട സാഹചര്യം കുറയുന്നതോടൊപ്പം ആശുപത്രിയില്‍ അനാവശ്യമായി രാത്രി തങ്ങേണ്ട ആവശ്യവും ഒഴിവാകും.

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നേട്ടം

അതേസമയം, കുറഞ്ഞ സമയം ആശുപത്രിയില്‍ കഴിയുന്നതിലൂടെ ആശുപത്രി ബില്‍ കുറയുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ചെലവ് നിയന്ത്രിക്കാനാകും. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍ ഒരു ദിവസത്തെ ആശുപത്രി ചെലവ് 15,000 മുതല്‍ 30,000 വരെ എത്തുന്ന സാഹചര്യത്തില്‍ ഈ മാറ്റം ഇരുകൂട്ടര്‍ക്കും ഗുണകരമാകും.

Content Highlights: IRDAI has eased health insurance rules by allowing claims for hospital stays as short as two hours, making emergency and day-care treatments more accessible and financially secure for policyholders

dot image
To advertise here,contact us
dot image